ജില്ല പഞ്ചായത്ത്; യോഗം ചേരുന്നത് ആരുടെ സൗകര്യത്തിനനുസരിച്ച്?
text_fieldsകോഴിക്കോട്: യോഗം ചേരുന്നത് ജീവനക്കാരുടെ സൗകര്യത്തിനോ അതോ ജനപ്രതിനിധികളായ ചെയർപേഴ്സന്റെയും അംഗങ്ങളുടെയും സൗകര്യത്തിനനുസരിച്ചോ എന്നതായിരുന്നു തിങ്കളാഴ്ച നടന്ന ജില്ല പഞ്ചായത്ത് യോഗത്തിലുയർന്ന ചോദ്യം. ആരോഗ്യ സ്ഥിരംസമിതി യോഗം കൃത്യസമയത്ത് നടക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന ചർച്ചയിലാണ് ഈ ചോദ്യം ഉയർന്നത്. ഈ മാസം 18ന് തീരുമാനിച്ച യോഗം ഉദ്യോഗസ്ഥരുടെ അസൗകര്യംമൂലം മാറ്റിവെച്ചു എന്നായിരുന്നു പരാതി. പിന്നീട് 21ന് തീരുമാനിച്ചതായി പറയപ്പെടുന്നുണ്ടെങ്കിലും അംഗങ്ങളെ അറിയിച്ചില്ല.
ജില്ല പഞ്ചായത്ത് യോഗം നടക്കുന്ന അതേദിവസം ഒരു മണിക്കൂർ മുമ്പ് രാവിലെ 10 മണിക്ക് വീണ്ടും കമ്മിറ്റി ചേരാൻ തീരുമാനിച്ചു. ചൊല്ലിക്കഴിക്കൽ പോലെ ഇത്തരത്തിൽ യോഗം നടത്തുന്നതെന്തിന് എന്നായിരുന്നു നാസർ എസ്റ്റേറ്റ്മുക്കിന്റെ ചോദ്യം. അംഗങ്ങളുടെ പ്രിവിലേജ് നഷ്ടപ്പെടുത്തുന്ന രീതിയിൽ നടക്കുന്ന യോഗങ്ങൾ അവകാശ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ഭരണഘടനാവിരുദ്ധമാണെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും മുക്കം മുഹമ്മദും അഭിപ്രായപ്പെട്ടു.
ആരോഗ്യ സ്ഥിരംസമിതിയിൽ എല്ലാവരും വലിയ നേതാക്കളാണ്. അവരുടെ സൗകര്യം നോക്കിയാണ് യോഗം നടത്താറുള്ളതെന്നും യോഗം തീരുമാനിച്ച ദിവസം ഉദ്യോഗസ്ഥരുടെ യോഗം മാറ്റിവെക്കേണ്ട സാഹചര്യമുണ്ടായതിന് സെക്രട്ടറി ഉത്തരം പറയണമെന്നായിരുന്നു ചെയർപേഴ്സൻ നിഷ പുത്തൻപുരയിലിന്റെ മറുപടി. വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും മേലിൽ ഇത്തരം അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രമിക്കുമെന്നും പ്രസിഡന്റ് ഷീജ ശശി ഉത്തരം പറഞ്ഞതോടെ പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു.
യോഗം തുടരവെ അംഗങ്ങളായ ദുൽഖിഫിലും വൈസ് പ്രസിഡന്റ് പി. ഗവാസും തമ്മിൽ അൽപനേരം വാക്കുതർക്കമുണ്ടായി. ജില്ല വെറ്ററിനറി ആശുപത്രിയിലേക്ക് സിറിഞ്ചും മറ്റ് ഉപകരണങ്ങളും വാങ്ങുന്നത് ക്രമപ്രകാരമല്ലെന്നായിരുന്നു ദുൽഖിഫിലിന്റെ വാദം. സംഭവമെന്താണെന്ന് പ്രസിഡന്റ് ചോദിച്ചപ്പോൾ അത് സെക്രട്ടറിക്ക് മനസ്സിലായിട്ടുണ്ടെന്നായിരുന്നു മറുപടി. ഇത് ചെയറിനെ അധിക്ഷേപിക്കലാണെന്ന് പറഞ്ഞ് പി. ഗവാസ് ഇടപെട്ടതോടെ രംഗം ചൂടുപിടിച്ചു. വാഗ്വാദങ്ങൾക്കൊടുവിൽ പ്രതിപക്ഷ നേതാവ് ഐ.പി. രാജേഷ് ആരും പ്രസിഡന്റിനെ അധിക്ഷേപിച്ചിട്ടില്ലെന്നും ബഹുമാനമാണെന്നും പറഞ്ഞതോടെ ബഹളം അവസാനിച്ചു.
ജില്ല പഞ്ചായത്തിന് കീഴിൽ വരുന്ന സ്കൂളുകളിൽ കൗൺസിലർമാരെ നിയമിക്കുന്നതിനായി 400 പേരുമായി അഭിമുഖം നടത്തി മാസങ്ങൾ കഴിഞ്ഞിട്ടും ഒരാളെപോലും നിയമിക്കാൻ കഴിയാത്തതിനെക്കുറിച്ചും ജില്ലയിലെ വിദ്യാർഥികൾക്ക് ഐ.എ.എസ് കോച്ചിങ്, എൻട്രൻസ് കോച്ചിങ് എന്നിവ നൽകുന്നതിനായി 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തിയ ഉന്നതവിദ്യാഭ്യാസ പദ്ധതിയെക്കുറിച്ചും ചോദ്യങ്ങളുയർന്നു. സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് ഉടൻ തുടങ്ങാനാകുമെന്ന് പ്രസിഡന്റ് ഉത്തരം നൽകി.
ജില്ല പഞ്ചായത്ത് മീറ്റിങ് ഹാൾ നിർമാണത്തിനായി 1.2 കോടി രൂപ അനുദിച്ചു. രണ്ടര മാസത്തിനുള്ള പദ്ധതി പൂർത്തീകരിക്കും. വെള്ളയിൽ, ചേമഞ്ചേരി, വെള്ളറക്കാട്, ഇരിങ്ങൽ, നാദാപുരം റോഡ്, മുക്കാളി എന്നിവിടങ്ങളിലെ പാസഞ്ചർ ട്രെയിൻ സ്റ്റോപ്പുകൾ കോവിഡിനെ തുടർന്ന് നിർത്തലാക്കിയത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എം.പി. ശിവാനന്ദൻ പ്രമേയം അവതരിപ്പിച്ചു. ധനീഷ് ലാൽ, സി.എം. യശോദ, പി.ടി.എം. ഷറഫുന്നീസ, സുരേഷ് കൂടത്താങ്കണ്ടി, രാജീവ് പെരുമൺപുറ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.