ജില്ല പഞ്ചായത്ത് കൗൺസിൽ യോഗം; ജില്ല പഞ്ചായത്തിന് വരുമാനം വർധിപ്പിക്കാൻ പ്രത്യേക കമ്മിറ്റി
text_fieldsകോഴിക്കോട്: ജില്ല പഞ്ചായത്തിന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചു. തനത് വരുമാനം വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുക, അത് നടപ്പാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റും ധനകാര്യ സ്ഥിരംസമിതി അധ്യക്ഷനുമായ പി. ഗവാസായിരിക്കും വരുമാന വര്ധനക്കമ്മിറ്റിയുടെ ചെയര്മാൻ. ഫിനാന്‍സ് ഓഫിസറാണ് കണ്‍വീനർ. വ്യാഴാഴ്ച ചേര്‍ന്ന ജില്ല പഞ്ചായത്ത് യോഗം സമിതി രൂപവത്കരണത്തിനും തുടര്‍ നടപടികള്‍ക്കും അംഗീകാരം നല്കി.
ജില്ല പഞ്ചായത്ത് ഓഫിസ് പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് ധനകാര്യ സ്ഥിരംസമിതിയുടെ നേതൃത്വത്തില്‍ പ്രധാന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഓഫിസ് സെക്രട്ടേറിയറ്റ് രൂപവത്കരിക്കാനും തീരുമാനിച്ചു. എല്ലാ ചൊവ്വാഴ്ചയും യോഗം ചേരും. ഇത്രയും കാലം ജില്ല പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്തിയ ജീവനക്കാരെ അപമാനിക്കുന്നതാണ് ഈ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് ഐ.പി. രാജേഷ് കുറ്റപ്പെടുത്തി. ജീവനക്കാരുടെകൂടി ആവശ്യപ്രകാരമാണ് ഈ തീരുമാനമെന്നായിരുന്നു ഗവാസിന്റെ മറുപടി. പഴയ ജീവനക്കാരില്‍ മിക്കവരും സ്ഥലം മാറിപ്പോവുകയും മറ്റു വകുപ്പുകളില്‍നിന്ന് മാറിയെത്തിയ പുതിയ ജീവനക്കാരില്‍ മിക്കവര്‍ക്കും പദ്ധതി പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരിചയക്കുറവുണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ സംവിധാനം ഉണ്ടാക്കുന്നതെന്നും ഗവാസ് പറഞ്ഞു.
വിനോദ സഞ്ചാരമേഖലയായി വളരുന്ന തോണിക്കടവ്, കരിയാത്തും പാറ പ്രദേശങ്ങളിലേക്കുള്ള കല്ലാനോട് തുരുത്തി മുക്ക് റോഡ് പൊട്ടിപ്പൊളിഞ്ഞ പ്രശ്നം പലതവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഗണിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് നാസര്‍ എസ്റ്റേറ്റ് മുക്ക് പറഞ്ഞു.
വാർഷിക പദ്ധതിയിൽ 25 ലക്ഷം രൂപ റോഡിനായി അനുവദിച്ചിരുന്നു. എന്നാൽ റോഡിന്റെ ചെറിയൊരു ഭാഗം മാത്രമാണ് പണി പൂർത്തിയാക്കിയിട്ടുള്ളത്. ബാക്കിവരുന്ന ഭാഗം വളരെ ശോച്യാവസ്ഥയിൽ തുടരുകയാണ്. ഇക്കാര്യങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കാമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പ് നല്കി.
വടകരയിലെ ഗവ. ജില്ല ആശുപത്രിയില്‍ താൽകാലിക ജീവനക്കാര്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ട വിഷയം വി.പി. ദുല്‍ഖിഫില്‍ ഉന്നയിക്കാന്‍ ശ്രമിച്ചെങ്കിലും പ്രസിഡന്റ് ഷീജ ശശി അനുവദിച്ചില്ല.
അജണ്ടയിൽ ഉൾപ്പെടുത്താത്ത വിഷയങ്ങൾ ചർച്ച ചെയ്യാൻ കഴിയില്ലെന്നായിരുന്നു നിലപാട്. അടുത്ത യോഗത്തിൽ വിഷയം ചർച്ച ചെയ്യാമെന്നും പ്രസിഡന്റ് ഉറപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.