ജില്ല പഞ്ചായത്തിന്റെ ഓക്സിജൻ കോൺസൻട്രേറ്റർ: കൂടുതൽ ലഭിച്ചത് സി.പി.എം നിയന്ത്രിത സംഘടനകൾക്ക്
text_fieldsകോഴിക്കോട്: ജില്ല പഞ്ചായത്തിന്റെ സൗജന്യ ഓക്സിജൻ കോൺസൻട്രേറ്റർ കൂടുതലും ലഭിച്ചത് സി.പി.എം നിയന്ത്രണത്തിലുള്ള പാലിയേറ്റിവ് കെയർ സെന്ററുകൾക്ക്. ജീവകാരുണ്യ പ്രസ്ഥാനങ്ങള്‍, ട്രസ്റ്റുകള്‍, ചാരിറ്റബിള്‍ സൊസൈറ്റികള്‍ തുടങ്ങിയവക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പെയിന്‍ ആൻഡ് പാലിയേറ്റിവ് സെന്ററുകള്‍ക്ക് ഓക്സിജന്‍ കോണ്‍സൻട്രേറ്ററുകള്‍ നൽകുന്നതാണ് പദ്ധതി. 234-ഓളം സൊസൈറ്റികളില്‍ നിന്ന് തെരഞ്ഞെടുത്ത 130 സെന്ററുകള്‍ക്കാണ് കോണ്‍സന്‍ട്രേറ്ററുകള്‍ നല്‍കുന്നത്. ഇതിൽ 53 എണ്ണം പ്രത്യക്ഷത്തിൽ സി.പി.എം നിയന്ത്രണത്തിലുള്ള സുരക്ഷ, ഇ.എം.എസ്, എ.കെ.ജി തുടങ്ങിയ പേരിലുള്ള സംഘടനകൾക്കാണ്. ഇവയിൽ പലതും ഹോംകെയർ സർവിസ് നടത്താത്ത യൂനിറ്റുകളാണ് എന്ന പരാതിയുണ്ട്. അതേസമയം ഹോം കെയർ ഉൾപ്പെടെ വർഷങ്ങളായി പാലിയേറ്റിവ് പ്രവർത്തനം കാര്യക്ഷമമായി നടത്തുന്ന യൂനിറ്റുകൾ ആവശ്യത്തിന് ഓക്സിജൻ കോൺസൻട്രേറ്റർ ഇല്ലാതെ പ്രയാസത്തിലാണ്.
കമ്യൂണിറ്റി പാലിയേറ്റിവ് ക്ലിനിക്കുകൾ പോലെ നാട്ടിലെങ്ങും സജീവമായ യൂനിറ്റുകളുണ്ട്. ഇതുപയോഗിക്കുന്ന പലർക്കും ആജീവനാന്തം ആവശ്യമുള്ളവരായിരിക്കും. അർഹരായവർക്ക് യഥാസമയം ഓക്സിജൻ കോൺസൻട്രേറ്റർ ലഭിക്കാതെ പ്രയാസപ്പെടുന്നുണ്ട്. വില കൂടിയ ഉപകരണമായതിനാൽ പാവപ്പെട്ടവർക്ക് വാങ്ങാനാവില്ല. പലരും വാടകക്ക് എടുത്താണ് ജീവൻ നില നിർത്തുന്നത്. കാര്യക്ഷമമായി പ്രവർത്തിക്കുന്ന യൂനിറ്റുകൾക്ക് കൂടുതൽ പരിഗണന നൽകണമെന്നാണ് ആവശ്യം. കോർപറേഷൻ, മുനിസിപ്പാലിറ്റികളിൽ പ്രവർത്തിക്കുന്ന പാലിയേറ്റിവുകൾക്ക് ജില്ലപഞ്ചായത്തിന്റെ പദ്ധതികൾ ചട്ടമനുസരിച്ച് ലഭിക്കില്ല. സി.പി.എം മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ജീവകാരുണ്യമേഖലയിൽ സജീവമാവുന്നുണ്ട്. നേരത്തെ ജില്ലയിൽ പല പേരിലാണ് സി.പി.എം നിയന്ത്രിത പാലിയേറ്റിവ് യൂനിറ്റുകൾ പ്രവർത്തിച്ചിരുന്നത്.
നിലവിൽ അതിന് ഏകോപനം ഉണ്ടാക്കിയിട്ടുണ്ട്. സർക്കാറിന്റെ ഇത്തരം ആനുകൂല്യങ്ങളെല്ലാം പാർട്ടി കരങ്ങളിലൂടെ ജനങ്ങളിലേക്കെത്തിക്കുക എന്ന നയമാണ് ഓക്സിജന്‍ കോണ്സന്ട്രേറ്റര് വിതരണത്തിലും ഉണ്ടായിരിക്കുന്നത് എന്നാണ് വിമർശനം. സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത ഉപകരണങ്ങളാണ് വിതരണം ചെയ്തത്. ഇവക്ക് ഗുണനിലവാരം കുറവാണ് എന്ന പരാതിയുമുണ്ട്.
അനുവദിച്ചത് രജിസ്റ്റർ ചെയ്ത പാലിയേറ്റിവ് കെയർ സെന്ററുകൾക്ക് -ജില്ല പഞ്ചായത്ത് സെക്രട്ടറി
കോഴിക്കോട്: ജില്ല പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത പാലിയേറ്റിവ് കെയർ സെന്ററുകളിൽ നിന്ന് സൂക്ഷ്മപരിശോധന നടത്തി തെരഞ്ഞെടുത്ത യൂനിറ്റുകൾക്കാണ് ഓക്സിജന്‍ കോണ്സന്ട്രേറ്റര് വിതരണം നടത്തിയതെന്ന് ജില്ല പഞ്ചായത്ത് സെക്രട്ടറി ടി. അഹ്മദ് കബീർ മാധ്യമത്തോടു പറഞ്ഞു. എല്ലാം സുതാര്യമായ നടപടികളാണ്. രജിസ്റ്റർ ചെയ്തവർക്കേ കൊടുക്കാൻ നിർവാഹമുള്ളൂ. ആദ്യഘട്ടത്തില്‍ 51 യൂനിറ്റുകൾക്കാണ് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വിതരണം ചെയ്തത്. ബാക്കി എണ്ണം കൂടി വിതരണം പൂർത്തിയാവുന്നതോടെ പരാതി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.