കലയുടെ ചിലമ്പൊലിക്ക് വടകര റെഡി
text_fieldsകോഴിക്കോട്: പ്രളയവും കോവിഡും കടന്ന് നാലുവർഷത്തിന് ശേഷമെത്തുന്ന ജില്ല സ്കൂൾ കലോത്സവത്തെ പൂർണമായി വരവേൽക്കാൻ വടകര ഒരുങ്ങിക്കഴിഞ്ഞു.
2018ൽ പ്രളയത്തിന്റെ കാലത്ത് പരിമിതപ്പെടുത്തി നടത്തിയ കലോത്സവത്തിന്റെ കടം വീട്ടാനുള്ള തയാറെടുപ്പിലാണ് വടകരക്കാർ. കനത്ത പ്രളയത്തിന്റെ കാലത്ത് ഇനങ്ങൾ വെട്ടിക്കുറച്ചും യു.പി വിഭാഗങ്ങളിലെ മത്സരങ്ങൾ ഒഴിവാക്കിയുമാണ് കലോത്സവം നടന്നതെങ്കിൽ ഇക്കുറി ഒട്ടും വെട്ടിക്കുറവുകളില്ലാതെ പൂർണമായാണ് കലോത്സവം നടത്തുന്നത്.
നഗരത്തിലെ 19 വേദികളിലായി അഞ്ച് ദിവസമായാണ് മത്സരങ്ങൾ നടക്കുക. സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിലാണ് പ്രധാന വേദി. വടകര ടൗൺ ഹാൾ, ടെക്നിക്കൽ ഹൈസ്കൂൾ, എം.ഇ.എം വി.എച്ച്.എസ്.എസ് തുടങ്ങിയവയാണ് മറ്റ് പ്രധാന വേദികൾ. നഗരത്തിലെ മറ്റു സ്കൂളുകളും മത്സര വേദികളാണ്. നവംബർ 26ന് സെന്റ് ആന്റണീസിലും ബി.ഇ.എം സ്കൂളിലുമായി സജ്ജീകരിച്ച 21 വേദികളിലായി സ്റ്റേജിതര മത്സരങ്ങൾ നടക്കും.
300ലേറെ ഇനങ്ങളിൽ 8000ത്തോളം കലാകാരന്മാർ മാറ്റുരക്കും. പൊതു വിദ്യാഭ്യാസ ഡയറക്ടർ അംഗീകരിച്ച പാനലിൽനിന്നുള്ള വിധികർത്താക്കളാണ് മത്സര ജേതാക്കളെ തീരുമാനിക്കുക.
ശ്രീനാരായണ എൽ.പി സ്കൂളിലാണ് ഭക്ഷണശാല ഒരുക്കുന്നത്. ഓരോ നേരവും പതിനായിരത്തോളം പേർക്ക് ഭക്ഷണം ഒരുക്കും. നവംബർ 21ഓടെ ഉപജില്ല കലോത്സവങ്ങൾ പൂർണമാകുന്നതോടെ മത്സരാർഥികളുടെ പട്ടിക ഓൺലൈൻ വഴി ലഭ്യമാകുമെന്ന് പ്രോഗ്രാം കമ്മിറ്റി കൺവീനർ വിനോദ് അറിയിച്ചു. 28ന് രാവിലെ സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിലെ പ്രധാന വേദിയിൽ പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കെ.കെ. രമ എം.എൽ.എ അധ്യക്ഷത വഹിക്കും. സമാപന സമ്മേളനം കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.