ജില്ല സ്കൂൾ കായികമേള; 13ാം കിരീടത്തിൽ മുത്തമിട്ട് മുക്കം
text_fieldsകോഴിക്കോട്: ട്രാക്കിലും ഫീൽഡിലും ആധിപത്യം വിട്ടുകൊടുക്കില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ച് ജില്ല സ്കൂൾ കായിക മേളയിൽ തുടർച്ചയായ 13ാം തവണയും കിരീടത്തിൽ മുത്തമിട്ട് മുക്കം സബ് ജില്ല. കോഴിക്കോട് മെഡിക്കൽ കോളജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ മൂന്നു ദിവസങ്ങളിലായി നടന്ന മത്സരത്തിൽ 275 പോയന്റുമായാണ് മുക്കം ഓവറോൾ കിരീടം നിലനിർത്തിയത്.
ആദ്യദിനത്തിൽ നേടിയ മേൽകൈ മുക്കം അവസാനം വരെ നിലനിർത്തി. 32 സ്വർണവും 22 വെളിയും 24 വെങ്കലവുമായാണ് കിരീടം നിലനിർത്തിയത്. പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്.എച്ച്.എസാണ് മുക്കത്തിന്റെ വിജയശിൽപി. 213 പോയന്റുമായി പേരാമ്പ്രയാണ് രണ്ടാമത്. 24 സ്വർണവും 13 വെള്ളിയും 18 വെങ്കലവും നേടി. ബാലുശേരി 90 പോയന്റുമായി മൂന്നാമതായി. കോഴിക്കോട് സിറ്റി 73 പോയന്റുമായി നാലാമതുമാണ്. സ്കൂളുകളിൽ തുടർച്ചായി 15ാം തവണയും പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്.എച്ച്.എസ് ഓവറോൾ കിരീടം നിലനിർത്തി. 25 സ്വർണവും 12 വെള്ളിയും 15 വെങ്കലവുമായി 176 പോയന്റുമായാണ് തേരോട്ടം.
കടുത്ത പോരാട്ടം കാഴ്ചവെച്ച് 125 പോയന്റുമായി കുളത്തുവയൽ സെന്റ് ജോർജ്സ് എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും നേടി. 18 സ്വർണവും എട്ട് വെള്ളിയും 11 വെങ്കല മെഡലാണ് നേടിയത്. 74 പോയന്റുമായി പൂവമ്പായി എ.എംഎച്ച്.എസ് മൂന്നാം സ്ഥാനത്തെത്തി. മൂന്ന് സ്വർണ മെഡൽ അടക്കം 26 പോയന്റുമായി ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂർ നാലാം സ്ഥാനത്തുമാണ്.
സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും അഹമ്മദ് ദേവർ കോവിൽ എം.എൽ.എ നിർവഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ കമാൽ വരദൂർ മുഖ്യാതിഥിയായി. കോഴിക്കോട് ഡി.ഡി.ഇ സി. മനോജ് കുമാർ, പി.സി. ദിലീപ് കുമാർ, ഡോ. ഷിംജിത്ത്, പി.ടി അഗസ്റ്റിൻ, ആർ.കെ. ഷാഫി, മുക്കം എ.ഇ.ഒ ദീപ്തി, ടി.കെ. നൗഷാദ്, ഐ. സൽമാൻ എന്നിവർ സംസാരിച്ചു.
'ശകുനം മാറാതെ' ജാവലിൻ; വാടിത്തളർന്ന് വിദ്യാർഥികൾ
കോഴിക്കോട്: സ്കൂൾ കായികമേളയിൽ കേടായ ജാവലിനുമായി സംഘാടകർ പരീക്ഷണത്തിനിറങ്ങിയപ്പോൾ പൊരിവെയിലിൽ വാടിത്തളർന്ന് വിദ്യാർഥികൾ. രാവിലെ ജൂനിയർ ഗേൾസ് ജാവലിൻ ത്രോ മത്സരം തുടങ്ങി അൽപസമയത്തിനികം ജാവലിൻ പൊട്ടി. ഇതോടെ മത്സരം നിർത്തിവെച്ചു. പിന്നീട് പുതിയ ജാവലിൻ എത്തിച്ചു. എന്നാൽ. 500 ഗ്രാം ഭാരമുള്ള ജാവലിന്‍ പകരം എത്തിച്ചത് 600 ഗ്രാം ജാവലിൻ. ഇതുമായി വിദ്യാർഥികൾ മത്സരം തുടർന്നെങ്കിലും രക്ഷിതാക്കളിൽ ഒരാൾ പരാതിയുമായി രംഗത്തെത്തിയതോടെ വീണ്ടും മത്സരം നിർത്തിവെച്ചു.
ശേഷം 500 ഗ്രാം തൂക്കമുള്ള ജാവലിൻ എത്തിച്ച് മത്സരം പുനരാരംഭിച്ചു. എന്നാൽ, സീനിയർ പെൺകുട്ടികളുടെ മത്സരത്തിനിടെ ഈ ജാവലിനും വളഞ്ഞതായും അത് ഉപയോഗിച്ചാണ് കുട്ടികൾ മത്സരിച്ചതെന്നും രക്ഷിതാക്കൾ പറഞ്ഞു. മത്സരാർഥികൾ മണിക്കൂറുകളോളമാണ് പൊരിവെലിയിലത്ത് കുടുങ്ങിയത്. മത്സരം നടക്കുന്ന ഗ്രൗണ്ടിൽ കയറിനിൽക്കാൻ തണൽ പോലുമില്ലായിരുന്നു. ജൂനിയർ ഗേൾസ് മത്സരം കഴിഞ്ഞ് സീനിയർ ഗേൾസിന്റെ മത്സരത്തിനായി മൂന്നു മണിക്കൂർ കാത്തുനിൽക്കേണ്ടിവന്നെന്നും മത്സരാർഥികൾ പറഞ്ഞു.
ഈ നേട്ടം നിവേദിന് സ്വന്തം
കോഴിക്കോട്: ഉപദേശിക്കാനോ നിർദേശിക്കാനോ ആരും കൂടെയില്ല. വൈകുന്നേരങ്ങളിൽ ചോമ്പാല കടപ്പുറത്തെ പൂഴിയിൽ എറിഞ്ഞു പഠിച്ചപോലെ സ്റ്റേഡിയത്തിലും നിവേദ് അങ്ങ് എറിഞ്ഞു. ജാവലിൻ ചെന്നുപതിച്ചത് 42.79 മീറ്റർ അകലെ. കിട്ടിയത് സ്വർണ മെഡലും. മടപ്പള്ളി ജി.വി.എച്ച്.എസ്.എസിലെ പി.എസ്. നിവേദാണ് സീനിയർ ബോയ്സ് ജാവലിൻ ത്രോയിൽ കോച്ചിന്റെ വിദഗ്ധ പരിശീലനമില്ലാതെ സ്വർണം നേടിയത്. വിദഗ്ധ പരിശീലനം അത്യാവശ്യമുള്ള ഇനമാണിതെന്നറിഞ്ഞിട്ടും സ്പോർട്സ് മാൻ സ്പിരിറ്റോടെ നിവേദ് സ്വയം കോച്ചായി. യൂട്യൂബ് വിഡിയോകളും സ്വയം മനസ്സിലാക്കിയ അറിവുമായിരുന്നു നിവേദിന്റെ കൈമുതൽ. മറ്റ് മത്സാരാര്‍ഥികളെ ബഹുദൂരം പിന്നിലാക്കിയാണ് സ്വര്‍ണനേട്ടം.
സ്കൂള്‍ വിട്ട് വൈകീട്ടും അവധി ദിവസങ്ങളിലും ചോമ്പാല കടപ്പുറത്ത് എത്തിയായിരുന്നു പരിശീലനം. വെൽഡിങ് തൊഴിലാളിയായ പിതാവ് കെ.കെ. സനോജ് ആയിരുന്നു പരിശീലനത്തിന് കൂടെ പോയിരുന്നത്. പിന്തുണയുമായി മാതാവ് നിഷയും സഹോദരന് നീരജും കൂടെനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.