ജില്ല ശാസ്ത്രമേളക്ക് കൊടിയിറക്കം
text_fieldsകോഴിക്കോട്: രണ്ടുദിവസം നീണ്ടുനിന്ന റവന്യൂ ജില്ല ശാസ്ത്രമേള കൊടിയിറങ്ങിയപ്പോൾ മുക്കം ഉപജില്ല ഓവറോൾ ചാമ്പ്യന്മാരായി. 1024 പോയന്‍റാണ് മുക്കം ഉപജില്ലക്ക് ലഭിച്ചത്. 977 പോയന്‍റോടെ കോഴിക്കോട് സിറ്റി രണ്ടാം സ്ഥാനത്തും 897 പോയന്‍റോടെ പേരാമ്പ്ര മൂന്നാം സ്ഥാനത്തുമെത്തി.
സ്കൂളുകളിൽ മേമുണ്ട ഹയർ സെക്കൻഡറി സ്കൂളാണ് ഒന്നാം സ്ഥാനത്തെത്തിയത്- 430 പോയന്‍റ്. 347 പോയന്‍റോടെ ചക്കാലക്കൽ എച്ച്.എസ് മടവൂർ രണ്ടാം സ്ഥാനവും 250 പോയന്‍റോടെ സിൽവർ ഹിൽസ് എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലെ തിരഞ്ഞടുക്കപ്പെട്ട 5700ഓളം വിദ്യാർഥികൾ ശാസ്ത്രമികവുകൾ പ്രകടമാക്കിയ ശാസ്ത്ര-ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേള നിശ്ചയിച്ചതിലും ഒരുദിവസം മുമ്പ് അവസാനിച്ചു. മേള നടത്തിപ്പിനെക്കുറിച്ച് വലിയ പരാതികളാണ് ഉയർന്നത്. 157 ഇനങ്ങളിലാണ് മത്സരം നടന്നത്. നന്മണ്ട ഹയർ സെക്കന്‍ഡറി സ്‌കൂളായിരുന്നു പ്രധാന വേദി.
ശാസ്ത്ര, ഗണിതശാസ്ത്ര മേളകള്‍ കോക്കല്ലൂര്‍ ഗവ. ഹയർ സെക്കന്‍ഡറി സ്‌കൂളിലും പ്രവൃത്തിപരിചയ, സാമൂഹ്യശാസ്ത്ര മേളകള്‍ നന്മണ്ട ഹയർ സെക്കന്‍ഡറിയിലും ഐ.ടി മേള നന്മണ്ട 14ലെ സരസ്വതി വിദ്യാമന്ദിര്‍ സ്‌കൂളിലുമാണ് നടന്നത്.
കോക്കല്ലൂർ സ്കൂളിൽ രണ്ടാം ദിവസമായ വെള്ളിയാഴ്ച നമ്പർ ചാർട്ട്, ജ്യോമെട്രിക്കൽ ചാർട്ട്, അദർ ചാർട്ട്, സ്റ്റിൽ മോഡൽ, വർക്കിങ് മോഡൽ, പ്യുവർ കൺസ്ട്രക്ഷൻ, അപ്ലൈഡ് കൺസ്ട്രക്ഷൻ, പസിൽസ്, ഗെയിംസ്, സിംഗ്ൾ പ്രോജക്ട്, ഗ്രൂപ് പ്രോജക്ട്, മാഗസിൻ എന്നിവയിലാണ് മത്സരം നടന്നത്. സമാപന സമ്മേളനം ജില്ല പഞ്ചായത്തംഗം ഐ.പി. രാജേഷ് ഉദ്ഘാടനം ചെയ്തു.
നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. സമ്മാനദാനം ജില്ല പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ്മുക്ക് നിർവഹിച്ചു. സി.കെ. രാജൻ, സർജാസ് കുനിയിൽ, വിജിത കണ്ടിക്കുന്നുമ്മൽ, സി.കെ. രാജീവൻ, ആരിഫ ബീവി, കെ. ഉബൈദുല്ല, എൻ.എം. നിഷ, പി. ബിന്ദു, കെ. അബൂബക്കർ സിദ്ദീഖ്, ടി.എം. സുരേഷ്, വി.കെ. മുഹമ്മദ് റഷീദ്, മനോഹരൻ, ടി. ദേവാനന്ദൻ എന്നിവർ സംസാരിച്ചു.
ശാസ്ത്രകിരീടം വടകര ഉപജില്ലക്ക്
ബാലുശ്ശേരി: ജില്ല ശാസ്ത്രോത്സവം ശാസ്ത്രമേളയിൽ 104 പോയന്റ് നേടി വടകര ഉപജില്ല ശാസ്ത്രകിരീടം നേടി. 102 പോയന്റുമായി പേരാമ്പ്ര ഉപജില്ല രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 83 പോയന്റുമായി തോടനൂർ ഉപജില്ല മൂന്നാംസ്ഥാനം നേടി.
210 പോയന്റ് നേടിയ കൊടുവള്ളി ഉപജില്ലയാണ് ഗണിത ശാസ്ത്രമേളയിലെ ജേതാക്കൾ. 204 പോയന്റ് നേടിയ തോടനൂർ ഉപജില്ലയും 197 പോയന്റ് നേടിയ പേരാമ്പ്ര ഉപജില്ലയും രണ്ടും മൂന്നും സ്ഥാനത്തെത്തി.
സാമൂഹിക ശാസ്ത്രമേളയിൽ 128 പോയന്റുമായി പേരാമ്പ്ര ഉപജില്ല ഒന്നാമതെത്തി. 118 പോയന്റുമായി വടകര ഉപജില്ല രണ്ടാംസ്ഥാനത്തും 113 പോയന്റോടെ കുന്നുമ്മൽ ഉപജില്ല മൂന്നാംസ്ഥാനത്തുമെത്തി. പ്രവൃത്തിപരിചയ മേളയിൽ 581 പോയന്റ് നേടിയാണ് മുക്കം ഉപജില്ല ഒന്നാം സ്ഥാനത്തെത്തിയത്.
569 പോയന്റുമായി കോഴിക്കോട് സിറ്റി ഉപജില്ല രണ്ടാം സ്ഥാനത്തും 475 പോയന്റുമായി കുന്നുമ്മൽ ഉപജില്ല മൂന്നാംസ്ഥാനത്തും എത്തി. ഐ.ടി മേളയിൽ മുക്കം ഉപജില്ല 96 പോയന്റോടെ ഒന്നാംസ്ഥാനവും 77 പോയന്റോടെ കൊടുവള്ളി രണ്ടാംസ്ഥാനവും 75 പോയന്റ് നേടി കോഴിക്കോട് സിറ്റി മൂന്നാം സ്ഥാനവും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.