ജില്ലകൾതോറും കിടാരി പാർക്ക് തുടങ്ങും -മന്ത്രി ചിഞ്ചുറാണി
text_fieldsനടുവണ്ണൂർ: കിടാരികളെ വാങ്ങാൻ കർഷകർ ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സ്ഥിതിക്ക് പരിഹാരം കാണാൻ ജില്ലകൾതോറും കിടാരി പാർക്ക് ഒരുക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. വാകയാട് ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കർഷകർക്കാവശ്യമായ കിടാരികളെ പാർക്കിൽ കിട്ടും.
രണ്ടുലക്ഷം ലിറ്റർ പാലിന്റെ കുറവ് മിൽമ നേരിടുന്നുണ്ട്. ഇത് പരിഹരിക്കാൻ പാലുൽപാദനം കൂട്ടും. ഇതിനുവേണ്ടി അഞ്ച്, പത്ത് പശുക്കൾ ഉൾപ്പെട്ട ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കും. അതിദരിദ്രർക്ക് 90 ശതമാനം സബ്സിഡിയിൽ കറവപ്പശുക്കളെ നൽകും.
കാലിത്തീറ്റക്കുവേണ്ടി ചോളം കൃഷി പ്രോത്സാഹിപ്പിക്കുന്നുണ്ട്. വെറ്ററിനറി സേവനം ഓരോ പഞ്ചായത്തിലും ഉറപ്പാക്കിയെന്നും മന്ത്രി പറഞ്ഞു. ബൾക്ക് മിൽക്ക് കൂളറിന്റെ ഉദ്ഘാടനം മിൽമ ചെയർമാൻ കെ.എസ്. മണി നിർവഹിച്ചു. എൻ.പി.ഡി.ഡി പദ്ധതി സഹായധന വിതരണം ഡോ. വി. മുരളി നിർവഹിച്ചു.
മുൻ പ്രസിഡന്റുമാർക്കുള്ള ഉപഹാരങ്ങൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത കൈമാറി. സംഘത്തിൽ ഏറ്റവും കൂടുതൽ കാലം പാൽ അളന്ന ക്ഷീരകർഷകനുള്ള ഉപഹാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ് കൈമാറി.
മുതിർന്ന ക്ഷീര കർഷകനുള്ള ഉപഹാരം പി. ശ്രീനിവാസനും മികച്ച ക്ഷീരകർഷകക്കുള്ള ഉപഹാരം മുക്കം മുഹമ്മദും കൈമാറി. കെ.എം. ജീജ പദ്ധതി വിശദീകരിച്ചു. സച്ചിൻ ദേവ് എം.എൽ.എ അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് അംഗം പി.പി. പ്രേമ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ കെ. ഷൈൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ഹരിദാസ്, കെ.കെ. ബിന്ദു, ക്ഷീരവികസന ഓഫിസർ മുഹമ്മദ് നവാസ്, എ. ദിവാകരൻ നായർ, പി.ടി. ഗിരീഷ് കുമാർ, പി. ബാലൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.