വാഹന പരിശോധന സമയത്ത് ഒറിജിനൽ രേഖകൾ കൈയിൽ വേണ്ട: പൊലീസിനും മോട്ടോർ വാഹന വകുപ്പിനും നിർദേശം
text_fieldsകോഴിക്കോട് : മോട്ടോർ വാഹന വകുപ്പിനും പൊലീസിനും വാഹന പരിശോധന സംബന്ധിച്ച് നിർദേശം നൽകി സംസ്ഥാന പ്രിൻസിപ്പൽ സെക്രട്ടറി. പരിശോധന സമയത്ത് വാഹനങ്ങളുടെ രേഖകളുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ വേണമെന്ന മോട്ടോർ വാഹന വകുപ്പിന്‍റെ കടുംപിടിത്തം അവസാനിപ്പിച്ചാണ് വെള്ളിയാഴ്ച പ്രിൻസിപ്പൽ സെക്രട്ടറി ജ്യോതിലാൽ പൊലീസ് മേധാവിക്കും ടാൻസ്പോർട്ട് കമീഷണർക്കും രേഖാമൂലം അറിയിപ്പ് നൽകിയത്.
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ലൈസൻസും നൽകുന്നതിന് നാലും അഞ്ചും മാസങ്ങൾ വൈകുന്നതിനിടെ ഒറിജിനൽ സർട്ടിഫിക്കറ്റ് വേണമെന്ന പിടിവാശി പൊതുജനങ്ങൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നതായി ഉത്തരവിൽ പറയുന്നു. ഡിജി ലോക്കറിലും എം.പരിവാഹൻ മൊബൈൽ ആപ്പിലും ഉള്ള ഡ്രൈവിങ് ലൈസൻസ്, സർട്ടിഫിക്കറ്റ് മുതലായ രേഖകൾ ഒറിജിനൽ രേഖകളായി സ്വീകരിക്കണമെന്ന കേന്ദ്ര ഗതാഗത വകുപ്പിന്‍റെ 2018 ലെ നിർദേശവും കത്തിൽ പരാമർശിച്ചു.
ഈ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികൾ ഒറിജിനൽ രേഖയായി പരിഗണിക്കാൻ വകുപ്പിന് നിർദേശം നൽകണമെന്ന് പൊലീസ് മേധാവിക്കും ട്രാൻസ്പോർട്ട് കമീഷണർക്കും നൽകിയ കത്തിൽ പറയുന്നു. ആപ്പുകളിലുള്ള രേഖകളെല്ലാം മോട്ടോർ വാഹന വകുപ്പ് നൽകുന്ന സർട്ടിഫിക്കറ്റിന് തുല്യമാണെന്നും കത്തിൽ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ, ഇന്‍റർനെറ്റ് ലഭ്യമല്ലാത്തിടങ്ങളിൽ നിന്ന് സംശയമുള്ള രേഖകൾ പരിശോധിക്കൽ പ്രയാസം സൃഷ്ടിക്കുമെനാണ് വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.