വണ്ടിയും തെളിച്ചുകൊണ്ടാരും ഇതുവഴി വരേണ്ട; ഇവിടെ പെട്രോൾ വിൽപന ഇല്ല
text_fieldsകോഴിക്കോട്: കെ.എസ്.ആർ.ടി.സിക്ക് മാത്രമല്ല, വേണ്ടിവന്നാൽ നാട്ടുകാർക്കും പെട്രോളും ഡീസലുമൊക്കെ കൊടുത്തുകളയും എന്നുപറഞ്ഞ് കൊട്ടും കുരവയുമൊക്കെയായി തുടങ്ങിയതാ.. പറഞ്ഞിട്ടെന്തു കാര്യം കെ.എസ്.ആർ.ടി.സിയല്ലേ... പതിവുപോലെ ആ പദ്ധതിയും കട്ടപ്പുറത്തായി..
കഴിഞ്ഞ സെപ്റ്റംബർ 16നായിരുന്നു കോഴിക്കോട് ബസ് സ്റ്റാൻഡിലെ ഡീസൽ പമ്പിൽ നിന്ന് നാട്ടുകാർക്കും ഇന്ധനം നൽകാനുള്ള പദ്ധതി തുടങ്ങിയത്. നിലവിലുണ്ടായിരുന്ന ഡീസൽ യൂനിറ്റിനോട് പെട്രോൾ യൂനിറ്റുകൂടി ഉൾപ്പെടുത്തിയായിരുന്നു നാട്ടുകാർക്ക് എണ്ണ വിതരണം ചെയ്തത്. 24 മണിക്കൂറും എണ്ണയടിക്കാമെന്ന് വലിയ ബോർഡും വന്നു. അടുത്ത ഘട്ടത്തിൽ ഡീസലും ആവശ്യക്കാർക്ക് നൽകുമെന്നും പ്രഖ്യാപനം വന്നിരുന്നു. എന്നാൽ, ഏതാനുംനാൾ പെട്രോൾ വിതരണം ചെയ്ത പമ്പിനു മുന്നിൽ ഇപ്പോൾ ഒരു ബോർഡുയർന്നിട്ടുണ്ട്, പെട്രോൾ വിതരണം നിർത്തിയതായി.
പൊതുജനങ്ങള്‍ക്ക് ഗുണനിലവാരമുള്ളതും മായമില്ലാത്തതുമായ പെട്രോളിയം ഉല്പന്നങ്ങള് നൽകുകയും അതുവഴി കെ.എസ്.ആര്.ടി.സിയുടെ വരുമാനം വര്‍ധിപ്പിക്കാനുമായി ഇന്ത്യൻ ഓയിൽ കോർപറേഷനുമായി (ഐ.ഒ.സി) ചേർന്ന് സർക്കാർ ആരംഭിച്ച 'യാത്ര ഫ്യൂവൽ' പദ്ധതിയുടെ ഭാഗമായാണ് മാവൂർ റോഡിലെ ബസ് സ്റ്റാൻഡിലും പൊതുജനങ്ങൾക്ക് പെട്രോളടിക്കാൻ അവസരം തുറന്നത്. കുറച്ചുദിവസം പെട്രോൾ വിറ്റെങ്കിലും നാട്ടുകാരും ആ വഴിക്ക് തിരിഞ്ഞുനോക്കിയില്ല. മിനിമം 4,000 ലിറ്ററെങ്കിലും വിറ്റഴിച്ചില്ലെങ്കിൽ പദ്ധതി നഷ്ടമാകുമെന്നായിരുന്നു ഐ.ഒ.സിയുടെ നിലപാട്. കഷ്ടിച്ച് 1,000 - 1,500 ലിറ്ററിനപ്പുറം കച്ചവടം പൊടിപൊടിച്ചില്ല. അതോടെ ഐ.ഒ.സി ഇടപാട് നിർത്തി. പെട്രോൾ വിൽക്കുന്നില്ലെന്ന് വൈകാതെ ബോർഡുമുയർന്നു. ഡീസൽ കെ.എസ്.ആർ.ടിക്കുപോലും തികയുന്നില്ല. പിന്നെവിടുന്നെടുത്ത് നാട്ടുകാർക്ക് കൊടുക്കും. ആ ആശങ്കക്ക് പരിഹാരമാവാത്തതിനാൽ എന്തായാലും ഡീസൽ കച്ചവടത്തിൽ കൈവെച്ചില്ല.
കോഴിക്കോട് നഗരത്തിന്റെ കണ്ണായ സ്ഥലം. കൊടുക്കാമെന്ന് പറയുന്നത് മായമില്ലാത്ത പെട്രോൾ. എന്നിട്ടും എണ്ണക്കച്ചവടം ക്ലച്ച് പിടിക്കാതെ പോയതിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനുള്ള പങ്ക് ചെറുതല്ല. ബസിന് പോലും മര്യാദക്ക് നിന്നുതിരിഞ്ഞ് ഡീസലടിക്കാൻ കഴിയാത്തവിധം ഊരാക്കുടുക്കുപോലൊരിടത്താണ് പമ്പ് സ്ഥിതി ചെയ്യുന്നത്. അതിനിടയിലേക്ക് പൊതുജനങ്ങൾ കൂടി വാഹനവുമായി വന്നാലുള്ള അവസ്ഥ എന്താകും. ഇപ്പോൾ തന്നെ ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടുന്ന മാവൂർ റോഡിന്റെ കാര്യം പറയാനില്ല. സ്റ്റാൻഡിന്റെ പടിഞ്ഞാറുഭാഗത്ത് ഇത്തിരിപ്പോന്ന ഇടുങ്ങിയ സ്ഥലത്താണ് പമ്പ്. തൊട്ടടുത്ത ഹോട്ടലിൽ വരുന്ന വാഹനങ്ങൾക്കും വളച്ചെടുക്കാൻ പെടാപ്പാടുപെടുന്ന കെ.എസ്.ആർ.ടി.സി ബസുകൾക്കും ഇടയിലൂടെ സ്റ്റാൻഡിലെ പമ്പിൽ കയറി കുടുങ്ങാൻ വാഹന ഉടമകൾ മടിച്ചതും കച്ചവടം പൊളിയാൻ കാരണമായി.
ബസുകൾക്കുപോലും നേരാംവണ്ണം കയറിയിറങ്ങാൻ പെടാപ്പാടുപെടേണ്ടിവരുന്ന, ബലക്ഷയത്തിന്റെ പേരിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന ബസ് സ്റ്റാൻഡിന്റെ ദുഷ്പേര് ചീത്തയാകാൻ മാത്രമേ നാട്ടുകാർക്കായി തുടങ്ങിയ എണ്ണക്കച്ചവടം സഹായിച്ചുള്ളുവെന്ന് ചില ജീവനക്കാർ അടക്കം പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.