ഡോക്ടർമാർ ഒ.പി ബഹിഷ്കരിച്ചു; വലഞ്ഞ് രോഗികൾ
text_fieldsകോഴിക്കോട്: ആയുർവേദ ഡോക്ടർമാർക്ക് വിവിധ ശസ്ത്രക്രിയകൾ ചെയ്യാൻ അനുമതി നൽകുന്ന സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിെൻറ ഉത്തരവിൽ പ്രതിഷേധിച്ച് അലോപതി ഡോക്ടർമാർ ഒ.പി ബഹിഷ്കരിച്ചു.
സർക്കാർ, സ്വകാര്യ മേഖലയിലെ ഡോക്ടർമാരാണ് ഒ.പിയും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്കരിച്ചത്. അത്യാഹിത വിഭാഗം ചികിത്സയും കോവിഡ് ചികിത്സയും മാത്രമാണ് ആശുപത്രികളിൽ നടന്നത്. ഐ.എം.എ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത സമരത്തിൽ കെ.ജി.എം.സി.ടി.എ, കെ.ജി.എം.ഒ.എ, കെ.ജി.എസ്.ഡി.എ, കെ.ജി.ഐ.എം.ഒ.എ, കെ.പി.എം.സി.ടി.എ തുടങ്ങിയ സംഘടനകൾ പങ്കാളികളായി. രാവിലെ ആറിന് തുടങ്ങിയ ബഹിഷ്കരണം വൈകീട്ട് ആറുവരെ തുടർന്നു.
ഐ.എം.എയുടെ നേതൃത്വത്തിൽ കിഡ്സൺ കോർണറിൽ പ്രതിഷേധം സംഘടിപ്പിച്ചു. കെ.ജി.എം.സി.ടി.എ സംസ്ഥാന സെക്രട്ടറി ഡോ. നിർമൽ ഭാസ്കർ, കോഴിക്കോട് യൂനിറ്റ് പ്രസിഡൻറ് ഡോ. ലൈലാബി, യൂനിറ്റ് സെക്രട്ടറി ഡോ. മായ എന്നിവർ സംഘടനയെ പ്രതിനിധാനം ചെയ്ത് പ്രതിഷേധത്തിൽ പങ്കാളികളായി. ആയുർവേദ പോസ്റ്റ് ഗ്രാജ്വേറ്റ്സിന് ശസ്ത്രക്രിയകൾ ചെയ്യാമെന്ന സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിെൻറ ഉത്തരവ് ആധുനിക വൈദ്യശാസ്ത്രത്തിെൻറയും ആയുഷ് ചികിത്സകളുടെയും അടിത്തറ നശിപ്പിക്കും.
മോഡേൺ മെഡിസിനിൽ അഞ്ചു വർഷം പഠനത്തിന് പുറമെ, ശസ്ത്രക്രിയയിൽ മൂന്നു വർഷം പ്രത്യേക ഉപരിപഠനം നടത്തിയവരാണ് ശസ്ത്രക്രിയ ചെയ്യുന്നത്. കേന്ദ്രസർക്കാർ ഉടനടി ഈ തീരുമാനം പിൻവലിക്കണമെന്ന് കെ.ജി.എം.സി.ടി.എ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
സമരം അറിയാതെ രോഗികൾ; ഡോക്ടർമാരെ കാണാനാകാതെ മടങ്ങി
കോഴിക്കോട്: കോഴിക്കോട്: ഡോക്ടർമാരുടെ സമരം അറിയാതെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയ രോഗികൾ മടങ്ങി. വിവിധ ജില്ലകളിൽനിന്ന് രാവിലെതന്നെ എത്തിയവരാണ് ഡോക്ടർമാരെ കാണാതെ മടങ്ങേണ്ടി വന്നത്.
രാവിെല എട്ടു മുതൽ ഒ.പി ടിക്കറ്റ് നൽകിയിരുന്നു. തിരക്ക് കുറവായിരുന്നെങ്കിലും എത്തിയവരെല്ലാം വരിനിന്ന് ടിക്കറ്റ് വാങ്ങി. ഒ.പിയിൽ എത്തിയപ്പോഴാണ് ഡോക്ടർമാരുടെ സമരമാണെന്ന് മനസ്സിലായത്. പി.ജി ഡോക്ടർമാരടക്കം സമരത്തിലായതിനാൽ ഹൗസ് സർജൻമാർ മാത്രമാണ് ഒ.പിയിലുണ്ടായിരുന്നത്. കോഴിക്കോടിനു പുറത്തുള്ളവരെ പരിശോധിക്കാമെന്ന് ഒ.പിയിലുണ്ടായിരുന്ന ഹൗസ് സർജൻമാർ അറിയിച്ചു. പലരും മുതിർന്ന ഡോക്ടർമാരില്ലാത്തതിനാൽ തിരിച്ചുപോയി.
രാവിലെ വരിനിൽക്കുന്നതിനുവേണ്ടി പലരും നേരത്തെതന്നെ വീട്ടിൽനിന്ന് ഇറങ്ങുന്നതിനാൽ ഡോക്ടർമാരുടെ സമരമാണെന്ന വിവരം അറിഞ്ഞില്ല. രാവിലെ ഒ.പിയിൽ എത്തിയവരെല്ലാം ഡോക്ടർമാർ വന്നെങ്കിലോ എന്ന് കരുതി കുറച്ച് സമയം കാത്തുനിന്ന ശേഷം തിരികെ പോയി. 10.30 ആയപ്പോഴേക്കും ഒ.പി പൂർണമായും അടച്ചിരുന്നു. അത്യാഹിത വിഭാഗവും അടിയന്തര ശസ്ത്രക്രിയകളും പ്രസവവും കോവിഡ് ചികിത്സയും മാത്രമാണ് ആശുപത്രിയിൽ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.