കോഴിക്കോട് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ഡോഗ് ഷെൽറ്റർ
text_fieldsകോഴിക്കോട്: ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും തെരുവുനായ്ക്കൾക്കുള്ള ഷെൽറ്ററുകൾ തുടങ്ങാൻ തീരുമാനം. പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ യോഗം വിളിച്ച് ഇതിനുവേണ്ട സ്ഥലം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയുടെയും കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡിയുടെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിൽ തീരുമാനമായി.
തെരുവുനായ് ശല്യം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കലക്ടറേറ്റിൽ യോഗം ചേർന്നത്. തെരുവുനായ് വിഷയത്തിൽ സുപ്രീംകോടതിയിൽ നിലവിലുള്ള ഹരജിയിൽ ജില്ല പഞ്ചായത്ത് കക്ഷിചേരും. അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്നതിന് അനുമതി തേടിക്കൊണ്ടാണ് കക്ഷി ചേരുന്നത്.
പേവിഷബാധ നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയില്‍ സെപ്റ്റംബര്‍ 20 മുതല്‍ കുത്തിവെപ്പ് നടക്കും. ആദ്യഘട്ടത്തിൽ ഹോട്ട്സ്പോട്ടുകളിലാണ് വാക്സിനേഷൻ നൽകുക. വിവിധ വകുപ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ മിഷന്‍, മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകള്‍ എന്നിവയുടെ ഏകോപനത്തോടെയാണ് വാക്‌സിനേഷന്‍ ഡ്രൈവ് സംഘടിപ്പിക്കുക.
തെരുവുനായ്ക്കളുടെ വാക്‌സിനേഷന്‍ നടത്തുന്നതിന് ആവശ്യമായ ഓരോ വാഹനത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനം തെരഞ്ഞെടുത്ത് മൃഗസംരക്ഷണവകുപ്പ് പരിശീലനം ലഭ്യമാക്കിയ രണ്ട് നായ് പിടിത്തക്കാര്‍, ഒരു വാക്‌സിനേറ്റര്‍, സന്നദ്ധസംഘടനാ പ്രതിനിധി എന്നിവരെ ഉള്‍പ്പെടുത്തും.
ഇവര്‍ക്ക് മുന്‍കൂട്ടി വാക്‌സിനേഷന്‍ നല്‍കും. തെരുവുനായ്ക്കൾക്ക് വാക്സിനേഷൻ നൽകാനായി പട്ടിപിടിത്തക്കാരെ കണ്ടെത്തി മൃഗസംരക്ഷണ വകുപ്പ് പരിശീലനം നൽകും. വാക്സിനേഷൻ ഡ്രൈവ് ഒക്ടോബർ 20ന് അവസാനിക്കും.
വാക്‌സിനേഷന് ആവശ്യമായ മരുന്നുകള്‍ അടിയന്തരമായി ലഭ്യമാക്കാനും ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബാലുശ്ശേരി പനങ്ങാട് ആരംഭിക്കുന്ന എ.ബി.സി സെന്റര്‍ ഒക്ടോബര്‍ 30നകം പ്രവര്‍ത്തനക്ഷമമാക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. ഇതിന് അനുയോജ്യരായ ഉദ്യോഗസ്ഥരെ അഭിമുഖം നടത്തി തിരഞ്ഞെടുത്ത് പരിശീലനം നല്‍കി നിയമിക്കും.
ലഭ്യമാകുന്ന സൗകര്യങ്ങള്‍ ഉപയോഗിച്ച് ദിവസേന 20 തെരുവുനായ്ക്കളെ കേന്ദ്രത്തിലെത്തിച്ചു വന്ധ്യംകരിച്ച് ആവാസകേന്ദ്രങ്ങളിലേക്ക് തിരിച്ചെത്തിക്കും. നായ്ക്കള്‍ കടിക്കാതിരിക്കാന്‍ ചെയ്യേണ്ടതും നായ്ക്കള്‍ കടിച്ചാല്‍ ചെയ്യേണ്ടതുമായ മുന്‍കരുതലുകള്‍ സംബന്ധിച്ച് വലിയതോതിലുള്ള ബോധവത്കരണ പ്രചാരണ പരിപാടികള്‍, സമൂഹ മാധ്യമ പ്രചാരണങ്ങള്‍ എന്നിവ ജില്ലതലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കും.
തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ, വ്യാപാരി വ്യവസായികൾ, മാംസവ്യാപാരികൾ എന്നിവർക്ക് പ്രത്യേക ബോധവത്കരണ പരിപാടികൾ നടത്തും.
നായുടെ ഭീഷണി നേരിടുന്ന പ്രദേശങ്ങളെ തിരിച്ചറിയല്‍, നായ് പിടിത്തക്കാരെ കണ്ടെത്തല്‍, പരിശീലനം നല്‍കല്‍, മൃഗസ്‌നേഹികളുടെ യോഗങ്ങള്‍, കമ്യൂണിറ്റി നായ്ക്കളുടെ വാക്‌സിനേഷന്‍, തെരുവ് നായ്ക്കളുടെ വാക്‌സിനേഷന്‍ എന്നിവയെല്ലാം സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിർദേശം നല്‍കും. ഇതിനായി തദ്ദേശ സ്വയംഭരണ മേധാവികളുടെ യോഗം വിളിച്ചു ചേര്‍ക്കും.
എ.ബി.സി സെന്‍റർ തുടങ്ങുന്നതിനാവശ്യമായ സ്ഥലം നൽകാമെന്ന് കായക്കൊടി പഞ്ചായത്ത് അറിയിച്ചിട്ടുണ്ട്. ഇവിടെ എ.ബി.സി സെന്‍റർ തുടങ്ങുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കും. യോഗത്തില്‍ ജില്ല പഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കബീര്‍, ജില്ല അനിമല്‍ ഹസ്ബന്ററി ഓഫിസര്‍ ഡോ. എ. ഗോപകുമാര്‍, പഞ്ചായത്ത് വകുപ്പ് ജോയന്‍റ് ഡയറക്ടർ ഡി. സജു, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.