മുഹമ്മദ് അബ്ദുറഹിമാന്റെ പേരിനോടുള്ള അസഹിഷ്ണുത അംഗീകരിക്കരുത് -മന്ത്രി രാജേഷ്
text_fieldsകോഴിക്കോട്: നാടിന്റെ ചരിത്രവും സംസ്കാരവും സ്വാതന്ത്ര്യസമരവും അറിയാത്തവരാണ് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ പേരിനോട് അസഹിഷ്ണുത പുലർത്തുന്നതെന്നും ചരിത്രത്തെ തലകുത്തിനിർത്തുന്ന കാലത്ത് കേരളത്തിലിത് വകവെച്ചുനൽകരുതെന്നും മന്ത്രി എം.ബി. രാജേഷ്. കണ്ടംകുളത്ത് പുനർനിർമിച്ച മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ സ്വാതന്ത്ര്യ സുവർണ ജൂബിലി ഹാൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി ജയിൽമോചിതരായവരുടെ ഛായാചിത്രം പാർലമെന്റ് ഹാളിൽ വെച്ചവരാണ് അബ്ദുറഹിമാൻ സാഹിബിന്റെ പേര് ഹാളിന് നൽകിയതിനെ വിവാദമാക്കുന്നത്. സ്മാരകങ്ങൾപോലും തങ്ങളുടെ രാഷ്ട്രീയതാൽപര്യത്തിന് ഉപയോഗിച്ച് കേരളത്തിനുപുറത്തെ പല ചരിത്രസ്മാരകങ്ങളുടേയും പേരുതന്നെ ഇല്ലാതാക്കുകയാണിന്ന്. മൗലാനാ അബ്ദുൽ കലാം ആസാദിന്റെ പേര് പാഠപുസ്തകത്തിൽനിന്ന് വെട്ടിയവരാണ് ഹാളിന് മുന്നിൽനിന്ന് ഇന്ന് അബ്ദുറഹിമാൻ സാഹിബിന്റെ പേര് വെട്ടാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തളിയുടെ പാരമ്പര്യം തകർക്കാൻ പോകുന്നു എന്നൊക്കെ പ്രചാരണം നടത്തി വർഗീയരാഷ്ട്രീയം കുത്തിവെക്കുകയാണിവർ. മതം നോക്കിയല്ല, ആധുനിക കേരളത്തിന് നൽകിയ സംഭാവനകൾ മുൻനിർത്തിയാണ് പലർക്കും സ്മാരകം ഒരുക്കുന്നത്. മുഹമ്മദ് റിയാസ്, മുസാഫർ അഹമ്മദ് എന്നിവരെ പോലും അവരുടെ പേരുകൊണ്ടുമാത്രം ഇന്ന് ചിലർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഉപയോഗിക്കുന്ന കാലമാണിതെന്നും ഇത് മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തെവിടെയുമുള്ള തൊഴിലാളികൾക്ക് അഭിമാനത്തോടെ ഓർക്കാൻപറ്റുന്ന നാമമാണ് ഓട്ടോ ഡ്രൈവറായിരുന്ന നൗഷാദിന്റേതെന്ന് നൗഷാദ് പാർക്ക് ഉദ്ഘാടനം ചെയ്ത മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
തല പോയാലും ചരിത്രത്തെ വക്രീകരിക്കുന്നവർക്ക് മുന്നിൽ കീഴടങ്ങില്ലെന്ന് പ്രഖ്യാപിക്കാൻ ഈ സന്ദർഭം ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ ഫോട്ടോ മന്ത്രി അഹമ്മദ് ദേവർകോവിൽ അനാച്ഛാദനം ചെയ്തു. മേയർ ഡോ. ബീന ഫിലിപ് അധ്യക്ഷത വഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ പുരസ്കാരദാനം നിർവഹിച്ചു. പി. മോഹനൻ, അഡ്വ. കെ. പ്രവീൺകുമാർ, എം.എ. റസാഖ്, മനയത്ത് ചന്ദ്രൻ, കെ.കെ. അബ്ദുല്ല, മുക്കം മുഹമ്മദ്, ടി.പി. കുഞ്ഞാതു, ടി.എം. ജോസഫ്, ഗോപാലൻ, എ. പ്രദീപ് കുമാർ, ടി.വി. ബാലൻ, പി. അസീസ് ബാബു തുടങ്ങിയവർ സംസാരിച്ചു. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് സ്വാഗതവും സെക്രട്ടറി കെ.യു. ബിനി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.