ഇരട്ടവല മത്സ്യബന്ധനം: കണ്ണടച്ച് അധികൃതർ; തീരം സംഘർഷഭരിതം
text_fieldsകോഴിക്കോട്: ബോട്ടുകൾ നിരോധിത ഇരട്ട വല ഉപയോഗിച്ച് നിർബാധം മീൻപിടിത്തം തുടരുന്നത് തീരത്ത് മത്സ്യത്തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിന് ഇടയാക്കുന്നു. ആഴക്കടലിൽ നിന്ന് മത്സ്യക്കുഞ്ഞുങ്ങളെയടക്കം അരിച്ചെടുക്കുന്ന ബോട്ടുകളുടെ ഇരട്ടവല മീൻപിടിത്തവും ഇതിനെതിരെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ രംഗത്തെത്തുന്നതും കടലിൽ ഇരുവിഭാഗവും തമ്മിലുള്ള സംഘർഷം പതിവായിരിക്കുകയാണ്.
തിങ്കളാഴ്ച വെള്ളയിൽ ഭാഗത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികളെക്കണ്ട് ബോട്ടുകാർ ഇരട്ടവല ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. വള്ളങ്ങളിൽ മീൻ പിടിക്കുകയായിരുന്നു മത്സ്യത്തൊഴിലാളികൾ പിന്നീട് ഇത് കരയിലെത്തിച്ച് എലത്തൂർ കോസ്റ്റൽ പൊലീസിന് കൈമാറി. ഇരട്ടവല പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു ബോട്ടുകൾ ഉപയോഗിച്ചാണ് ഇരട്ടവല മത്സ്യബന്ധനം നടത്തുക. ഇത്തരം മത്സ്യബന്ധനം നടത്തുന്നതോടെ കടലിന്റെ അടിത്തട്ട് മുതലുള്ള മത്സ്യക്കുഞ്ഞുങ്ങൾവരെ അരിച്ചെടുക്കപ്പെടുമെന്നും കടലിലെ മത്സ്യസമ്പത്ത് കുറയാൻ ഇത് കാരണമാകുന്നതായും പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നു.
നിരോധിത വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം തടയാൻ ഫിഷറീസ് അധികൃതർ ആവശ്യമായ പരിശോധന നടത്തുന്നില്ലെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു. അധികൃതരുടെ ഒത്താശോടെയാണ് അനധികൃത മത്സ്യബന്ധനം നടക്കുന്നതെന്നും ഇവർ ആരോപിച്ചു. രണ്ടാഴ്ച മുമ്പ് ബേപ്പൂരിലും സമാനമായ സംഭവം ഉണ്ടായി. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ബോട്ടുകൾ വരെ കോഴിക്കോട് തീരത്ത് നിന്ന് ഇരട്ടവല ഉപയോഗിച്ച് നിർബാധം മീൻ പിടിക്കുന്നുണ്ട്.
ഇതുകാരണം മത്സ്യബന്ധനത്തിന് ഇറങ്ങുന്ന തങ്ങൾ വെറുംകൈയോടെ മടങ്ങേണ്ട അവസ്ഥയാണ്. സാധാരണ മത്തി, അയല തുടങ്ങിയ ചെറുമത്സ്യങ്ങൾ ധാരാളം ലഭിക്കുന്ന സീസനാണിത്. എന്നാൽ, മത്സ്യം ലഭിക്കാത്തത് കാരണം ഇന്ധനവും മറ്റ് ചെലവുകളുമായി 50,000 രൂപ വരെ നഷ്ടമാണ് ഓരോ ദിവസവും പരമ്പരാഗത വള്ളങ്ങൾക്ക് ഉണ്ടാവുന്നതെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇരട്ടവല മത്സ്യബന്ധനത്തിനെതിരെ പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതി 29ന് കോഴിക്കോട് കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തും.
വടകര മുതൽ ചാലിയം വരെയുള്ള മത്സ്യത്തൊഴിലാളികൾ മാർച്ചിൽ പങ്കെടുക്കും. വർധിപ്പിച്ച ക്ഷേമനിധി വിഹിതം പിൻവലിക്കുക, മത്സ്യ ബന്ധന യാനങ്ങളുടെ വാർഷിക ഫീസ് വർധനവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരസമിതി ഉന്നയിക്കും. എന്നാൽ, പരിശോധനകൾ നടക്കുന്നില്ലെന്ന ആരോപണം ഫിഷറീസ് അധികൃതർ നിഷേധിച്ചു. കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ കേസുകൾ ഇത്തവണ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ സാമ്പത്തിക വർഷം ആഗസ്ത് വരെ 10 ലക്ഷം രൂപ പിഴ ഈടാക്കിയതായും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.