അഴുക്കിൽ മുങ്ങിയ മിഠായിത്തെരുവിന് ആശ്വാസം; ഓടകൾ ശുചീകരിച്ചു
text_fieldsകോഴിക്കോട്: മഴ പെയ്തതോടെ അഴുക്കുവെള്ളം നിറഞ്ഞ മിഠായിത്തെരുവിന്റെ കവാടത്തിന് താൽക്കാലിക മോചനം. കോർപറേഷൻ ആഭിമുഖ്യത്തിൽ നടത്തിയ ശുചീകരണത്തിൽ മണ്ണുമാന്തികളും ടിപ്പറുകളുമുപയോഗിച്ച് സമീപത്തെ ഓടകളിലേക്കുള്ള ഒഴുക്ക് സുഗമമാക്കി. പഴയ സത്രം കെട്ടിടം പൊളിച്ചപ്പോഴുള്ള കോൺക്രീറ്റ് അവശിഷ്ടങ്ങൾ എടുത്തുമാറ്റി. കോർപറേഷൻ ടാങ്കറുകളിൽ മാനാഞ്ചിറയിൽനിന്ന് വെള്ളമെത്തിച്ച് ഓടകൾ കഴുകി വൃത്തിയാക്കി.
വെള്ളക്കെട്ട് കാരണം ആളുകൾക്ക് തെരുവിലേക്ക് കയറാനാവാത്ത അവസ്ഥയെത്തുടർന്നാണ് വൃത്തിയാക്കൽ. സത്രം കെട്ടിടം പൊളിച്ചപ്പോൾ തെരുവിൽനിന്ന് ഓടയിലേക്കുള്ള സുഷിരങ്ങൾ മുഴുവൻ അടഞ്ഞതാണ് പ്രശ്നമായതെന്ന് കണ്ടെത്തി. മഴവെള്ളം ഓടകളിലിറങ്ങാതെ കെട്ടിക്കിടക്കുകയായിരുന്നു.
ഇനിയും വെള്ളം തങ്ങിക്കിടക്കുകയാണെങ്കിൽ ഫയർ ഫോഴ്സിന്റെ ഹൈപ്രഷർ സംവിധാനങ്ങളുടെ സഹായം തേടാനാണ് തീരുമാനം. രാവിലെ തുടങ്ങിയ ശുചീകരണം ഉച്ചക്കു ശേഷമാണ് തീർന്നത്. കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീ, കൗൺസിലർ എസ്.കെ. അബൂബക്കർ, ഹെൽത്ത് ഓഫിസർ ഡോ. മുനവർ റഹ്മാൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ. വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി പ്രവർത്തകരും സഹകരിച്ചു.
പോസ്റ്റ് മാറ്റണം
നേരത്തേ സ്പോർട്സ് കൗൺസിൽ ഓഫിസിന് മുന്നിൽ വെള്ളം കെട്ടിനിൽക്കുന്നത് തടയാൻ ദിവസങ്ങൾക്കു മുമ്പ് ഓട തുറന്ന് വൃത്തിയാക്കിയെങ്കിലും വെള്ളക്കെട്ട് തുടർന്നത് ഓടയിൽ ഇറങ്ങിക്കിടക്കുന്ന വൈദ്യുതി പോസ്റ്റ് കാരണമാണെന്ന് കണ്ടെത്തി. പോസ്റ്റ് നീക്കാനായി കോർപറേഷൻ വൈദ്യുതി വകുപ്പിനെ സമീപിച്ചിട്ടുണ്ട്. പോസ്റ്റ് മാറ്റാൻ കോർപറേഷൻ പണം നൽകണം. 30 സെന്റിമീറ്റർ വീതി മാത്രമുള്ള ഓവുചാലിലെ പോസ്റ്റിൽ മാലിന്യങ്ങൾ തങ്ങിക്കിടന്ന് ഒഴുക്ക് കുറയുകയായിരുന്നു. ഇന്റർ ലോക്ക് ചെയ്യുമ്പോൾ ഓവ് വീതികൂട്ടിയിരുന്നില്ല. മാനാഞ്ചിറക്ക് ഉള്ളിലൂടെയാണ് ഓവുചാൽ പോവുന്നത്.
കവാടത്തിൽ വെള്ളക്കെട്ട് തുടരും
എൽ.ഐ.സിയുടെയും ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെയും മുന്നിലുള്ള വെള്ളക്കെട്ട് ഇനിയും തുടരും. മിഠായിത്തെരുവിന്റെ കവാടത്തിലെ വെള്ളക്കെട്ട് തെരുവ് നവീകരിച്ചത് മുതൽ തുടരുന്നതാണ്. നവീകരിച്ച തെരുവിനും മാനാഞ്ചിറ റോഡിനുമിടയിൽ താഴ്ന്ന ഇടം രൂപപ്പെട്ടതാണ് കാരണം. ഇത് മാറ്റാൻ റോഡ് ഉയർത്തി മാനാഞ്ചിറ സ്ക്വയർ ഭാഗത്തേക്ക് റോഡിന് ചരിവ് കൊടുക്കുക മാത്രമാണ് പോംവഴി. ഇവിടെ ഓവുചാൽ നിർമിക്കണമെങ്കിൽ തണൽ മരങ്ങളും ബസ് കാത്തിരിപ്പ് കേന്ദ്രവുമെല്ലാം മാറ്റേണ്ടിവരുമെന്നതിനാലാണിത്. നേരത്തേ 30 ലക്ഷം രൂപയുടെ പദ്ധതി ഓവുചാലിന് ഉണ്ടായിരുന്നെങ്കിലും മരം മാറ്റാനാവാതെ ഒന്നും നടന്നില്ല. പട്ടാളപ്പള്ളിയുടെ ഭാഗത്തേക്ക് ഓവുചാൽ കൊണ്ടുപോകാനാവുമോ എന്നത് പരിശോധിക്കും.
വളരെക്കാലമായുള്ള ആവശ്യമായിരുന്നു മിഠായിത്തെരുവിലെ ഈ ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കണമെന്നത്. ഇരിപ്പിടങ്ങളും വേസ്റ്റ് ബിന്നുകളും ലൈറ്റുകളും ഇനിയും വേണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.