വിവാഹ ദിനത്തിൽ അനിയന് 'നാടകീയ' സമ്മാനവുമായി സഹോദരൻ
text_fieldsകോഴിക്കോട്: ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രത്തിലൂടെ തിളങ്ങിയ നാടക പ്രവർത്തകൻ ടി. സുരേഷ് ബാബുവിന്‍റെ ഇളയ മകന്‍റെ വിവാഹത്തിന് അപ്രതീക്ഷിത സമ്മാനവുമായി സഹോദരൻ.
വിവാഹ വേദിയിൽ വെച്ച് ജ്യേഷ്ഠൻ ഛന്ദസിന്‍റെ നാടക പുസ്തകം മുന്നറിയിപ്പില്ലാതെ പ്രകാശനം ചെയ്തതോടെ ചടങ്ങ് അനിയനുള്ള വിവാഹ സമ്മാനമായും മാറി. 'മീശപ്പുലിമലയും മറ്റ് മൂന്ന് ഏകാങ്കങ്ങളും' എന്ന പുസ്തകത്തിന്‍റെ പ്രകാശനമായിരുന്നു നടന്നത്.
കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് കൂടിയായ ടി. സുരേഷ് ബാബുവിന്‍റെ ഇളയ മകൻ ധീരജിന്‍റെയും ദയാനന്ദൻ നാരങ്ങോളിയുടെ മകൾ കാശ്മീരയുടേയും വിവാഹമായിരുന്നു തിങ്കളാഴ്ച. ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ കിച്ചൺ എന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിന്‍റെ പിതാവായി അഭിനയിച്ച സുരേഷ് ബാബു പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ സ്വന്തമാക്കിയിരുന്നു.
ടി. സുരേഷ് ബാബുവിന്‍റെ നാടകങ്ങളിലൂടെയാണ് മക്കൾ രണ്ടുപേരും നാടക രംഗത്തെത്തിയത്. ഛന്ദസ് സജീവമായി നാടക രംഗത്ത് പ്രവർത്തിച്ചു വരികയാണ്.
സാഹിത്യകാരന്മാരായ കൽപറ്റ നാരായണനും വി.ആർ. സുധീഷും ചേർന്ന് പൂന്താനം കവിതാ അവാർഡ് ജേതാവ് രാജഗോപാലൻ നാട്ടുകല്ലിനും ദയാനന്ദൻ നാരങ്ങോളിക്കും പുസ്തകത്തിന്‍റെ ആദ്യ പ്രതി കൈമാറി.
കോഴിക്കോടിന്‍റെ നാടക സംസ്കാരത്തെ ദേശീയ തലത്തിലേക്ക് ഉയർത്തിയ 'നാടക ഗ്രാമ'മാണ് പുസ്തകത്തിന്‍റെ പ്രസാധകർ. സോമൻ കടലൂർ, സജീവ് കീഴരിയൂർ, ഗിരീഷ് കളത്തിൽ എന്നിവരാണ് പുസ്തകത്തിലേക്കുള്ള ചിത്രങ്ങൾ വരച്ചത്. അവതാരിക ഡോ. ശ്രീകുമാറിേന്റതാണ്. വിവാഹാനന്തരം വരന്‍റെ വീട്ടിൽ വെച്ച് നടന്ന സൽക്കാരത്തിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.