ഡ്രൈവിങ് ടെസ്റ്റിന്റെ ബാഹുല്യം; പരാതിയുമായി ഉദ്യോഗസ്ഥർ
text_fieldsകോഴിക്കോട്: ഡ്രൈവിങ് ടെസ്റ്റിന്റെ എണ്ണം കുറക്കണമെന്നാവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ഒരു എം.വി.ഐയുടെയും രണ്ടിൽ താഴെ എ.എം.വി.ഐമാരുടെയും കീഴിൽ ഒരു ദിവസം നൂറിൽപരം വാഹനപരിശോധന നടത്തുന്നത് അശാസ്ത്രീയമാണെന്ന് കാണിച്ചാണ് ടെസ്റ്റ് ചുമതലയുള്ള ഉദ്യോഗസ്ഥർ മേലധികാരികൾക്ക് കൂട്ടത്തോടെ പരാതി നൽകിയിരിക്കുന്നത്.
ചില ടെസ്റ്റ് ഗ്രൗണ്ടിൽ മാത്രമാണ് ജോയന്റ് ആർ.ടി.ഒയുടെ സേവനം ലഭ്യമാകുന്നത്. ദിനം പ്രതി ടെസ്റ്റിനെത്തുന്നവരുടെ എണ്ണം വർധിക്കുന്നതിനാൽ റോഡ് ടെസ്റ്റും ഗ്രൗണ്ട് ടെസ്റ്റും ശാസ്ത്രീയമായി നടത്താൻ കഴിയുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ പരാതിയിൽ ഉന്നയിച്ചത്. തങ്ങളുടെമേൽ സമ്മർദം വരുന്നതിനാൽ കാര്യക്ഷമമായി പരിശോധന നടത്താൻ കഴിയാതെ ഒരാൾക്ക് നാലോ അഞ്ചോ മിനിറ്റെടുത്ത് ടെസ്റ്റ് പൂർത്തിയാക്കാൻ നിർബന്ധിതമാവുകയാണെന്നാണ് ആക്ഷേപം.
ഒരു ദിവസം ഇരുപതിൽ കൂടുതൽപേരെ ടെസ്റ്റിന് അനുവദിക്കരുതെന്നും ചുമതലയുള്ളവർ ആവശ്യപ്പെടുന്നു. അമിത ജോലിഭാരംമൂലം വീഴ്ചകൾ സംഭവിക്കുന്നതിനാൽ വിജിലൻസ് നടപടികൾ നേരിടുന്നതായും പരാതിയിൽ പറയുന്നു. ടെസ്റ്റ് ഗ്രൗണ്ടിലെ പരാതികൾ ഏറുന്നതിനാലാണ് പരിശോധന ശക്തമാക്കുന്നതെന്നാണ് വിജിലൻസ് വിഭാഗം പറയുന്നത്. രണ്ടു ഭാഗങ്ങളായാണ് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നത്. ആദ്യഭാഗം ഗ്രൗണ്ട് ടെസ്റ്റും രണ്ടാമത്തേത് റോഡ് ടെസ്റ്റുമാണ്. ആദ്യ ഭാഗത്തിൽ വാഹനം നിയന്ത്രിക്കുന്നതിലുള്ള കാര്യക്ഷമതയാണ് പരിശോധിക്കുന്നത്. ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്കുള്ള ഭാഗം ഒന്ന് പരിശോധിക്കുന്നതിന് എട്ട് ട്രാക്ക് പരിശോധനയാണ്. നാലുചക്രവാഹനങ്ങൾ പരിശോധിക്കുന്നതിന് ‘എച്ച്’ നിർമിക്കണം. രണ്ടാം ഭാഗത്തിൽ ഡ്രൈവിങ്ങിലുള്ള വൈദഗ്ധ്യമാണ് പരിശോധിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.