വരൾച്ചയും കാട്ടുപന്നി ആക്രമണവും; കുട്ടമ്പൂരിൽ കർഷകർ കൃഷി ഉപേക്ഷിക്കുന്നു
text_fieldsനന്മണ്ട: കാർഷിക ഗ്രാമമായ കുട്ടമ്പൂരിൽ കർഷകർ കാർഷികവൃത്തിയിൽനിന്ന് പിന്മാറുന്നു. വരൾച്ചക്ക് പുറമെ കാട്ടുപന്നികളുടെ കടന്നാക്രമണമാണ് കർഷകരെ പിന്നോട്ടടിപ്പിക്കുന്നത്. മുക്കാലുംപാറ, ഇടിഞ്ഞകുഴി പ്രദേശത്തുനിന്നാണ് പന്നികൾ കൂട്ടത്തോടെ ഇറങ്ങുന്നത്. കർഷകർ പാട്ടത്തിനെടുത്താണ് വയലുകളിൽ കൃഷിയിറക്കുന്നത്.
കപ്പ, വാഴ, പച്ചക്കറി, ഇടവിള കൃഷിയായ ചേമ്പ്, മഞ്ഞൾ, ചേന, ഇഞ്ചി എന്നിവയാണ് നശിപ്പിക്കുന്നത്. പറമ്പിലെ ചാണകക്കുഴി ഉഴുതുമറിക്കുന്നതിനു പുറമെ മുറ്റത്ത് ഉണക്കാനിട്ട ചാണകവും നശിപ്പിക്കുന്നു. റിട്ട. അധ്യാപകനും മുതിർന്ന കർഷകനുമായ കുറ്റിവയൽ അബ്ദുല്ല, പാലങ്ങാട്ടുകണ്ടി പ്രഭാകരൻ, കരിമ്പിൻമൂലയിൽ കണ്ണൻ, കെ.പി. ബാലൻ, കെ.പി. ശശീന്ദ്രൻ, മുഹമ്മദ്, അബ്ദുറഹിമാൻ, കാളിയമ്മ തുടങ്ങി നിരവധിപേരുടെ കൃഷികളാണ് കാട്ടുപന്നികൾ പാടെ നശിപ്പിച്ചത്. വയലുകളിൽ തുണി, വല എന്നിവ ഉപയോഗിച്ചും തപ്പുകൊട്ടിയും പ്രതിരോധം തീർക്കുന്നുണ്ടെങ്കിലും പന്നികളുടെ ആക്രമണത്തിന് കുറവില്ല. അപ്രതീക്ഷിത വരൾച്ച കാർഷിക വിളകളെ സാരമായി ബാധിച്ചിരിക്കുമ്പോഴാണ് കർഷകർക്ക് ഇരട്ട പ്രഹരമായി പന്നികളുടെ ഉപദ്രവം. കുലച്ചതും കുലക്കാറായതുമായ വാഴകൾ ചുവടുഭാഗം ഉഴുതുമറിച്ച് വേരുകളെല്ലാം നശിപ്പിക്കുന്നത് ഏറെ വേദനാജനകമാണ്.
കൃഷി ഉപേക്ഷിക്കുകയല്ലാതെ മറ്റ് നിവൃത്തിയില്ലെന്ന് കർഷകർ പറയുന്നു.
കാക്കൂർ പഞ്ചായത്തിലും കൃഷിഭവനിലും പരാതി കൊടുത്തെങ്കിലും നടപടികളൊന്നുമുണ്ടായില്ലെന്ന് കർഷകർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.