ഹാഷിറിന്റെ നിശ്വാസമുണ്ട്, ഹരിനന്ദിന്റെ പ്രാണനിൽ
text_fieldsകോഴിക്കോട്: ശ്വാസം നിലച്ചുപോയ ശരീരവുമായി ആഴത്തിൽനിന്ന് പൊങ്ങിയ ഹാഷിർ അക്ഷരാർഥത്തിൽ മരണമുഖത്തുനിന്ന് ആ 19കാരനെ ജീവിതത്തിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. ഒരു നിമിഷം പോലും പാഴാക്കാതെ പ്രഥമശുശ്രൂഷ നൽകിയതുകൊണ്ടുമാത്രമാണ് ഹരിനന്ദിന് ജീവിതത്തിലേക്ക് തിരിച്ചുവരാനായത്.
ചൊവ്വാഴ്ചയാണ് രാമനാട്ടുകര ഭാവൻസ് കോളജ് എൽഎൽ.ബി ഒന്നാംവർഷ വിദ്യാർഥി വയനാട് ചീരാൽ സ്വദേശി ഹരിനന്ദ് രാമനാട്ടുകര ഇടിമൂഴിക്കൽ പഞ്ചായത്ത് കുളത്തിൽ അപകടത്തിൽപെട്ടത്. വൈകീട്ട് സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ ഹരിനന്ദ് നീന്തുന്നതിനിടയിൽ മുങ്ങിപ്പോവുകയായിരുന്നു.
കൂടെയുള്ള സുഹൃത്തിന്റെ കരച്ചിൽകേട്ട് ഓടിയെത്തിയ ഹാഷിർ ചേലുപാടമാണ് രണ്ടാൾ ആഴമുള്ള കുളത്തിൽനിന്ന് യുവാവിനെ മുങ്ങിയെടുത്തത്. ശ്വാസം നിലച്ചുപോയ ഹരിനന്ദിന് ഉടൻ പ്രഥമശുശ്രൂഷയിൽ ശ്വസനം തുടങ്ങിയശേഷമാണ് ആംബുലൻസിൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
വെന്റിലേറ്ററിന്റെ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഹരിനന്ദ് അപകടനില തരണംചെയ്തിട്ടുണ്ട്. അപകടം നടന്ന കുളത്തിൽ അഞ്ച് വർഷത്തോളമായി നീന്തൽ പരിശീലകനാണ് ഹാഷിർ. വൈകീട്ട് ആറോടെ പരിശീലനം പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം ശ്രദ്ധയിൽപെട്ടത്.
ആയിരത്തോളം ആളുകൾക്ക് നീന്തൽപരിശീലനം നൽകിയ ഹാഷിറിന്റെ ശിഷ്യർ സംസ്ഥാനതല മത്സരങ്ങളിൽ വിജയംനേടിയിട്ടുണ്ട്. യു.എ.ഇയിൽനിന്ന് ഇന്റർനാഷനൽ ലൈഫ് ഗാർഡ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. തക്കസമയത്ത് സി.പി.ആർ നൽകിയതുകൊണ്ടാണ് ഹരിനന്ദിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.