കോഴിക്കോട് പിടിമുറുക്കി ലഹരി സംഘങ്ങൾ
text_fieldsകോഴിക്കോട്: കോഴിക്കോട് നഗരം ലഹരിസംഘങ്ങളുടെ പ്രധാന കേന്ദ്രമാവുന്നു. ഇതര ജില്ലകളിൽനിന്നടക്കമുള്ള ലഹരിസംഘങ്ങൾ ജില്ലയിൽ തമ്പടിച്ച് പ്രവർത്തിക്കുന്നതായാണ് വിവരം. ഓരോ മാസവും ലക്ഷക്കണക്കിന് രൂപയുടെ ലഹരിവസ്തുക്കളാണ് പൊലീസും എക്സൈസും ജില്ലയിൽ പിടികൂടുന്നത്. ഇരുപതുപേർവരെ നഗരപരിധിയിൽമാത്രം പിടിയിലാവുകയും ചെയ്യുന്നുണ്ട്. എന്നിരുന്നാലും കൂടുതൽ യുവാക്കൾ ഈ രംഗത്തേക്ക് കടന്നുവരുന്നതാണ് പൊലീസിന് വെല്ലുവിളിയാകുന്നത്. എം.ഡി.എം.എ അടക്കമുള്ള മാരക ലഹരി വസ്തുക്കൾ ഉപയോഗിച്ചു തുടങ്ങുന്നവർ മാസങ്ങൾക്കകം ഇതിന്റെ ഏജന്റുമാരാവുകയാണ്. അടുത്തിടെ പിടികൂടിയ കേസുകളിലെ പ്രതികളെല്ലാം ഇക്കാര്യം സമ്മതിക്കുന്നുണ്ട്.
ലഹരിസംഘങ്ങൾ പെൺകുട്ടികളെയടക്കം ഇടനിലക്കാരും കാരിയർമാരുമാക്കുന്നതും കെണിയിലാക്കുന്നതും വർധിച്ചുവരുകയാണ്. ബീച്ച് ജനറൽ ആശുപത്രി പരിസരമടക്കം ലഹരിസംഘങ്ങളുടെ താവളമാകുന്നതിന്റെ തെളിവുകളാണ് പുറത്തുവന്നത്. ആശുപത്രിയിലെ ഇ.എൻ.ടി പുതിയ ബ്ലോക്കിന്റെ പിൻവശമടക്കം ലഹരി ഉപയോഗിക്കുന്ന കേന്ദ്രമായി മാറി.
ഈ ഭാഗത്തുനിന്ന് നിരവധി സിറിഞ്ചുകളും മറ്റുമാണ് പൊലീസ് പരിശോധനയിൽ കണ്ടെടുത്തത്. ബീച്ചിലെ ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ചും ലഹരിസംഘങ്ങളുടെ പ്രവർത്തനം സജീവമാണ്. ലഹരിയുടെ മൂർധന്യത്തിൽ മാതാപിതാക്കളെ കുത്തിക്കൊലപ്പെടുത്താൻ നോക്കിയ യുവാവിനെ നടക്കാവ് പൊലീസ് കട്ടിലിലേക്ക് വെടിവെച്ച് വീട്ടിൽ നിന്ന് കീഴ്പ്പെടുത്തിയതും, കോഴിക്കോട്ടേക്ക് ലഹരി കടത്തുന്ന സംഘങ്ങൾക്ക് മയക്കുമരുന്ന് കൈമാറിയ നൈജീരിയൻ സംഘത്തെ പിടികൂടിയതുമെല്ലാം അടുത്തിടെയാണ്.
എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പ്, ഹെറോയിൻ തുടങ്ങിയവയാണ് അധികമായി പിടികൂടുന്നത്. ബംഗളൂരു, ഗോവ എന്നിവിടങ്ങളിൽനിന്നാണ് സിന്തറ്റിക് ലഹരി വസ്തുക്കൾ കൂടുതലായി ജില്ലയിലേക്ക് എത്തുന്നത്. പൊലീസിന്റെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമടക്കം മറികടക്കുന്നതിനാൽ പ്രത്യേക മൊബൈൽ അപ്പുകൾ ഉപയോഗിച്ച് ആശയവിനിമയം നടത്തുന്ന ലഹരിസംഘങ്ങൾ വരെയുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.