വൻ മയക്കുമരുന്ന് വേട്ട; രണ്ടുപേർ അറസ്റ്റിൽ
text_fieldsകോഴിക്കോട്: നഗരത്തിൽ ഗുജറാത്തി സ്ട്രീറ്റിൽ ആഡംബരക്കാറിൽനിന്ന് മയക്കുമരുന്ന് പിടികൂടി. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ പുതിയറ ലതാപുരി വീട്ടിൽ നൈജിൽ റിറ്റ്സ് (29), മാത്തോട്ടം ഷംജാദ് മൻസിൽ സഹൽ (22) എന്നിവരെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. ഓടിരക്ഷപ്പെട്ട മറ്റുപ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
പട്രോളിങ് ഡ്യൂട്ടിക്കിടെ ടൗൺ എസ്.ഐ മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിലാണ് കർണാടക രജിസ്ട്രേഷൻ ആഡംബരക്കാറിൽനിന്ന് മയക്കുമരുന്ന് പിടികൂടിയത്.
പ്രതികളിൽനിന്ന് 35 ഗ്രാം എം.ഡി.എം.എ, ഒരുകിലോ കഞ്ചാവ്, എം.ഡി.എം.എ ചില്ലറവിൽപനക്ക് ഉപയോഗിക്കുന്ന ത്രാസ്, കവറുകൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ, സിറിഞ്ചുകൾ എന്നിവ കണ്ടെത്തി. നഗരത്തിൽ അടുത്തിടെ നടക്കുന്ന വലിയ മയക്കുമരുന്നുവേട്ടയാണിത്.
വാഹനത്തിൽ കറങ്ങിനടന്ന് ആവശ്യക്കാരോട് ഗൂഗിൾപേ വഴി പണം അയപ്പിച്ച് മയക്കുമരുന്ന് വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി. ഇവരുടെ ഉപഭോക്താക്കളായ ആളുകളുടെ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെക്കുറിച്ചും അന്വേഷണം നടത്തും. അന്വേഷണസംഘത്തിൽ സീനിയർ സി.പി.ഒമാരായ സജേഷ്കുമാർ, ബിനിൽകുമാർ, ഉദയകുമാർ, ജിതേഷ്, ഉണ്ണികൃഷ്ണൻ, ബിജു, സി.പി.ഒമാരായ അനൂജ്, ജിതേന്ദ്രൻ, ജിതിൻ എന്നിവരാണുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.