കടമേരിയിലെ ലഹരി മാഫിയ ആക്രമണം; എട്ടു പേർക്കെതിരെ കേസ്
text_fieldsനാദാപുരം: കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘം കടമേരിയിൽ വീട്ടിൽ കയറി അക്രമം നടത്തിയ സംഭവത്തിൽ എട്ടു പേർക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തു. കണ്ണൂർ നാറാത്ത് സ്വദേശി സഅദ് (19) ആണ് അറസ്റ്റിലായത്. ഇയാളെ സംഭവസ്ഥലത്തുനിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സംഘത്തിൽ ഉണ്ടായിരുന്ന കണ്ണൂർ കമ്പിൽ സ്വദേശി ഹാനി ഹാഫിസ്, നൗഫൽ, ഷമീം എന്നിവർ ഉൾപ്പെടെ എട്ടു പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം.
കണ്ണൂർ സ്വദേശിയായ ഹാനിയെന്നയാൾക്ക് കടമേരിയിലെ പാലോറ നിയാസ് പണം നൽകിയിരുന്നതായി പറയപ്പെടുന്നു. പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് നിയാസ് ഹാനിയുടെ കാർ കടമേരിയിലേക്കെത്തിച്ചു. ഇത് തിരിച്ചുപിടിക്കാനാണ് സംഘം എത്തിയതെന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ ചർച്ച നടക്കുന്നതിനിടെ സംഘാംഗങ്ങളും നിയാസിെൻറ ആളുകളുമായി സംഘർഷം ഉണ്ടായി. ബഹളംകേട്ട് നാട്ടുകാർ എത്തിയതോടെ സംഘാംഗങ്ങൾ ആയുധങ്ങൾ ഉപയോഗിച്ച് നാട്ടുകാരെയും ആക്രമിച്ചു. ആക്രമണത്തിൽ മൂന്നു നാട്ടുകാർക്ക് സാരമായി പരിക്കേൽക്കുകയും ഏതാനും പേർക്ക് മർദനം ഏൽക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ മാസം വാണിമേലിൽനിന്ന് കഞ്ചാവ് കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ നിയാസിെൻറ വീട്ടിലാണ് കണ്ണൂരിൽനിന്ന് രണ്ടു കാറുകളിലായെത്തിയ സംഘം ആക്രമണം നടത്തിയത്. മയക്കുമരുന്ന് വിതരണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് പ്രശ്നം നിയാസുമായി ചർച്ച ചെയ്യാനാണ് ഇവർ ഇവിടെ എത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. ഇവരോടൊപ്പം വീട്ടിൽനിന്ന് കണ്ടെത്തിയ കർണാടക സ്വദേശിയായ ഇരുപതുകാരിയെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ എത്തിച്ചെങ്കിലും കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് വ്യക്തമായതോടെ വിട്ടയച്ചു. സംഘത്തിന് ലഹരിമാഫിയയുമായി ബന്ധമുണ്ടോ എന്ന് കണ്ടെത്താൻ കൂടുതൽ അന്വേഷണം നടത്തുമെന്ന് എ.എസ്.പി നിതിൻരാജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.