വീണ്ടും ലഹരിവേട്ട; മാരക മയക്കുമരുന്നുമായി ബി.ടെക് ബിരുദധാരികൾ അറസ്റ്റിൽ
text_fieldsകോഴിക്കോട്: നഗരത്തിൽ വീണ്ടും വൻ ലഹരിവേട്ട. മാരക മയക്കുമരുന്നുകളുമായി മൂന്ന് ബി.ടെക് ബിരുദധാരികൾ പിടിയിലായി. പാലാഴി അത്താണിയിലെ അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തിവന്ന വയനാട് മേപ്പാടി കിളിയമണ്ണ വീട്ടിൽ മുഹമ്മദ് ഷാമിൽ റഷീദ് (25), കപ്പംകൊല്ലി പതിയിൽ വീട്ടിൽ നൗഫൽ അലി (22), കോഴിക്കോട് അത്തോളി കളത്തുംകണ്ടി ഫൻഷാസ് (24) എന്നിവരാണ് അറസ്റ്റിലായത്.
ഡി.സി.പി എ. ശ്രീനിവാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാലാഴി എം.എൽ.എ റോഡിലുള്ള ഇവർ താമസിച്ച അപ്പാർട്ട്മെന്റിലെ റൂമിൽ നടത്തിയ പരിശോധനയിൽ വിൽപനക്കായി സൂക്ഷിച്ച മാരക സിന്തറ്റിക് മരുന്നുകളായ 31.30 ഗ്രാം എം.ഡി.എം.എ, 35 എൽ.എസ്.ഡി സ്റ്റാബ്, 780 മില്ലിഗ്രാം എക്സ്റ്റസി പിൽ, 11.50 ഗ്രാം കഞ്ചാവ്, മൂന്ന് മില്ലിഗ്രാം ഹഷീഷ് ഓയിൽ എന്നിവയും ലഹരിമരുന്ന് പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന നിരവധി കവറുകളും തൂക്കുന്ന മെഷീനും കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഒ.സി.ബി പേപ്പറും പിടിച്ചെടുത്തു.
എസ്.ഐ ടി.വി. ധനഞ്ജയദാസിന്റെ നേതൃത്വത്തിലുള്ള പന്തീരാങ്കാവ് പൊലീസും നാർകോട്ടിക് സെൽ അസി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സ് (ഡാൻസാഫും) ചേർന്നാണ് പ്രതികളെ പിടികൂടിയത്.
സിറ്റി പൊലീസ് കമീഷണർ എ. അക്ബറിന്റെ നിർദേശപ്രകാരം ലഹരിമാഫിയയെ അമർച്ചചെയ്യാൻ ഹോട്ടലുകൾ, ഫ്ലാറ്റുകൾ, വാടക വീടുകൾ, അപ്പാർട്ട്മെന്റുകൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധന തുടരുന്നുണ്ട്.
കഴിഞ്ഞദിവസം നഗരത്തിലെ ലോഡ്ജിൽനിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എയുമായി അരീക്കോട് സ്വദേശിയായ യുവതിയും കോഴിക്കോട് സൗത്ത് ബീച്ച് സ്വദേശിയായ യുവാവും പിടിയിലായിരുന്നു. പിന്നാലെയാണിപ്പോൾ പാലാഴിയിൽനിന്ന് മൂന്നുപേർകൂടി അറസ്റ്റിലായത്.
പിടിയിലായവർ ഇവന്റ് മാനേജ്‌മെന്റിന്റെ മറവിലാണ് ലഹരിവിൽപന തുടങ്ങിയതെന്നും പ്രതികൾക്ക് എവിടെ നിന്നാണ് മയക്കുമരുന്നെത്തിയതെന്നും ആർക്കൊക്കെയാണ് വിൽപന നടത്തുന്നതെന്നും അന്വേഷിച്ചുവരുകയാണെന്ന് പന്തീരാങ്കാവ് ഇൻസ്പെക്ടർ എൻ. ഗണേഷ് കുമാർ പറഞ്ഞു.
അടുത്തിടെ ഡാൻസാഫിന്റെ നേതൃത്വത്തിൽ സിറ്റിയിൽ ആറ് കേസുകളിലായി 300 ഗ്രാം എം.ഡി.എം.എയും 20 കിലോ കഞ്ചാവും 400 എൽ.എസ്.ഡി സ്റ്റാമ്പ്, 200ഓളം എം.ഡി.എം.എ പിൽ, ഹഷീഷ് ഓയിൽ എന്നിവയാണ് പിടിച്ചെടുത്തത്.
ഡാൻസാഫ് അസി. സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്ത്, എസ്.സി.പി.ഒ കെ. അഖിലേഷ്, സി.പി.ഒമാരായ ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്.സി.പി.ഒ ടി. പ്രഭീഷ്, പി. ശ്രീജിത്ത്കുമാർ, സി.പി.ഒമാരായ എം. രഞ്ജിത്ത്, എൻ. സനൂജ്, പി.കെ. കിരൺ, ടി.കെ. ഹരീഷ് കുമാർ, വി.എം. സുബിൻ, വിഷ്ണു എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.