മയക്കുമരുന്നിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കണം -എം.ഐ. അബ്ദുൽ അസീസ്
text_fieldsതാമരശ്ശേരി: ഭാവിതലമുറയെ കാർന്നുതിന്നുന്ന മയക്കുമരുന്നിനെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രതിരോധം തീർക്കണമെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു. പീപിള്‍സ് ഫൗണ്ടേഷന്‍ താമരശ്ശേരിക്കടുത്ത കട്ടിപ്പാറയില്‍ വിപുലമായ സൗകര്യങ്ങളോടെ ആരംഭിക്കുന്ന 'ജാസ്മിന്‍ വാലി' ഡി അഡിക്ഷന്‍ - മെന്‍റല്‍ ഹെല്‍ത്ത് -റിഹാബിലിറ്റേഷന്‍ സെന്ററിന്റെ ശിലാസ്ഥാപനം നടത്തുകയായിരുന്നു അദ്ദേഹം.
മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ശക്തമായ നിലപാടെടുക്കാൻ സർക്കാറുകൾ തയാറാവണം. മയക്കുമരുന്നിനടിപ്പെട്ട് വിദ്യാർഥികളും യുവജനങ്ങളും നട്ടംതിരിയുന്ന കാഴ്ചയാണ് എങ്ങുമുള്ളത്. നിരവധി കുടുംബങ്ങളാണ് ഇതുമൂലം തകർന്നുപോകുന്നത്.
പ്രതിഭകളായ വിദ്യാർഥികൾ പഠനം ഉപേക്ഷിക്കുന്ന സ്ഥിതിയാണുള്ളത്. നമ്മുടെ കാമ്പസുകൾ ലഹരിമുക്തമാക്കേണ്ടതുണ്ട്. വഴിതെറ്റിപ്പോയ വിദ്യാർഥികളെയും യുവജനങ്ങളെയും തിരിച്ചുകൊണ്ടുവരാൻ ക്രിയാത്മകവും സർഗാത്മകവുമായ ഇടപെടലുകളാണ് 'ജാസ്മിൻ വാലി' മുന്നോട്ടുവെക്കുന്നതെന്നും അമീർ പറഞ്ഞു.
പൊതുപരിപാടി പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരളീയസമൂഹത്തിന്റെ ധാർമിക മൂല്യങ്ങൾ കാത്തുസൂക്ഷിക്കാനും വിദ്യാഭ്യാസ- സാംസ്കാരിക പ്രബുദ്ധതക്ക് ചോർച്ച സംഭവിക്കാതിരിക്കാനും 'ജാസ്മിൻ വാലി' പോലുള്ള പദ്ധതികൾ അത്യാവശ്യമാണെന്ന് എം.എൽ.എ പറഞ്ഞു.
പീപിൾസ് ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റി മെംബർ നസ്റുദ്ദീൻ ആലുങ്ങൽ പദ്ധതി വിശദീകരണം നടത്തി.പീപിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹിമാൻ, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത്, ജമാഅത്തെ ഇസ്‍ലാമി ജില്ല പ്രസിഡന്റ് ടി. ശാക്കിർ, എ. അരവിന്ദൻ, എ.കെ. കൗസർ, നിധീഷ് കല്ലുള്ളതോട്, സൈനബ നാസർ, ഒമർ അഹമ്മദ് എന്നിവർ സംസാരിച്ചു. പീപിൾസ് ഫൗണ്ടേഷൻ സെക്രട്ടറി എം. അബ്ദുൽ മജീദ് സ്വാഗതവും സ്വാഗതസംഘം കൺവീനർ ആർ.കെ. അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.
കട്ടിപ്പാറയിലെ 10 ഏക്കര്‍ ഭൂമിയിലാണ് പദ്ധതി ആരംഭിക്കുന്നത്. 300 രോഗികള്‍ക്ക് ഒരേസമയം ചികിത്സ നല്‍കാന്‍ കഴിയുന്ന സെന്ററിൽ 100 രോഗികളെ കിടത്തിച്ചികിത്സിക്കാനും സൗകര്യമുണ്ടാവും. വിശാലമായ ഫാമിലി കൗണ്‍സലിങ് സെന്‍ററും പദ്ധതിയില്‍ ഉള്‍പ്പെടും.
വര്‍ഷത്തില്‍ 3500 കുടുംബങ്ങള്‍ക്ക് പദ്ധതിയിലൂടെ ആശ്വാസമേകാന്‍ സാധിക്കും. സൈക്കോളജി ആൻഡ് ക്ലിനിക്കല്‍ സൈക്കോളജി ട്രെയിനിങ് സെന്‍ററും റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടും പദ്ധതിയുടെ ഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.