കുടിശ്ശിക 80 കോടി ;മെഡിക്കൽ കോളജിൽ മരുന്ന്, ഉപകരണ വിതരണം നിലക്കും
text_fieldsകോഴിക്കോട്: ഒമ്പതു മാസത്തിലധികമായുള്ള പണം കുടിശ്ശികയായതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ന്യായവില മെഡിക്കൽ സ്റ്റോറുകളിലേക്ക് മരുന്ന്, സർജിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വിതരണം ഈ മാസം 10 മുതൽ നിർത്തിവെക്കുമെന്ന് വിതരണക്കാർ. മരുന്ന്, സർജിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്ത ഇനത്തിൽ ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കുടിശ്ശിക 80 കോടി കവിഞ്ഞതായി ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ അറിയിച്ചു.
മൂന്നു മാസത്തിനകം കുടിശ്ശിക നൽകുമെന്നാണ് വിതരണക്കാരും ആശുപത്രി വികസന സമിതിയും തമ്മിലുള്ള കരാർ. എന്നാൽ, ഒമ്പതു മാസത്തിലധികമായി പണം കുടിശ്ശികയാണ്. കുടിശ്ശിക അനുവദിച്ചില്ലെങ്കിൽ ഈ മാസം 10 മുതൽ മരുന്ന്, സർജിക്കൽ ഉപകരണ വിതരണം നിർത്തിവെക്കുമെന്ന് കാണിച്ച് ആരോഗ്യ വിഭാഗം പ്രിൻസിപ്പൽ സെക്രട്ടറിക്കും മെഡിക്കൽ കോളജ് പ്രിൻസിപ്പലിനും ആശുപത്രി സൂപ്രണ്ടിനും അസോസിയേഷൻ ശനിയാഴ്ച കത്ത് നൽകി.
കുടിശ്ശിക കുന്നുകൂടുന്നതുമൂലം വിതരണക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കമ്പനികൾക്ക് മരുന്നിന് പണം നൽകാൻ കഴിയാത്ത അവസ്ഥയിലാണ് ചെറുകിട വിതരണക്കാരെന്നും അസോസിയേഷൻ അറിയിച്ചു.
ആശുപത്രി വികസന സമിതി ചെയർമാൻ കലക്ടർ സ്നേഹിൽ കുമാർ സിങ്, സ്ഥലം എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ എന്നിവർക്കും കത്ത് നൽകിയിട്ടുണ്ട്.
അതേസമയം, വിഷയം ഉടൻ സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് പ്രിൻസിപ്പൽ അറിയിച്ചതായി അസോസിയേഷൻ അറിയിച്ചു. കാരുണ്യ ഇൻഷുറൻസ് പദ്ധതിയിൽ ചികിത്സ ലഭ്യമാക്കിയ ഇനത്തിൽ സർക്കാറിൽനിന്ന് 150 കോടി ലഭിക്കാനുണ്ട്. ഈ പണം ലഭിക്കാത്തതാണ് മരുന്ന് വിതരണക്കാർക്കുള്ള പണം കുടിശ്ശിയാകാൻ കാരണമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.
ഇക്കഴിഞ്ഞ മാർച്ചിൽ കുടിശ്ശികയെത്തുടർന്ന് കമ്പനികൾ മരുന്ന്, ഉപകരണ വിതരണം നിർത്തിവെച്ചത് മെഡിക്കൽ കോളജിൽ മരുന്ന് ക്ഷാമത്തിനും സർജറികൾ മുടങ്ങാനും ഇടയാക്കിയിരുന്നു. മാത്രമല്ല, ആശുപത്രി വികസന സമിതി നടത്തുന്ന ന്യായവില മെഡിക്കൽ ഷോപ് അടച്ചിടുന്നതുവരെ കാര്യങ്ങൾ എത്തി. എം.കെ. രാഘവൻ എം.പി അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സർക്കാർ വിതരണക്കാരുമായി ചർച്ച നടത്തുകയും 2023 ഡിസംബർ 31 വരെയുള്ള കുടിശ്ശിക നൽകാമെന്ന ഉറപ്പിൽ വിതരണം പുനഃസ്ഥാപിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.