ദം ദം ബിരിയാണി മത്സരം: ബിരിയാണി രുചി തേടി മലേഷ്യയിൽനിന്നും
text_fieldsകോഴിക്കോട്: രുചിപ്പെരുമ തേടി മലേഷ്യയിൽനിന്ന് വന്നതാണ് കുഞ്ഞിമുഹമ്മദ്-ആബിദ ദമ്പതികളും കുടുംബവും. മലേഷ്യയിലെ റസ്റ്റാറന്റ് ശൃംഖലയുടെ പ്രധാന ഷെഫ് ആബിദയാണ്. ഉമ്മ വീട്ടിലുണ്ടാക്കുന്ന രുചിക്കൂട്ടുകളിൽ ആകൃഷ്ടരായി മക്കളുടെ നിർബന്ധത്തിലാണ് മലേഷ്യയിൽ കുടുംബം ‘ഹിജ്റ’ എന്ന റസ്റ്റാറന്റ് തുടങ്ങിയത്. ഇവരുടെ റസ്റ്റാറന്റുകളിലെല്ലാം ആബിദയുടെ രുചിക്കൂട്ടുകളാണ് ഉപയോഗിക്കുന്നത്.
എന്നാൽ, മലേഷ്യയിൽ ലഭിക്കുന്ന ബസ്മതി അരി കൊണ്ടുണ്ടാക്കുന്ന ബിരിയാണിയേക്കാൾ രുചികൊണ്ടും മണംകൊണ്ടും മേന്മ കൂടുതലാണ് കൈമ അരി കൊണ്ടുണ്ടാക്കുന്ന ബിരിയാണിയെന്നാണ് ആബിദയുടെ സാക്ഷ്യം. കാണുമ്പോൾ തന്നെ കൊതി തോന്നും. ഇന്ത്യയിലെ സുഗന്ധവ്യഞ്ജനങ്ങളുടെ പ്രത്യേകതയും ഇവിടത്തെ വിഭവങ്ങളുടെ സ്വാദ് ഇരട്ടിയാക്കുന്നുണ്ട്. പുതിയ രുചികൾ, പുതിയ റെസിപ്പികൾ എല്ലാം തേടിയാണ് കേരളത്തിലെത്തിയത്. ദം ദം ബിരിയാണി മത്സരത്തിലെ രുചിക്കൂട്ടുകൾ കൂടി ഇനി മലേഷ്യയിലെ റസ്റ്റാറന്റിൽ വിളമ്പാനാകുമെന്നാണ് പ്രതീക്ഷയെന്ന് ആബിദ പറഞ്ഞു. മലപ്പുറത്ത് ആര്യംപാവിലാണ് കുഞ്ഞിമുഹമ്മദിന്റെ മുൻതലമുറ ജീവിച്ചിരുന്നത്. മാപ്പിളലഹളക്കാലത്ത് അന്തമാനിലേക്കും മലേഷ്യയിലേക്കുമായി കുടുംബത്തിലെ പലരും പലവഴിക്കായി. മകളായ ബൈജുറയുടെ ഭർത്താവ് സാദ് ചേന്ദമംഗലൂരുകാരനായതുകൊണ്ട് ഇടക്കിടെ കേരളം സന്ദർശിക്കാൻ അവസരം ലഭിക്കുന്നതിനാൽ സംതൃപ്തരാണ് ആബിദയും കുഞ്ഞിമുഹമ്മദും.
ഇളനീരുകൊണ്ടൊരു ടെൻഡർ ബിരിയാണി
ടെൻഡർ കോക്കനട്ടുകൊണ്ട് ബിരിയാണി ഉണ്ടാക്കാമെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? വയനാട്ടിലെ ജഷീല യാസിർ പറയും അതെളുപ്പമാണെന്ന്. ചിക്കൻ ബിരിയാണി മസാലക്കൊപ്പം ചേർക്കുന്ന തൈരിനുപകരം മൂപ്പുകുറഞ്ഞ ഇളനീർ അരച്ചുചേർക്കുമ്പോൾ കിട്ടുന്നത് ഒരു പ്രത്യേക രുചിയാണ്.
പുളിസ്വാദ് കിട്ടാൻ കുറച്ച് ചെറുനാരങ്ങകൂടി ചേർക്കണം എന്നുമാത്രം. പുതിന ചമ്മന്തിയും സാലഡും കൂട്ടിയാണ് കഴിക്കേണ്ടത്. പനിക്കൂർക്കയിലയും ഗ്രാമ്പൂവും കറുവപ്പട്ടയും ചേർത്ത കാപ്പി കൂടെയുണ്ടെങ്കിൽ ഉഷാറായി.
കേട്ടിനേം കഴിച്ചിനേം... മത്തിക്കപ്പ ബിരിയാണി വിത്ത് ഫ്ലവർ കൂട്
ബിരിയാണി മാത്രമല്ല, ബിരിയാണി വിളമ്പുന്ന പാത്രം വരെ തയാറാക്കി വെച്ചിരിക്കുകയാണ് മത്തിക്കപ്പ ബിരിയാണി ഫ്ലവർ കൂട്. വടകരയിൽനിന്ന് സുമയ്യ വന്നത് തന്റെ ബിരിയാണിക്ക് ‘കേട്ടിനേം കഴിച്ചിനേം’ എന്ന പുതിയ പേരുകൂടി നൽകിയാണ്. മത്തിയും കപ്പയും മുരിങ്ങയിലയും ചിരകിയ തേങ്ങയും എല്ലാം ചേർത്താണ് ഈ ബിരിയാണി തയാറാക്കുന്നത്. ഇത് വിളമ്പാനായി വെക്കുന്നതോ വലിയൊരു ഫ്ലവർ കൂടിലാണ്.
സുമയ്യ തന്നെ മൈദകൊണ്ട് ഉണ്ടാക്കിയ ഫ്ലവർ കൂട് എണ്ണയിൽ പൊരിച്ചെടുത്താണ് വിളമ്പാനുള്ള പാത്രം തയാറാക്കുന്നത്. ബേബി കോൺ കൊണ്ടുണ്ടാക്കിയ സാലഡാണ് മത്തിക്കപ്പ ബിരിയാണി വിത്ത് ഫ്ലവർ കൂടിന്റെ സൈഡ് ഡിഷ്.
ജീവിതത്തിലല്ല, ബിരിയാണിക്കളത്തിൽ പോരിനുറച്ച് ദമ്പതികൾ
ജീവിതത്തിൽ മത്സരിക്കാനില്ലെങ്കിലും ബിരിയാണി മത്സരത്തിൽ പരസ്പരം മത്സരിക്കാനുറച്ച് ദമ്പതികളായ മുഹമ്മദും സൗബിനയും. ദം ദം ബിരിയാണി മത്സരത്തിൽ മുഹമ്മദ് മോഡ മത്സരിച്ചത് മട്ടൻ ബിരിയാണിയും ഏരി ഗ്രിൽ ചെയ്തതും ഒരുക്കിയായിരുന്നു. പച്ചയും ചുവപ്പും നിറത്തിലൊരുക്കിയ ഏരി ഗ്രിൽ ചെയ്തതും കൂടെ ഒരുക്കിവെച്ച നെൽക്കതിരുകളും ആരും ഒരിക്കൽക്കൂടി നോക്കിപ്പോകുന്ന തരത്തിലാണ് മുഹമ്മദ് ഒരുക്കിവെച്ചത്.
സൗബിന പാചകം ചെയ്ത ലഗൂൺ ബിരിയാണിയും ബീഫ് കൊണ്ടാട്ടവും വെഡിങ് കൗണ്ടർ രീതിയിലാണ് ഒരുക്കിയിരുന്നത്. സാധാരണ കോഴിബിരിയാണിയേക്കാൾ രുചി കൂടുതലാണ് ലഗൂൺ കോഴികൾക്കെന്നാണ് സൗബിനയുടെ അഭിപ്രായം. ലഗൂൺ കോഴി കൊണ്ടുണ്ടാക്കുന്ന ബിരിയാണി റൈസിനും സ്വാദ് കൂടുതലാണ്. മുക്കത്ത് കേറ്ററിങ് ബിസിനസ് നടത്തുന്ന ഇവർക്ക് ജീവിതംതന്നെ ഒരു പാചക മത്സരമാണ്. ഇതിൽ ആരു ജയിച്ചാലും വിജയത്തിൽ രണ്ടുപേർക്കും തുല്യ അവകാശം.
ഇടിയപ്പവും ഫുൾ കാടയും
ഇടിയപ്പത്തോടൊപ്പം ഫുൾ കാടയും ചേർത്തൊരു ബിരിയാണി റെസിപ്പിയുമായാണ് സുനന്ദ ബേപ്പൂർ മത്സരത്തിനെത്തിയത്. റൈസിന് പകരമാണ് സുനന്ദ ഇടിയപ്പം ഉപയോഗിച്ചിരിക്കുന്നത്. കണ്ണൂർ സ്റ്റൈലിലാണ് ബിരിയാണി ഒരുക്കിയിരിക്കുന്നത്.
പപ്പടത്തിനൊപ്പം വിളമ്പുന്ന സാലഡാണ് ഇതിന്റെ ഹൈലൈറ്റ്. കാടമുട്ടകൊണ്ട് അലങ്കരിച്ചതോടൊപ്പം കാടമുട്ട മുളകിട്ടതും ചേർത്താണ് ഇടിയപ്പം ഫുൾ കാട ബിരിയാണി വിളമ്പുന്നത്.
മഴവില്ല് ബിരിയാണി ഹിറ്റ്
പല നിറത്തിൽ രുചിയിൽ അടുക്കടുക്കായി ബിരിയാണി വിളമ്പി വെച്ച ഒരു പ്ലേറ്റ് സങ്കൽപിച്ചുനോക്കൂ. കാരറ്റും ബീറ്റ്റൂട്ടും ബീൻസുമൊന്നും ബിരിയാണി രുചിക്കൂട്ടിൽ ഉൾപ്പെടില്ലെങ്കിലും നിറക്കൂട്ടിനൊപ്പം പച്ചക്കറിയുടെ ഗുണങ്ങളും ചേരുന്നതാണ് റെയിൻബോ ബിരിയാണി.
കൊഞ്ചുകൊണ്ടാണ് ബിരിയാണി ഉണ്ടാക്കിയതെങ്കിലും പച്ച, ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങൾ തീർത്ത മനോഹാരിത കാരണം ഇതൊന്നും ശ്രദ്ധയിൽപെടില്ല. മഞ്ഞൾ ചേർത്ത ബിരിയാണി റൈസിന് താഴെ ലെയറുകളായി ബീൻസിന്റെയും കാരറ്റിന്റെയും ബീറ്റ്റൂട്ടിന്റെയും ലെയറുകൾ. വടകരയിൽനിന്ന് വന്ന ഫെമിത നൗഷാദാണ് റെയിൻബോ ബിരിയാണി ഒരുക്കിയിരിക്കുന്നത്.
ജാനകി ചേച്ചിക്ക് വെറൈറ്റിയാണ് മെയിൻ
വെറൈറ്റി തേടി നടന്ന് ജാനകിച്ചേച്ചി ഇപ്പോൾ എത്തിനിൽക്കുന്നത് ‘ഈന്ത്പിടി മത്തി ബിരിയാണി’യിലാണ്. ചിക്കനും കൊഞ്ചും ബീഫും കല്ലുമ്മക്കായും എല്ലാം പഴഞ്ചനല്ലേ, ഇനി മത്തിയും ഈന്തും പരീക്ഷിച്ചുനോക്കാം എന്നാണ് ജാനകിച്ചേച്ചി പറയുന്നത്.
അതുമാത്രമല്ല ഈ ബിരിയാണിക്ക് വേറെയും പ്രത്യേകതകളുണ്ട്. നെല്ലിക്കയും മാങ്ങയും കുരുമുളകും കാന്താരിയും അരച്ചുചേർത്താണ് ഇതിന്റെ മസാല തയാറാക്കുന്നത്. പാഷൻ ഫ്രൂട്ടിന്റെ ജ്യൂസും കൂടി ചേരുമ്പോഴാണ് ഈ ബിരിയാണിയുടെ രസം പൂർണമാകുന്നത്. പല പാചക മത്സരങ്ങളിലും പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട് കോട്ടൂളി സ്വദേശിയായ ജാനകി പവിത്രൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.