അനക്കമില്ലാതെ ഇ-ഓട്ടോകൾ
text_fieldsകോഴിക്കോട്: ഓടിക്കാനാളില്ലാത്തതിനാൽ നഗരത്തിൽ അജൈവ മാലിന്യ ശേഖരണത്തിന് തയാറാക്കിയ ഓട്ടോറിക്ഷകൾ ഉദ്ഘാടനം ചെയ്ത് നാലുമാസം കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ല. ഉദ്ഘാടനം ചെയ്തപ്പോൾ തൂക്കിയ റിബണുകളും മറ്റും പേറി അതേ പടി ടാഗോർ ഹാൾ വളപ്പിൽ കിടക്കുകയാണ് ഓട്ടോകൾ.
നഗരത്തിൽനിന്ന് ശേഖരിക്കുന്ന അജൈവമാലിന്യം എടുക്കാൻ ആവശ്യത്തിന് വണ്ടികളില്ലെന്ന പരാതി തുടരുമ്പോഴാണ് കോർപറേഷൻ നടപ്പാക്കുന്ന അഴക് പദ്ധതിയുടെ സന്ദേശമടക്കം പതിച്ച ഓട്ടോകൾ വെറുതെ കിടക്കുന്നത്.
ജനുവരിയിലാണ് ഹരിതകർമസേനാംഗങ്ങൾക്ക് 30 ഗുഡ്സ് ഇ-ഓട്ടോകൾ നൽകിയത്. ഇ-ഓട്ടോ ഓടിച്ച് പരിചയമില്ലാത്ത, ലൈസൻസില്ലാത്ത ഹരിതകർമസേനാംഗങ്ങൾക്കാണ് വണ്ടി നൽകിയത്. വണ്ടികളുടെ രജിസ്ട്രേഷൻ നടപടികളും വൈകി. ഡ്രൈവിങ് പരിശീലനം നൽകി കൈമാറുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. ജനുവരി 12ന് മന്ത്രി എം.ബി. രാജേഷ് കണ്ടംകുളം ഹാളിലാണ് വിതരണം നടത്തിയത്.
കോർപറേഷന്റെ 75 വാർഡുകളിലും ഇ-ഓട്ടോ നൽകുമെന്നായിരുന്നു അന്ന് പ്രഖ്യാപിച്ചത്. ആദ്യഘട്ടമായി 30 ഓട്ടോ കൈമാറുകയായിരുന്നു. കേന്ദ്ര സർക്കാറിന്റെ നഗരസഞ്ചയം പദ്ധതിയിലായിരുന്നു വിതരണം. വെസ്റ്റ്ഹിൽ ഗവ. പോളിടെക്നിക്കിലെ ഇൻഡസ്ട്രി ഓൺ കാമ്പസിലാണ് ഓട്ടോകൾ നിർമിച്ചത്. വിദ്യാർഥികൾ നിർമിച്ച ഓട്ടോ അന്ന് വലിയ ശ്രദ്ധ നേടി. മാർച്ചോടെ മുഴുവൻ ഓട്ടോകളും എത്തുമെന്ന പ്രതീക്ഷയും നടന്നില്ല.
ജൈവ, അജൈവമാലിന്യം ശേഖരിക്കുന്ന ഹരിതകർമസേനാംഗങ്ങളിൽ അജൈവമാലിന്യം ശേഖരിക്കുന്നവർക്കാണ് വാഹനം നൽകിയത്. ജൈവമാലിന്യം ശേഖരിക്കുന്നവരിൽ ലൈസൻസുള്ളവരെ തൽക്കാലം ഇ -ഓട്ടോകൾ ഓടിക്കാൻ നിയമിക്കണമോയെന്നാണ് കോർപറേഷൻ ഇപ്പോൾ ആലോചിക്കുന്നത്.
ജൈവ മാലിന്യമെടുക്കുന്നത് തടസ്സപ്പെടാത്ത വിധം അജൈവ മാലിന്യത്തിനുള്ള ഇ-ഓട്ടോകൾ ഓടിക്കാനാവുമോയെന്ന കാര്യമാണ് ആലോചിക്കുന്നത്. ഡ്രൈവിങ് പഠിക്കാൻ താൽപര്യമുള്ളവരെ ആദ്യം കിട്ടിയിരുന്നില്ലെന്നും ലൈസൻസുള്ള ഹരിതകർമസേനാംഗങ്ങൾക്ക് പരിശീലനം നൽകാൻ നടപടിയായിട്ടുണ്ടെന്നും കോർപറേഷൻ അധികൃതർ പറയുന്നു.
കെടുകാര്യസ്ഥതയെന്ന് പ്രതിപക്ഷം
നഗര ഭരണാധികാരികളുടെ കെടുകാര്യസ്ഥതയാണ് പദ്ധതി നിർമാണം വൈകിച്ചതെന്ന് യു.ഡി.എഫ് കൗൺസിൽ പാർട്ടി ലീഡർ കെ.സി. ശോഭിതയും ഡെപ്യൂട്ടി ലീഡർ കെ.മൊയ്തീൻ കോയയും പറഞ്ഞു. ഈ കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്താൻ ഭരണാധികാരികൾ തയാറാകണം. പദ്ധതി ഇനിയും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.
കൂടുതൽ വൈകിയാൽ കേന്ദ്രസർക്കാറിന്റെ ഫണ്ട് തിരിച്ചുപിടിക്കും എന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന സൂചന. കെങ്കേമമായി ഉദ്ഘാടനം നടത്തിയ ഭരണാധികാരികൾ പിന്നീട് അങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല. കോർപറേഷൻ ഭരണാധികാരികളുടെ നിരുത്തരവാദ നിലപാട് നഗര വികസനത്തിന് വലിയ തടസ്സമാണെന്ന് യു.ഡി.എഫ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.