ഈസ്റ്റർ-റമദാൻ; കോഴിയിറച്ചിക്ക് വില കൂട്ടാൻ നീക്കം
text_fieldsകോഴിക്കോട്: ഈസ്റ്ററും റമദാനും വിഷുവും ഒന്നിച്ചു വന്നതോടെയുള്ള അധിക ആവശ്യക്കാലത്ത് കോഴിയിറച്ചി വില കൂട്ടാൻ അണിയറ നീക്കം നടക്കുന്നതായി ആരോപണം. കൃത്രിമ ക്ഷാമം സൃഷ്ടിച്ച് ഫാമുകള്‍ കൊള്ള നടത്തുന്നതായി കോഴി വ്യാപാരികള്‍ ആരോപിച്ചു.
കിലോക്ക് 180 രൂപക്ക് കിട്ടുന്ന കോഴിയിറച്ചി വില 250 രൂപയിലെത്തുമെന്നാണ് വ്യാപാരികൾ പറയുന്നത്. തമിഴ്‌നാട് ലോബിയും ഇവര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നവരും കൊള്ളലാഭം പങ്കിട്ടെടുക്കുകയാണെന്ന് ചിക്കന്‍ വ്യാപാരി സമിതി ജില്ല സെക്രട്ടറി മുസ്തഫ കിണാശ്ശേരി പറഞ്ഞു. മേഖലയില്‍ വലിയ ചൂഷണമാണ് കുത്തക ഫാമുടമകള്‍ നടത്തുന്നത്. ഉൽപാദന ചെലവിന്റെ രണ്ടിരട്ടി ലാഭത്തിലാണ് വില്‍പന നടത്തുന്നത്. ബന്ധപ്പെട്ട അധികാരികള്‍ മൗനം വെടിഞ്ഞ് പൂഴ്ത്തിവെപ്പുകാര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്ന് ചിക്കന്‍ വ്യാപാരി സമിതി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രതിഷേധ സമരത്തിലേക്കും അനിശ്ചിതകാല കടയടപ്പ് സമരത്തിലേക്കും നീങ്ങുമെന്നാണ് മുന്നറിയിപ്പ്.
ജില്ല പ്രസിഡന്റ് കെ.വി. റഷീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുസ്തഫ കിണാശ്ശേരി, ആക്ടിങ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ല ട്രഷറര്‍ സി.കെ. അബ്ദുറഹ്മാന്‍, ജില്ല ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു. നേരത്തേ ക്രിസ്മസ്-പുതുവത്സര കാലത്തും വിലക്കയറ്റമുണ്ടായിരുന്നു. റമദാൻ വ്രതം തുടങ്ങുന്നതിനുമുമ്പ് 200 രൂപയുണ്ടായിരുന്ന ബ്രോയിലർ കോഴിക്ക് ഈയിടെയാണ് കിലോക്ക് 180 രൂപയായത്.
മത്സ്യവില ഉയർന്നുതന്നെ
മത്സ്യം കിട്ടാതായതോടെ സീസണിൽ വില കുതിച്ചുയർന്നു. അയക്കൂറ 1000 രൂപക്ക് മുകളിൽ കിലോ വില തുടരുന്നു. 800 രൂപയുണ്ട് ആവോലിക്ക്. പപ്പൻസ് തുടങ്ങി ഈയിടെ പ്രചാരത്തിലായ ചെറുകിട മീനുകളും ഏട്ട, നെയ്മീൻ, ചെമ്പല്ലി തുടങ്ങിയവയുമാണ് കൂടുതൽ വിറ്റുപോകുന്നതെന്ന് വ്യാപാരികൾ പറഞ്ഞു. ഇവക്ക് കിലോ 300ന് മുകളിലേക്ക് ഉയർന്നിട്ടുണ്ട്. ഉണക്കമത്സ്യത്തിന് ഡിമാൻഡ് കുറഞ്ഞുവരുന്നതായി വ്യാപാരികൾ പറഞ്ഞു.
300 മുതൽ 360 വരെയാണ് പോത്ത്, ബീഫ് എന്നിവക്ക് വില. 360 മുതൽ 380 വരെയാണ് എല്ലില്ലാത്ത ഇറച്ചിക്ക് ഈടാക്കുന്നത്. ആട്ടിറച്ചിക്ക് 680 മുതൽ 700 വരെയായി തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.