മുട്ടയുൽപാദനത്തിൽ കോഴിക്കോട് ജില്ലയിൽ വളർച്ച
text_fieldsകോഴിക്കോട്: ജില്ലയിൽ വീടുകളിലും ഫാമുകളിലുമായി 2020-21 വർഷം 18.08 കോടി മുട്ട ഉൽപാദിപ്പിച്ചതായി കണക്ക്. 2019-20 വർഷം 15.77 കോടി ആയിരുന്നതാണ് ഇത്രയും വർധിച്ചത്.
ഭക്ഷ്യസുരക്ഷക്കൊപ്പം വരുമാനവും ഉറപ്പാക്കാനാവുന്നതാണ് മുട്ട ഉൽപാദനം. കോവിഡിനുശേഷം വരുമാനമെന്ന നിലയിൽ കൂടുതൽ ആളുകൾ ഈ രംഗത്തേക്ക് തിരിഞ്ഞതാണ് വർധനക്കിടയാക്കിയതെന്നാണ് അനുമാനം. കോവിഡ്, പ്രളയം എന്നിവക്കുശേഷം മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും വിവിധ പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. 2018ൽ പ്രളയ ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി വകുപ്പുതലത്തിൽ കോഴികളെ വിതരണം ചെയ്തിരുന്നു. ഇത് 2018-19ൽ മുട്ട ഉൽപാദനം കൂട്ടാൻ ഇടയാക്കി. 16.81 കോടിയായിരുന്നു ഉൽപാദനം. 16.59 കോടി കോഴിമുട്ടയും 22.03 ലക്ഷം താറാവ് മുട്ടയും.
തൊട്ടടുത്ത വർഷം അൽപം പിറകോട്ടായെങ്കിലും കോവിഡിനുശേഷം വരുമാനമെന്ന നിലയിൽതന്നെ കൂടുതലാളുകൾ ഈ രംഗത്തേക്കു വന്നത് നേട്ടമായെന്നാണ് വിലയിരുത്തൽ. 13ാം പഞ്ചവത്സര പദ്ധതിയിൽ അഞ്ചു മുതൽ 25 വരെ സെറ്റ് കോഴികളെ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. നേരത്തേ പകുതി പണം ഗുണഭോക്താവ് നൽകണമായിരുന്നു.
ജില്ല പഞ്ചായത്ത് തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് നടത്തിയ മുട്ടഗ്രാമം, വിദ്യാർഥികൾക്കായി വകുപ്പ് നടത്തുന്ന സ്കൂൾ പൗൾട്രി ക്ലബുകൾ, തദ്ദേശ സ്ഥാപനങ്ങളുടെ മട്ടുപ്പാവിൽ കോഴിവളർത്തൽ തുടങ്ങി വിവിധ പദ്ധതികളും മുട്ട വർധനക്ക് കാരണമായെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.