സൗത്ത് ബീച്ചിൽ ശക്തമായ മിന്നലിൽ എട്ടുപേർക്ക് പരിക്ക്
text_fieldsകോഴിക്കോട്: കാറ്റും കോളുമില്ലാതെ നട്ടുച്ചക്ക് സൗത്ത് ബീച്ചിലുണ്ടായ ശക്തമായ മിന്നലിൽ എട്ടുപേർക്ക് പരിക്ക്. മത്സ്യത്തൊഴിലാളികളും മീൻ വാങ്ങാൻ എത്തിയവരുമടക്കമുള്ളവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്നുപേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചക്ക് 12.45 ഓടെയാണ് അപ്രതീക്ഷിതമായി മിന്നലുണ്ടായത്. മിന്നലിന്റെ തീവ്രമായ മുഴക്കം നഗരത്തെ വിറപ്പിച്ചു. തമിഴ്നാട്ടിലെ പുകയില കൃഷിക്കായി കടല്‍വെള്ളം ബാരലില്‍ നിറച്ചുനല്കുന്നതിനിടെയാണ് ആറുപേർക്ക് മിന്നലേറ്റത്. കടലിലിറങ്ങി ഉപ്പുവെള്ളം ബാരലില്നിറച്ച് ലോറിയില്‍ കയറ്റിവെക്കുകയായിരുന്നു ഇവര്‍. മറ്റുള്ളവർ സമീപത്തായി നിൽക്കുകയായിരുന്നു.
ചക്കുംകടവിൽ താമസിക്കും സൗത്ത് ബീച്ച് സ്വദേശി അഷ്റഫ് (49), സൗത്ത് ബീച്ച് തലനാർ തൊടുക സലീം (45), മകൻ മുഹമ്മദ് ഹനീൻ (17), സൗത്ത് ബീച്ച് സ്വദേശികളായ മുനാഫ് (47), എൻ.പി. സുബൈർ (48), അബ്ദുല്ലത്തീഫ് എന്ന ബിച്ചു (51), നാലകംപറമ്പ് ജംഷീർ (34), പുതിയങ്ങാടി കോയാ റോഡ് ഹാജിയാരകത്ത് ശരീഫ് (37) എന്നിവരെയാണ് ഗവ. ജനറൽ (ബീച്ച്) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഷ്റഫ്, അബ്ദുല്ലത്തീഫ് എന്ന ബിച്ചു, സുബൈർ എന്നിവരെയാണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. അഷ്റഫ് ലോറിക്കു മുകളിലായിരുന്നു. ഇയാളുടെ പരിക്ക് ഗുരുതരമാണ്. സലീം താഴെനിന്ന് വെള്ളംനിറച്ച വീപ്പ അടുക്കിക്കെട്ടുകയായിരുന്നു. സലീമിന്റെ മകൻ മുഹമ്മദ് ഹനീൻ സൗത്ത് ബീച്ചിൽ റോഡിനോടുചേർന്ന സ്ഥലത്ത് കടുക്ക വിൽക്കുകയായിരുന്നു. അഷ്റഫിനും ജംഷീറിനും തലക്കും സുബൈറിനും മുനാഫിനും കാലിനുമാണ് പരിക്ക്. പുതിയങ്ങാടി സ്വദേശി ശരീഫ് കടുക്കവാങ്ങാൻ ബീച്ചിലെത്തിയതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.