ഉണ്ണികുളം കരിന്തോറ ഭാഗത്ത് കുടിവെള്ള പൈപ്പ് പൊട്ടി ജലവിതരണം മുടങ്ങി, റോഡ് തകർന്നു
text_fieldsഎകരൂൽ: കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകർന്നതിനൊപ്പം കുടിവെള്ളവും മുടങ്ങി. ഉണ്ണികുളം പഞ്ചായത്തിലെ എട്ടാം വാർഡിൽ എസ്റ്റേറ്റ്മുക്ക്-കരിന്തോറ റോഡിൽ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസിന്റെ പാചകവാതക വിതരണത്തിന് പൈപ്പ് സ്ഥാപിക്കാൻ കുഴിയെടുത്തപ്പോഴാണ് വാട്ടർ അതോറിറ്റിയുടെ മൊകായ് കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയത്.
പൈപ്പ് പൊട്ടിയതോടെ ഈ ഭാഗത്ത് റോഡ് തകരുകയും ഉണ്ണികുളം പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലേയും നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ള വിതരണം മുടങ്ങുകയും ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് പൈപ്പ് പൊട്ടിയതെന്നും ആറു ദിവസമായിട്ടും പൈപ്പ് മാറ്റിസ്ഥാപിക്കാനോ ഗ്രാമീണ റോഡിലെ കുഴി നികത്താനോ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നും പ്രദേശവാസികൾ പറയുന്നു.
വാട്ടർ അതോറിറ്റിയുടെ ടാങ്കിലേക്കുള്ള പ്രധാന പൈപ്പ് ലൈനാണ് പൊട്ടിയത്. ജലവിതരണം നിർത്തിവെച്ചെങ്കിലും പൈപ്പ് പൊട്ടിയ ഭാഗത്തുകൂടി വാഹനങ്ങൾ കുഴിയിൽ ചാടി അപകടമുണ്ടാകാൻ സാധ്യത ഏറെയാണ്. 5000ത്തിലധികം കുടുംബങ്ങൾക്കും സ്ഥാപനങ്ങൾക്കും കുടിവെള്ളമെത്തിക്കുന്ന പദ്ധതിയിൽ ജലവിതരണം മുടങ്ങിയത് നാട്ടുകാരെ വലച്ചു.
വാട്ടർ അതോറിറ്റിയും അദാനി ഗ്യാസ് അധികൃതരും തമ്മിലുള്ള തർക്കംമൂലമാണ് പൈപ്പ് മാറ്റിസ്ഥാപിക്കാൻ കഴിയാത്തതെന്നും ഇരു വിഭാഗവും യോജിച്ച് പരിഹാരം കാണുകയാണ് വേണ്ടതെന്നും നാട്ടുകാർ പറയുന്നു. പൈപ്പ് പൊട്ടിയ ഭാഗത്ത് റോഡിൽ ഗർത്തം രൂപപ്പെട്ടതിനാൽ വാഹനങ്ങൾ കുഴിയിൽ ചാടി അപകടത്തിൽപെടുന്നത് പതിവായിട്ടുണ്ട്. പൈപ്പ് മാറ്റിസ്ഥാപിച്ച് പ്രശ്നപരിഹാരം കാണുന്നില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.