കരുമല വളവിൽ വീണ്ടും വാഹനാപകടം
text_fieldsഎകരൂൽ: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിലെ ഉണ്ണികുളം പഞ്ചായത്തിൽപെട്ട സ്ഥിരം അപകട മേഖലയായ കരുമല വളവിൽ വീണ്ടും വാഹനാപകടം. ലോറിയും മിനി ഗുഡ്സ് വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുഡ്സ് വാഹനത്തിലെ ഡ്രൈവർ തമിഴ്നാട് സ്വദേശിക്കും കാൽനട യാത്രക്കാരനായ റിട്ട. അധ്യാപകൻ കരുമല പെരുവാളം വീട്ടിൽ ചെക്കിണി മാസ്റ്റർക്കും (87) ഗുരുതര പരിക്ക്.
ഇരുവരെയും കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടം. പ്രഭാതസവാരിക്കിറങ്ങിയതായിരുന്നു വയോധികനായ ചെക്കിണി മാസ്റ്റർ. റോഡരികിലൂടെ നടക്കുകയായിരുന്നു ഇദ്ദേഹത്തെ അപകടത്തിൽപ്പെട്ട വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. എസ്.ഐ സി.പി. വിനോദിന്റെ നേതൃത്വത്തിലെത്തിയ ഹൈവേ പൊലീസ് സ്ഥിതിഗതികൾ നിയന്ത്രിച്ചു.
കാലിന് ഗുരുതര പരിക്കേറ്റ നിലയിൽ ഗുഡ്സ് വാഹനത്തിനുള്ളിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശിയായ ഡ്രൈവറെ നരിക്കുനി ഫയർ സ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫിസർ എം.സി. മനോജിന്റെ നേതൃത്വത്തിൽ എത്തിയ സേനാംഗങ്ങൾ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനഭാഗം മുറിച്ചുമാറ്റിയാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. സ്ഥിരം അപകടമേഖലയായ ഈ വളവിൽ ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു.
കരുമല വളവിൽ അപകടങ്ങൾ തുടർക്കഥ; റോഡ് ഉപരോധിച്ച് നാട്ടുകാർ
എകരൂൽ: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിൽ ഉണ്ണികുളം പഞ്ചായത്തിലെ കരുമല വളവ് നിരന്തരം അപകട മേഖലയായതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു. ലോറിയും മിനി ഗുഡ്സ് വാഹനവും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റതാണ് ഇവിടെ നടന്ന ഏറ്റവും ഒടുവിലത്തെ അപകടം.
വെള്ളിയാഴ്ച രാവിലെ ആറുമണിയോടെ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രഭാത സവാരിക്കിറങ്ങിയ വയോധികനുൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. നവീകരിച്ച സംസ്ഥാനപാതയിലെ വളവും അപരിചിതരായ ഡ്രൈവർമാരുടെ അമിതവേഗവും അപകടത്തിന് കാരണമാണെന്ന് നാട്ടുകാർ പറയുന്നു.
റോഡ് നവീകരണം പൂർത്തിയായി ഒരു വർഷത്തിനകം 30ലേറെ അപകടങ്ങളാണ് ഈ വളവിൽ സംഭവിച്ചത്. തുടർ അപകടങ്ങളിൽ ആറുപേർക്ക് ജീവൻ നഷ്ടമായി. 30ലധികം പേരെ ഗുരുതര പരിക്കേറ്റ നിലയിൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ആഴ്ച മാത്രം നാല് അപകടങ്ങളാണ് ഈ വളവിൽ സംഭവിച്ചത്. ഭാഗ്യം കൊണ്ട് മാത്രമാണ് ആളപായം ഉണ്ടാവാതിരുന്നത്. അപകടങ്ങൾ നിത്യസംഭവമായതോടെ നാട്ടുകാർ ആശങ്കയിലാണ്.
വലിയ വളവും റോഡിന്റെ ഒരുഭാഗത്തുള്ള വലിയ ചരിവുമാണ് അപകടങ്ങൾക്ക് പ്രധാനകാരണം എന്ന് പ്രദേശവാസികൾ പറയുന്നു. മഴക്കാലമായതോടെ അപകടങ്ങളുടെ തോത് വർധിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തി പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.