ആദിലിന്റെ വേർപാടിൽ കണ്ണീരണിഞ്ഞ് വിദ്യാലയം
text_fieldsഎകരൂൽ: പൂനൂർ പുഴയിൽ മുങ്ങിമരിച്ച എം.എം പറമ്പ് കോട്ടക്കുന്നുമ്മൽ ആദിലിന് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ഇയ്യാട് സി.സി.യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയായ ആദിലിന്റെ ചേതനയറ്റ ശരീരം സ്കൂൾ അങ്കണത്തിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ഒരു നോക്കുകാണാൻ അധ്യാപകരും സഹപാഠികളും നാട്ടുകാരുമടക്കം നൂറുകണക്കിന് പേരാണ് എത്തിയത്. ഞായറാഴ്ച ഉച്ചയോടെയാണ് എം.എം പറമ്പ് മൊകായി കുടിവെള്ള പദ്ധതിയുടെ പ്രധാന ടാങ്കിന് സമീപം കൂട്ടുകാരോടൊത്ത് കുളിക്കുമ്പോൾ കോട്ടക്കുന്നുമ്മൽ സാലിയുടെ മകൻ ആദിൽ (11) പൂനൂർ പുഴയിൽ മുങ്ങി മരിച്ചത്. സമീപത്തുള്ള ടർഫിൽ ഫുട്ബാൾ കളിച്ചതിനുശേഷമാണ് കൂട്ടുകാരോടൊത്ത് ആദിൽ പുഴയിലിറങ്ങിയത്.
തിങ്കളാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതശരീരം ഉച്ചക്ക് 12 മണിയോടെ ആദിൽ പഠിക്കുന്ന ഇയ്യാട് സി.സി.യു.പി സ്കൂളിലും പിന്നീട് വീട്ടിലും പൊതുദർശനത്തിന് വെച്ചു.
സ്കൂളിൽ ആറാം ക്ലാസ് ബിയിൽ പഠിക്കുന്ന ആദിൽ സ്കൂൾ ഫുട്ബാൾ ടീം അംഗമായിരുന്നു. സബ് ജില്ല മത്സരങ്ങളിൽ മികച്ച വിജയം നേടിയിട്ടുണ്ട്. പഠനത്തിലും മിടുക്കനായിരുന്നുവെന്ന് അധ്യാപകർ പറഞ്ഞു.ഈ മാസം 28ന് പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന സബ് ജില്ല കലോത്സവത്തിൽ ഉർദു സംഘഗാന മത്സരത്തിലെ പരിശീലനത്തിലായിരുന്നു ആദിൽ. ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ, വൈസ് പ്രസിഡന്റ് നിജിൽ രാജ്, ഇ.ടി. ബിനോയ്, എ.ഇ.ഒ പി. ഗീത തുടങ്ങി രാഷ്ട്രീയ സാമൂഹികരംഗത്തെ പ്രമുഖരടക്കം അന്ത്യോപചാരം അർപ്പിക്കാൻ സ്കൂളിലെത്തിയിരുന്നു. വൈകീട്ട് രണ്ടരമണിയോടെ എം.എം പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.