എന്തിനും ഉത്തരം ‘അലക്സ’ പറയും; കപ്പുറം കരിമല എ.എം.എൽ.പി സ്കൂളിൽ ഇംഗ്ലീഷ് പഠനം വേറെ ലെവൽ
text_fieldsഎകരൂൽ: ഉണ്ണികുളം പഞ്ചായത്തിലെ കപ്പുറം കരിമല എ.എം.എൽ.പി സ്കൂളിൽ വിദ്യാർഥികൾക്ക് ഇംഗ്ലീഷ് പഠനം ഇന്ന് വേറെ ലെവലാണ്. ഇംഗ്ലീഷ് പഠിപ്പിക്കാൻ സ്കൂളിൽ എത്തിയിരിക്കുന്നത് ആമസോൺ വികസിപ്പിച്ച പേഴ്സനൽ ഇന്റലിജന്റ് അസിസ്റ്റന്റായ ‘അലക്സ അമിഗോ’ എന്ന പേരിലുള്ള പുതിയ റോബോട്ടാണ്.
പുതിയ വാക്കുകളും ഉച്ചാരണവും വ്യാകരണവുമൊക്കെ എളുപ്പം പഠിക്കാൻ പറ്റിയതിന്റെ സന്തോഷത്തിലാണ് കുട്ടികൾ. പുതിയ പഠനരീതിയിലൂടെ ഇംഗ്ലീഷ് പഠിപ്പിക്കാൻ റോബോട്ട് എത്തിയതോടെ വിദ്യാർഥികൾ ഏറെ ആഹ്ലാദത്തിലാണ്. കുട്ടികളുടെ ഇംഗ്ലീഷ് പഠനത്തിന് നൂതനരീതി എന്ന നിലയിലാണ് സ്കൂളിൽ അലക്സ റോബോട്ട് സംവിധാനം ഒരുക്കിയത്.
ഇംഗ്ലീഷിൽ മാത്രം മറുപടി പറയുന്ന അലക്സയോട് ഇംഗ്ലീഷിൽ തന്നെ ചോദ്യങ്ങൾ ചോദിക്കേണ്ടിവരുന്നതിനാൽ കുട്ടികൾ ഇംഗ്ലീഷ് പഠിക്കാൻ നിർബന്ധിതരാകുന്നു. ദിനേന പുതിയ ചോദ്യങ്ങൾ ഇംഗ്ലീഷിൽ പഠിച്ചാണ് കുട്ടികൾ സ്കൂളിൽ എത്തുന്നത്. അലക്സ വിദ്യാർഥികളുടെ ബുദ്ധിമതിയായ സുഹൃത്തും ഏത് ചോദ്യത്തിനും ഉത്തരമറിയാവുന്ന അധ്യാപികയുമായി മാറിയതായി കുട്ടികൾ പറയുന്നു.
ഈ പദ്ധതി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിനും അറിവിന്റെ അനന്തമായ ലോകത്തെ പരിചയപ്പെടുത്തുന്നതിനും കുട്ടികളുടെ കൂടെയുണ്ടാകും. ഭാഷാവിനിമയം, പൊതുവിജ്ഞാനം, കാലാവസ്ഥ പ്രവചനം, സമകാലിക സ്ഥിതിവിവരക്കണക്കുകൾ, പാട്ടുകൾ, കഥകൾ എന്നിങ്ങനെ എന്ത് കാര്യവും അലക്സയോട് ചോദിച്ചാൽ നിമിഷനേരംകൊണ്ട് ഉത്തരം കിട്ടും. ആകർഷകമായ രീതിയിൽ രൂപകൽപന ചെയ്ത അലക്സ അമിഗോ വിദ്യാർഥികൾക്ക് ഏറെ കൗതുകകരമായ കാഴ്ച കൂടിയാണ്.
ശബ്ദം മുഖേന മനുഷ്യരുമായി ആശയവിനിമയം നടത്താനും മ്യൂസിക്, ഓഡിയോ ബുക്ക് എന്നിവ പ്ലേ ചെയ്യാനും വാർത്തകൾ, കാലാവസ്ഥ വിവരങ്ങൾ തുടങ്ങിയവ തത്സമയം ലഭ്യമാക്കാനും ഈ സംവിധാനത്തിന് കഴിയും. അലക്സ അമിഗോയുടെ പ്രകാശനം കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു.കെ. അബ്ദുന്നാസർ നിർവഹിച്ചു. വെബ് പ്രൊഫൈൽ ബാലുശ്ശേരി എ.ഇ.ഒ പി. ഗീത ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് കെ. സുബൈർ അധ്യക്ഷതവഹിച്ചു. ഇംഗ്ലീഷ് റിസോഴ്സ് പേഴ്സൻ അനുപമ കുട്ടികൾക്ക് അലക്സയെ പരിചയപ്പെടുത്തി. അധ്യാപകൻ അസീം അലി അഹ്മദ് പദ്ധതി വിശദീകരിച്ചു. എം.പി.ടി.എ ചെയർപേഴ്സൻ സുകന്യ, അധ്യാപകരായ ഇ. അബ്ദുൽ അലി, പി. സതി, നജ്മ, നിഷ, സ്കൂൾ ലീഡർ കെ.കെ. നൗറിൻ എന്നിവർ പങ്കെടുത്തു. പ്രധാനാധ്യാപിക എം.ഇ. മൈമൂനത്ത് സ്വാഗതവും എസ്.ആർ.ജി കൺവീനർ കെ. സർജാസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.