ആരിഫ് പകരുന്നു, സ്നേഹത്തിന്റെ ജീവരക്തം
text_fieldsഎകരൂൽ: വള്ളിയോത്ത് കാഞ്ഞിരമാക്കൂൽ ടി.കെ. ആരിഫ് വെറുമൊരു ചുമട്ടുകാരൻ മാത്രമല്ല. സ്വന്തം ജീവരക്തം നൽകി മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നത് പതിവാക്കിയ മനുഷ്യസ്നേഹികൂടിയാണ്.
മതമോ ജാതിയോ രാഷ്ട്രീയമോ നോക്കാതെ 38 തവണ രോഗികൾക്ക് നേരിട്ടും നൂറുകണക്കിന് പേർക്ക് രക്തദാതാക്കളെ നൽകിയും ജീവിതത്തിലേക്ക് തിരികെ എത്തിച്ചിട്ടുണ്ട് ആരിഫ്. രക്തം ലഭിക്കാത്തതിന്റെ പേരിൽ ആരും മരണത്തിന് കീഴടങ്ങരുതെന്ന ദൃഢനിശ്ചയമാണ് എകരൂൽ അങ്ങാടിയിലെ പോർട്ടറായ ആരിഫിനെ രക്തം ദാനം ചെയ്യാൻ പ്രേരിപ്പിക്കുന്നത്.
17 ാമത്തെ വയസ്സിൽ തുടങ്ങിയതാണ് രക്തദാനം. 44ലും രക്തം നൽകാൻ സന്നദ്ധനായി ഓടി നടക്കുന്നു ഈ യുവാവ്. കോടഞ്ചേരി ഗവ. കോളജിൽനിന്നാണ് പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആരിഫ് രക്തദാനത്തിന് തുടക്കം കുറിച്ചത്. കോളജിലേക്കുള്ള യാത്രയിൽ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടപ്പോൾ പരിക്കേറ്റ യാത്രക്കാരിക്ക് രക്തം നൽകിയാണ് തുടക്കം.
അന്ന് തൊട്ട് ഇന്നുവരെ 27 വർഷമായി ഈ ചുമട്ടുതൊഴിലാളിയുടെ രക്തം അനേകം മനുഷ്യ ശരീരങ്ങളിലൂടെ ഒഴുകിക്കൊണ്ടിരിക്കുകയാണ്. മൂന്നുമാസം കൂടുമ്പോൾ മുടങ്ങാതെ രക്തദാനത്തിന് സന്നദ്ധനാണ് ആരിഫ്. ജില്ലയിലെ രക്തദാതാക്കളുടെ ഒട്ടുമിക്ക വാട്സ്ആപ് ഗ്രൂപ്പുകളിലും ആരിഫ് അംഗമാണ്.
രക്തത്തിന് വേണ്ടി ആരെങ്കിലും ബന്ധപ്പെട്ടാൽ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ എ പോസിറ്റിവ് രക്ത ഗ്രൂപ്പുകാരനായ ആരിഫ് അവർക്കരികിലേക്ക് ഓടിയെത്തും. മറ്റ് ഗ്രൂപ്പ് രക്തമാണ് വേണ്ടതെങ്കിൽ ആളുകളുമായി ബന്ധപ്പെട്ട് ആളുകളെ സംഘടിപ്പിച്ച് ആശുപത്രിയിലെത്തിക്കും.
സംസ്ഥാനത്തെ പ്രധാന ഗ്രൂപ്പായ ഹോപ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്, ബാലുശ്ശേരി ബ്ലോക്ക്, ഉണ്ണികുളം പഞ്ചായത്ത് ദുരന്തനിവാരണ സേന തുടങ്ങിയ സന്നദ്ധ സംഘടനകളിൽ അംഗമാണ്. ഏഴിൽ പഠിക്കുമ്പോൾ പിതാവ് മരണപ്പെട്ടതോടെ ഉമ്മയുടെ സംരക്ഷണത്തിലാണ് എട്ട് മക്കളിൽ ഇളയവനായ ആരിഫ് വളർന്നത്.
ജീവിത സാഹചര്യങ്ങൾ പ്രയാസത്തിലായതിനാൽ ഡിഗ്രി പഠനം പൂർത്തിയാക്കാൻ കഴിയാതെ ചുമട്ടുതൊഴിലാളിയായി മാറിയെന്നാണ് ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ ആരിഫിന്റെ പ്രതികരണം.
ഭാര്യയും നാലു മക്കളുമടങ്ങിയ കുടുംബം രക്തദാനത്തിന് പിന്തുണയായി ആരിഫിനൊപ്പമുണ്ട്.
സി.പി.എം വള്ളിയോത്ത് ബ്രാഞ്ച് സെക്രട്ടറിയും സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗവുമായ ആരിഫിന് ആരോഗ്യമുള്ള കാലത്തോളം ഈ സൽകർമം തുടരാനാണ് തീരുമാനം.
44 ആമത്തെ വയസ്സിലും രക്തദാനം തുടരുമ്പോൾ ആരിഫിന്റെ മനസ്സിൽ വിരിയുന്നത് ഇനിയും 62 രോഗികൾക്ക് കൂടി രക്തം നൽകി 100 തികക്കാൻ കഴിയണമെന്ന സ്വപ്നമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.