'മാറ്റത്തിന്' ഒരു വോട്ട്; ഈ സ്ഥാനാർഥിക്ക് മൂന്നാം തെരഞ്ഞെടുപ്പ്, മൂന്നാം പാർട്ടി
text_fieldsഎകരൂല്‍: മൂന്നു തെരഞ്ഞെടുപ്പില്‍ മൂന്ന് പാര്‍ട്ടികളില്‍ ചേക്കേറി വീണ്ടും മത്സരത്തിനിറങ്ങിയ ഒരു സ്ഥാനാര്‍ഥിയുണ്ട് ഉണ്ണികുളത്ത്. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പൂനൂര് ഡിവിഷനിലേക്ക് ചൊവ്വാഴ്ച പത്രിക സമര്‍പ്പിച്ച നഫീസ പുതിയമ്പ്രയാണ് മൂന്നാമത്തെ തെരഞ്ഞെടുപ്പിൽ വീണ്ടും പാർട്ടി മാറി നാട്ടുകാരെ അതിശയപ്പെടുത്തിയത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ണികുളം പഞ്ചായത്ത് മഠത്തുംപൊയില്‍ അഞ്ചാം വാര്‍ഡില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി ജയിച്ച നഫീസ ഇത്തവണ എല്‍.ഡി.എഫിലേക്കാണ് ചുവടു മാറിയത്. 2005ല്‍ മഠത്തുംപൊയില്‍ വാര്‍ഡില്‍നിന്ന് എന്‍.സി.പി സ്ഥാനാര്‍ഥിയായി മത്സരിച്ചാണ് തുടക്കം. 2015ല്‍ അതേ വാര്‍ഡില്‍ മുസ്ലിം ലീഗിലേക്ക് മാറി കോണി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ചു. ഇപ്പോള്‍ എല്‍.ഡി.എഫ് ഘടക കക്ഷിയായ ഐ.എന്‍.എല്ലിനു വേണ്ടിയാണ് മത്സരത്തിനിറങ്ങിയിരിക്കുന്നത്. ലീഗില്‍നിന്ന് രാജിവെച്ചതായി പ്രഖ്യാപിച്ചതിന് ശേഷമാണ് പത്രിക സമര്‍പ്പണം.
എല്‍.ഡി.എഫിലെ ധാരണയനുസരിച്ച് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ ഐ.എന്‍.എല്ലിന് നല്കിയ സീറ്റാണ് പൂനൂര് ഡിവിഷൻ. വനിത സംവരണ സീറ്റാണിത്. ഇവിടെ മത്സരിക്കാന്‍ അനുയോജ്യയായ സ്ഥാനാര്‍ഥിയെ അന്വേഷിക്കുകയായിരുന്നു പാർട്ടി നേതൃത്വം. സ്ഥാനാര്‍ഥിത്വം ലഭിക്കാതെ ലീഗിനോട് ഇടഞ്ഞുനില്ക്കുന്നതിനിടയിലാണ് ഐ.എന്‍.എല്‍ ഭാരവാഹികള്‍ നഫീസയെ സമീപിക്കുന്നത്. ചൊവ്വാഴ്ച നേരം പുലര്‍ന്നപ്പോള്‍ ഇടതു മുന്നണിയിലെത്തിയ സ്ഥാനാര്‍ഥിയെ കണ്ട് മൂക്കത്ത് വിരല്‍വെക്കുകയാണ് നാട്ടുകാര്‍.
ഉണ്ണികുളം പഞ്ചായത്ത് ഭരണസമിതിയില്‍ തന്നോടൊപ്പമുണ്ടായിരുന്ന ഒമ്പതാം വാര്‍ഡ് മുസ്ലിം ലീഗ് അംഗം പി. സാജിദയാണ് ബ്ലോക്ക് പഞ്ചായത്ത് പൂനൂര് ഡിവിഷനിലെ നഫീസയുടെ എതിര് സ്ഥാനാര്‍ഥി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.