ഉണ്ണികുളത്ത് പൗരത്വസമരത്തിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ വീണ്ടും കോടതി നോട്ടീസ്
text_fieldsഎകരൂൽ: ഉണ്ണികുളത്ത് പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം നടത്തിയ ജനപ്രതിനിധികൾക്കും വിവിധ കക്ഷിനേതാക്കൾക്കുമെതിരെ വീണ്ടും കോടതിയിൽ ഹാജരാവാൻ നോട്ടീസ്. പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭ സമരങ്ങളുടെ ഭാഗമായി 2020 ആഗസ്റ്റിൽ ഉണ്ണികുളത്ത് നടന്ന ബഹുജനപ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരെയാണ് ബാലുശ്ശേരി പൊലീസ് കേസെടുത്തതിന്റെ ഭാഗമായി കോടതിയിൽ ഹാജരാവാൻ കഴിഞ്ഞ ദിവസം വീണ്ടും നോട്ടീസ് ലഭിച്ചത്. 2020ലാണ് കേസിനാസ്പദമായ പ്രക്ഷോഭസമരമുണ്ടായത്.
മൂന്ന് വർഷമായി ഇതുസംബന്ധമായി ഒരു നടപടിയുമുണ്ടായിരുന്നില്ല. എന്നാൽ, 2023 സെപ്റ്റംബർ അഞ്ചിന് കോടതിയിൽ ഹാജരാവാനുള്ള അറിയിപ്പ് കഴിഞ്ഞദിവസം സമരത്തിൽ പങ്കെടുത്തവർക്ക് ലഭിക്കുകയായിരുന്നു. മുസ്ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ വി.എം. ഉമ്മർ മാസ്റ്റർ, നജീബ് കാന്തപുരം എം.എൽ.എ, നാസർ എസ്റ്റേറ്റ്മുക്ക്, അബ്ദുൽ ലത്തീഫ് അഹ്ദൽ അവേലം, സി.പി. ബഷീർ, ഇ.ടി. ബിനോയ്, കെ. സുബൈർ തുടങ്ങി 10 പേർക്കാണ് കോടതിയിൽ ഹാജരാവാൻ നോട്ടീസ് ലഭിച്ചത്.
പൗരത്വപ്രക്ഷോഭകർക്കെതിരെ സർക്കാർ കേസെടുക്കില്ലെന്നും എടുത്ത കേസ് നിലനിൽക്കില്ലെന്നും സമുദായസംഘടന വേദികളിലടക്കം പ്രസംഗിച്ചുപോയ മുഖ്യമന്ത്രിയുടെ ന്യൂനപക്ഷപ്രേമം കപടവും കബളിപ്പിക്കലുമായിരുന്നെന്ന് വി.എം. ഉമ്മർ മാസ്റ്റർ വാർത്താക്കറിപ്പിൽ പറഞ്ഞു. പിണറായിസർക്കാറിന്റെ ഇരട്ട മുഖമാണ് ഇത് വെളിപ്പെടുത്തുന്നത്. ന്യൂനപക്ഷങ്ങൾ ഇടത് സർക്കാറിൽ സുരക്ഷിതരല്ലെന്നാണ് ഇത് തെളിയിക്കുന്നത്. കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.