വയസ്സ് 65 ആയി, സ്വന്തമായൊരു വീടുവേണം; പ്രതീക്ഷ വറ്റാത്ത കാത്തിരിപ്പിൽ ദേവി
text_fieldsഎകരൂല്‍: സ്വന്തമായി വീടില്ലാത്തതിനാൽ കഴിഞ്ഞ മൂന്നരവർഷമായി അയൽവാസിയുടെ വീട്ടിൽ താമസിക്കുന്ന കപ്പുറം കൂർമൻചാലിൽ ദേവിയുടെ വീടിനുള്ള അപേക്ഷ അധികൃതർ നിരസിച്ചതോടെ മുഖ്യമന്ത്രിക്ക് പരാതി നൽകി കാത്തിരിക്കുകയാണ്.
ഭർത്താവും ഏക മകളും മരിച്ചതോടെ ഒറ്റപ്പെട്ടുപോയ ദേവി അയൽവാസിയായ ഫാത്തിമയുടെ കൂടെയാണ് വർഷങ്ങളായി താമസം. ‘ദേവിക്ക് അന്തിയുറങ്ങാൻ വീടില്ല, അഭയം നൽകി ഫാത്തിമ’ എന്ന തലക്കെട്ടിൽ ഇവരുടെ ജീവിതം വിവരിച്ച് കഴിഞ്ഞ ഡിസംബർ 20ന് മാധ്യമം വാർത്ത നൽകിയിരുന്നു.
സംസ്ഥാന സര്‍ക്കാറിന്റെ സഹകരണത്തോടെയുള്ള കേന്ദ്രാവിഷ്കൃത ഭവന പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പ്രകാരം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ വീടിന് അപേക്ഷ നൽകി ഗുണഭോക്താക്കളുടെ പട്ടികയില്‍പെടുത്തി രേഖകള്‍ പൂര്‍ത്തീകരിച്ചിരുന്നു.
എഗ്രിമെന്റ് തയാറാക്കി 15 മാസം പിന്നിട്ടെങ്കിലും ഒടുവിൽ നിരാശയായി ഫലം. പട്ടികജാതി കുടുംബത്തില്‍പെട്ട വിധവയായ 65 കാരി ദേവി നാലുലക്ഷം രൂപ ധനസഹായം ലഭിക്കുന്നതിന് കഴിഞ്ഞ 15 മാസത്തിനിടെ പല ഘട്ടങ്ങളിലായി ഓഫിസുകള്‍ കയറിയിറങ്ങിയെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തുകയാണെന്ന് ദേവി പറയുന്നു.
നേരത്തേ വീടിന് സഹായം തേടി ജില്ല കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതി പിന്‍വലിച്ചാല്‍ ധനസഹായം ലഭ്യമാക്കാമെന്ന് ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയിരുന്നതായി ദേവി പറഞ്ഞു. പരാതി പിന്‍വലിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും ഫലമുണ്ടായില്ല.
24 വര്‍ഷംമുമ്പ് 1998ല്‍ 35,000 രൂപ വീട് നിര്‍മാണത്തിന് ധനസഹായം സ്വീകരിച്ചതിനാല്‍ വീണ്ടും ഫണ്ട് അനുവദിക്കാന്‍ സാങ്കേതിക തടസ്സങ്ങളുണ്ടെന്നും ലിസ്റ്റിൽ തെറ്റായി ഉള്പ്പെടുത്തിപ്പോയതാണെന്നും ചൂണ്ടിക്കാണിച്ചാണ് ഇപ്പോള്‍ വീടിന് ധനസഹായം നിഷേധിച്ചിരിക്കുന്നത്.
രണ്ടു പതിറ്റാണ്ടുകള്‍ക്കപ്പുറം ഭാഗികമായി മണ്‍കട്ടയില്‍ നിര്‍മിച്ച പഴയ വീട് ഏതാനും വര്‍ഷംമുമ്പ് പൂര്‍ണമായും നിലം പൊത്തിയതാണ്. KL149370274 നമ്പറില്‍ ബ്ലോക്ക് പഞ്ചായത്തില്‍ വീടിന് എഗ്രിമെന്റ് വെച്ചതിനാല്‍ ലൈഫ് മിഷന് പദ്ധതിയിൽ അപേക്ഷ നല്‍കിയിരുന്നില്ല.
പഞ്ചായത്തിലെ ആശ്രയ അഗതി വിഭാഗത്തിലുള്ള തനിക്ക് നിലവിലുള്ള എഗ്രിമെന്റില്‍ ധനസഹായം ലഭ്യമാക്കുകയോ അല്ലാത്ത പക്ഷം ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തിയോ വീടിന് ധനസഹായം അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ദേവി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.