ഉണ്ണികുളം കുടുംബാരോഗ്യകേന്ദ്രത്തിൽ മരുന്ന് ക്ഷാമം
text_fieldsഎകരൂൽ: ഉണ്ണികുളം മങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ വിവിധ മരുന്നുകൾ ലഭിക്കുന്നില്ലെന്ന് ആശുപത്രിയിലെത്തുന്നവരുടെ പരാതി. പ്രമേഹം ഉൾപ്പെടെ ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകളാണ് പ്രധാനമായും ഇല്ലാത്തത്. പ്രഷർ, ഷുഗർ, കൊളസ്ട്രോൾ ഗുളികകൾ, ക്ലൊപിഡോഗ്രൽ 75, മെറ്റോപ്രോൾ 50, അറ്റോർ വാസ്റ്റെറ്റിൻ 10/20, ടെൽമിസർട്ടൻ 40 തുടങ്ങിയവയും, ചുമക്കുള്ള സിറപ്പ്, ഇൻസുലിൻ ഉൾപ്പെടെയുള്ള മരുന്നുകളും ആശുപത്രിയിൽ തീർന്നിട്ട് ദിവസങ്ങളായി.
ഇപ്പോൾ സാധാരണ അസുഖങ്ങൾക്കുള്ള മരുന്നുകളും തീർന്നുകൊണ്ടിരിക്കുകയാണ്. മരുന്ന് കിട്ടാനില്ലാത്തതിനാൽ മറ്റു സർക്കാർ ആശുപത്രികളിൽ ബാക്കിയുള്ള മരുന്നുകൾ ശേഖരിച്ചാണ് വിതരണം ചെയ്തിരുന്നത്. ഇപ്പോൾ അതും നിലച്ചു. കാലവർഷം കനത്തതോടെ പനിയും ചുമയും മറ്റുമായി രോഗികളുടെ എണ്ണം കൂടിവരികയാണ്. ദിവസേന 4000 പാരസെറ്റമോൾ ഗുളികകളാണ് ഇവിടെ ആവശ്യമുള്ളത്. ഇതും സ്റ്റോക്ക് പരിമിതമായി മാത്രമാണുള്ളത്.
നേരത്തേ പ്രാഥമിക ആരോഗ്യ കേന്ദ്രമായിരുന്ന സ്ഥാപനം രണ്ടു വർഷം മുമ്പാണ് കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയത്. ഇതോടെ മെച്ചപ്പെട്ട ചികിത്സ സൗകര്യങ്ങൾ ഇവിടെനിന്നും ലഭ്യമാകുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. മെഡിക്കൽ ഓഫിസറെ കൂടാതെ രാവിലെയും വൈകുന്നേരവുമായി രണ്ടു ഡോക്ടർമാരുടെ സേവനവും ഇവിടെ ലഭ്യമാണ്.
നേരത്തേ ദിവസേന 100 മുതൽ 150 വരെ രോഗികളായിരുന്നു എത്തിയിരുന്നത്. നിലവിൽ 400ലധികം രോഗികളാണ് ദിവസേന ചികിത്സക്കായി എത്തുന്നത്. കൂടാതെ വീടുകളിൽ 160ഓളം പാലിയേറ്റിവ് കിടപ്പുരോഗികളെ പരിചരിക്കാനുള്ള മരുന്നുകളും മറ്റു സാമഗ്രികളും ആവശ്യമാണ്.
ബാലുശ്ശേരി മണ്ഡലത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പഞ്ചായത്താണ് ഉണ്ണികുളം. പിന്നാക്ക വിഭാഗങ്ങളടക്കം 60,000ല്പരം ജനങ്ങളുടെ ഏക ആശ്രയമാണ് ഈ കേന്ദ്രം. സമീപ പഞ്ചായത്തായ കിഴക്കോത്ത്, താമരശ്ശേരി എന്നിവിടങ്ങളിൽനിന്നുൾപ്പെടെയുള്ള രോഗികളും ഇവിടെ ചികിത്സക്ക് എത്തുന്നുണ്ട്. സമയബന്ധിതമായി മരുന്ന് ലഭിക്കാത്തത് രോഗികൾക്ക് വളരെയധികം പ്രയാസം ഉണ്ടാക്കുന്നുണ്ട്. മരുന്ന് തീർന്നതിനാൽ പലപ്പോഴും രോഗികളും ജീവനക്കാരും തമ്മിൽ വാക്കേറ്റമാണ്. കുടുംബാരോഗ്യകേന്ദ്രമാക്കി ഉയർത്തിയിട്ടുണ്ടെങ്കിലും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് ലഭിക്കുന്ന മരുന്നുകൾ മാത്രമാണ് ഇപ്പോഴും ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.