ഓവുചാല്‍ നിര്‍മാണത്തിലെ അശാസ്ത്രീയത എകരൂൽ ടൗണ്‍ ചളിക്കുളമായി
text_fieldsഎകരൂൽ: കനത്ത മഴയില്‍ എകരൂൽ ടൗണിലെ നിരവധി വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം അടിച്ച് കയറി നാശ നഷ്ടം. ഇയ്യാട് റോഡ് ജങ്ഷനിൽ റോഡിന് കുറുകെ കലുങ്ക് നിർമാണം കൂടി തുടങ്ങിയതോടെ അങ്ങാടിയിലേക്കും വ്യാപാരസ്ഥാപനങ്ങളിലേക്കും നടന്നെത്താന്‍ കഴിയാത്ത ദുരവസ്ഥയിലാണ്. തിങ്കളാഴ്ച ഉച്ചക്ക് ശേഷം പെയ്ത് തുടങ്ങിയ മഴക്ക് സന്ധ്യയോടെയാണ് ശമനമുണ്ടായത്.
ഇയ്യാട് പി.ഡബ്ല്യൂ.ഡി റോഡ് വികസനത്തിന്റെ ഭാഗമായി എകരൂൽ ടൗണിൽ ഓവുചാല്‍ നിര്‍മാണം തുടങ്ങിയതോടെ പലസ്ഥലത്തും ചളിവെള്ളം കെട്ടിക്കിടക്കുന്നതും വ്യാപാരസ്ഥാപനങ്ങളിലേക്ക് വെള്ളം കയറാനും കാരണമായി. മാത്രമല്ല, സംസ്ഥാനപാത നവീകരിച്ചപ്പോൾ റെഡിമെയ്ഡ് സ്ലാബുകൾ കൂട്ടിയോജിപ്പിച്ചുള്ള വീതി കുറഞ്ഞ ഓവുചാല്‍ വെള്ളം ഉൾക്കൊള്ളാൻ കഴിയാതെ കവിഞ്ഞൊഴുകിയതും കച്ചവടക്കാർക്ക് വിനയായി.
സ്ലാബിട്ട ഭാഗങ്ങളില്‍നിന്ന് നിര്‍മാണത്തിലെ അശാസ്ത്രീയത കാരണം പലയിടത്തും വെള്ളം പുറത്തേക്ക് ഒഴുകിപ്പോകുന്ന അവസ്ഥയാണ് നിലവിലുള്ളത്. റോഡ് ഉയർത്തിയതോടെ താഴ്ന്നുകിടക്കുന്ന എകരൂൽ ചന്തയിലെ വ്യാപാര സ്ഥാപനങ്ങളിലാണ് തിങ്കളാഴ്ച കൂടുതൽ വെള്ളം കയറിയത്.
മഴപെയ്താൽ കുരുടിമുക്കിൽ വെള്ളക്കെട്ട്
മേപ്പയ്യൂർ: ഒരു മഴ പെയ്യുമ്പോഴേക്കും അരിക്കുളം പഞ്ചായത്തിലെ കുരുടിമുക്കിൽ വെള്ളക്കെട്ട്. ഓടകളിൽ ചളിയും അവശിഷ്ടങ്ങളും നീക്കം ചെയ്യാത്തതാണ് വെള്ളം കയറാൻ കാരണം. റോഡിൽ വെള്ളം കെട്ടിക്കിടന്ന് കടകളിലേക്ക് ഉൾപ്പെടെ കയറുന്ന അവസ്ഥയാണ്. കുരുടിമുക്ക് അങ്ങാടിയിൽ വെള്ളം കയറുന്ന പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് അരിക്കുളം ഗ്രാമപഞ്ചായത്ത് അധികൃതരോട് യു.ഡി.എഫ് ആവശ്യപ്പെട്ടു.
ഓടകൾ വൃത്തിയാക്കിയിട്ട് മാസങ്ങളായെന്ന് വ്യാപാരികൾ പഞ്ചായത്ത് അധികൃതരെ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് 147ാം ബൂത്ത് യു.ഡി.എഫ് യോഗം വ്യക്തമാക്കി. കെ. രാജൻ അധ്യക്ഷത വഹിച്ചു. കെ. അഷറഫ്, എൻ.കെ. അഷറഫ്, അമ്മദ് പൊയിലങ്ങൽ, കെ. ശ്രീകുമാർ, പി.പി.കെ. അബ്ദുല്ല, എം. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.