എകരൂൽ-ഇയ്യാട്-കാക്കൂർ റോഡിന് വീതിയില്ല;ഓവുചാൽ പ്രവൃത്തി പ്രതിസന്ധിയിൽ
text_fieldsഎകരൂൽ: എകരൂല്-ഇയ്യാട്-കാക്കൂർ പൊതുമരാമത്ത് റോഡ് നവീകരണത്തിന്റെ ഭാഗമായി എകരൂൽ അങ്ങാടി മുതൽ ആനപ്പാറ വരെ 2.100 കിലോമീറ്റർ ഓവുചാൽ നിർമാണം പ്രതിസന്ധിയിൽ. റോഡിന് ആവശ്യത്തിന് വീതിയില്ലാത്തത് കാരണമാണ് ഓവുചാൽ പ്രവൃത്തി പ്രതിസന്ധിയിലാകുമെന്ന് ആശങ്കയുയർന്നത്. പ്രവൃത്തി നടക്കേണ്ട രണ്ട് കിലോമീറ്റർ റോഡിൽ പലയിടത്തും എട്ടുമീറ്റർ വീതിയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. എകരൂൽ അങ്ങാടി മുതൽ റോയൽ ആശുപത്രി വരെയുള്ള ഭാഗത്ത് വീതി വളരെ കുറഞ്ഞതിനാൽ ഈ ഭാഗം ഒഴിച്ചിട്ടാണ് ഓവുചാൽ നിർമാണ പ്രവൃത്തി തുടങ്ങിയത്.
വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായി റോഡിന്റെ ഇരുഭാഗത്തും ഓവുചാൽ അത്യാവശ്യമാണ്. എന്നാൽ ഈ ഭാഗത്ത് ഓവുചാൽ നിർമിക്കണമെങ്കിൽ റോഡിന്റെ വീതി വർധിപ്പിക്കേണ്ടതുണ്ട്. മാത്രമല്ല പലയിടത്തും വീതി കുറയാൻ കാരണമെന്താണെന്ന് പരിശോധിക്കേണ്ടതുണ്ട്. റോഡിന്റെ സ്ഥലം കൈയേറിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ നടപടികൾ സ്വീകരിക്കുകയോ നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കുകയോ ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് നാട്ടുകാർ പറയുന്നു.
നിലവിൽ എകരൂൽ മുതൽ കാഞ്ഞിരപ്പറമ്പിൽ ഭാഗത്ത് അംഗൻവാടി വരെയാണ് പുതുതായി ഓവുചാൽ നിർമിക്കുന്നത്. അംഗൻവാടിക്ക് സമീപം വലിയ പാറക്കല്ലുകൾ പൊട്ടിച്ചു മാറ്റേണ്ടിവരും. വള്ളിയോത്ത് പിലാത്തോട്ടത്തിൽ പീടിക ഭാഗത്ത് ഓവുചാൽ ഇല്ലാത്തതിനാൽ റോഡിൽ സ്ഥിരം വെള്ളക്കെട്ട് പതിവാണ്. ആ ഭാഗത്തും ഓവുചാൽ നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. സ്ഥിരമായി വെള്ളക്കെട്ടുണ്ടാവാറുള്ള വള്ളിയോത്ത് അങ്ങാടിയിൽ നിലവിലുള്ള ഓവുചാൽ നവീകരിക്കും.
റോഡിന് പലസ്ഥലങ്ങളിലും എട്ടു മീറ്ററിൽ കുറവും ചിലയിടങ്ങളിൽ കൂടുതലും വീതിയുള്ളതായി കാണുന്നുണ്ട്. വീതി കുറഞ്ഞ ഭാഗങ്ങളിൽ സർവേ നടത്തി കല്ല് സ്ഥാപിച്ച് അടയാളപ്പെടുത്തിയാൽ മാത്രമേ പ്രവൃത്തി സുഗമമായി നടത്താൻ പി.ഡബ്ല്യൂ.ഡിക്ക് കഴിയൂ.
സർവേ നടത്തുന്നതിനുവേണ്ടി താമരശ്ശേരി താലൂക്ക് ഓഫിസിൽ അപേക്ഷ നൽകിയിട്ടുണ്ടെന്ന് പി.ഡബ്ല്യു.ഡി അസിസ്റ്റൻറ് എൻജിനീയർ ഷമേജ് ‘മാധ്യമ’ ത്തോട് പറഞ്ഞു. എകരൂൽ - കാക്കൂർ റോഡ് ആധുനിക രീതിയിൽ ബി.എം ആൻഡ് ബി.സി ചെയ്തു നവീകരിക്കുന്നതിന് രണ്ടാം പിണറായിസർക്കാറിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ മൂന്ന് കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.