ഫോക്സ് കോൺ ഓൺലൈൻ നിക്ഷേപത്തട്ടിപ്പ്; പൂനൂർ സ്വദേശി സംശയമുനയിൽ
text_fieldsഎകരൂൽ: ഐഫോൺ നിർമാതാക്കളായ ഫോക്സ് കോൺ കമ്പനിയുടെ പേരിൽ വ്യാജമായി നിർമിച്ച മൊബൈൽ ആപ് വഴി നിക്ഷേപം സ്വീകരിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പൂനൂർ സ്വദേശി സംശയമുനയിൽ. തട്ടിപ്പ് നടത്താൻ കമ്പനിയുടേതെന്ന പേരിൽ സൃഷ്ടിച്ച വാട്സ്ആപ് ഗ്രൂപ്പിലെ അഡ്മിനായ ഇയാൾക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന സംശയമാണ് ബലപ്പെടുന്നത്. മണി ചെയിൻ മാതൃകയിലുള്ള തട്ടിപ്പാണ് പുതിയ രൂപത്തിൽ മലയാളികളെ കെണിയിൽ വീഴ്ത്തിയത്.
ലക്ഷക്കണക്കിന് രൂപ നിക്ഷേപകരിൽനിന്ന് കൈക്കലാക്കി മൊബൈൽ ആപ് അടച്ചുപൂട്ടുന്നതിന് മിനിറ്റുകൾക്കുമുമ്പ് കമ്പനി തകരാൻ കാരണക്കാരായ രണ്ടു പൂനൂർ സ്വദേശികളുടെ പേര് നിക്ഷേപകരുടെ വാട്സ്ആപ് ഗ്രൂപ്പിലൂടെ പുറത്തുവിട്ടിരുന്നു. ഇതിൽ ഒരാൾക്ക് തട്ടിപ്പിൽ വ്യക്തമായ പങ്കുള്ളതായാണ് സംശയുമുയരുന്നത്.
പണം നിക്ഷേപിച്ചവരെക്കൊണ്ട് കൂടുതൽ പേരെ കണ്ണികളാക്കാൻ നിർബന്ധിക്കുകയും ഇങ്ങനെ ആളുകളെ ചേർത്ത് ലക്ഷങ്ങൾ സമാഹരിച്ച് അതിൽ ചെറിയൊരു പങ്ക് കണ്ണിചേർക്കാൻ സഹായിച്ചവർക്ക് നൽകിയുമാണ് തുടക്കത്തിൽ വിശ്വാസം വരുത്തുന്നത്.
ആളുകൾക്ക് മൊബൈൽ ആപ്പിന്റെ ലിങ്ക് അയച്ചുകൊടുത്താൽ മാത്രമേ നിക്ഷേപത്തിൽ കണ്ണിയാവാൻ കഴിയൂ. ആരാണ് കണ്ണിചേർത്തതെന്ന് ഓരോ നിക്ഷേപകന്റെയും കണക്കെടുക്കുമ്പോൾ അവസാനം എത്തുന്നത് ആദ്യം ലിങ്ക് അയച്ചുകൊടുത്ത പൂനൂർ സ്വദേശിയിലേക്കാണെന്ന് നിക്ഷേപകർ പറയുന്നു.
കമ്പനിയുടെ വാട്സ്ആപ് ഗ്രൂപ് സൃഷ്ടിച്ച് മലയാളികളായ നിക്ഷേപകരെ സ്വീകരിച്ചുതുടങ്ങിയത് ജൂൺ മൂന്നിനാണ്. ജൂൺ 17, 20 തീയതികളിൽ പൂനൂരിലെ നിരവധി പേരെ ഗ്രൂപ്പിൽ കണ്ണിചേർത്തതായി നിക്ഷേപകർ പറഞ്ഞു.
ആദ്യം ലിങ്ക് അയച്ചുകൊടുത്ത് കണ്ണിചേർത്ത പൂനൂർ സ്വദേശിയോട് നിങ്ങൾക്ക് ആരാണ് ലിങ്ക് അയച്ചുതന്നത് എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാത്തതാണ് ഇയാളെ സംശയമുനയിൽ നിർത്താൻ കാരണമായി തട്ടിപ്പിനിരയായവർ പറയുന്നത്. തട്ടിപ്പിനിരയായ നിക്ഷേപകരിൽ ഏതാനും പേർ സൈബർ സെല്ലിൽ പരാതി നൽകി കാത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.