ഉണ്ണികുളം വനിത സഹ. സംഘത്തിലെ കോടികളുടെ തട്ടിപ്പ്; സഹകരണ വകുപ്പ് അന്വേഷണം തുടങ്ങി
text_fieldsഎകരൂൽ: കോൺഗ്രസ് നിയന്ത്രണത്തിലുള്ള ഉണ്ണികുളം വനിത സഹകരണ സംഘത്തിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ്. കാലാവധി കഴിഞ്ഞിട്ടും നിക്ഷേപിച്ച പണം തിരികെ കിട്ടാതെയും വായ്പയെടുക്കാതെ കടക്കെണിയിൽ കുടുങ്ങിയും തട്ടിപ്പിനിരയായ നിരവധി നിക്ഷേപകർ പരാതിയുമായി രംഗത്തെത്തി. ഏഴു കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് ഏകദേശ കണക്ക്. നിക്ഷേപകരുടെ പണം കണ്ടെത്താൻ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെത്തി ഓഡിറ്റിങ് തുടങ്ങി.
1992ലാണ് സംഘം പ്രവർത്തനം തുടങ്ങിയത്. 32 വർഷം കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയാണ് സൊസൈറ്റിയുടെ പ്രസിഡന്റും സെക്രട്ടറിയുമായി പ്രവർത്തിച്ചത്. നിക്ഷേപകർ പണം പിൻവലിക്കാൻ എത്തിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. 2021 ഡിസംബറിൽ നിലവിലെ ഭരണസമിതി അധികാരത്തിൽ വരുന്നതിനു മുമ്പാണ് തട്ടിപ്പ് നടന്നതെന്ന് സംഘം പ്രസിഡന്റ് കെ.പി. ഷൈനി പറഞ്ഞു. 13 ആളുകളുടെ പേരിൽ വ്യാജരേഖ ചമച്ച് ലോണെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. ലോൺ തിരിച്ചടവ് മുടങ്ങിയതിന് നോട്ടീസ് ലഭിച്ചതോടെയാണ് തങ്ങളുടെ പേരിൽ ലോണെടുത്ത വിവരം നിക്ഷേപകർ അറിയുന്നത്. സൊസൈറ്റി നടത്തുന്ന ചിട്ടിയിൽനിന്ന് ബോണ്ട് നൽകിയുള്ള ലോണുകളിലും തട്ടിപ്പ് നടന്നതായാണ് വിവരം. നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയതോടെ കഴിഞ്ഞ ഭരണസമിതിയിലെ സെക്രട്ടറി പി.കെ. ബിന്ദുവിനെ ഡയറക്ടർ ബോർഡ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇവരുടെ ബന്ധുക്കളും തട്ടിപ്പിനിരയായവരിലുണ്ട്. തട്ടിപ്പ് പുറത്തുവന്നതോടെ നിക്ഷേപകർ പണം തിരികെ ലഭിക്കാൻ ഇയ്യാട്ടെ സംഘം ഓഫിസിൽ കയറിയിറങ്ങുകയാണ്.
സംഘത്തിൽ 400ഓളം നിക്ഷേപകരുണ്ട്. പതിനായിരം മുതൽ 15 ലക്ഷം വരെ നിക്ഷേപിച്ചവരുണ്ട്. വായ്പയെടുക്കാത്ത നിരവധി പേർക്ക് തിരിച്ചടക്കാനുള്ള നോട്ടീസ് ലഭിച്ചിട്ടുണ്ട്. വായ്പ എടുത്തവരുടെ തിരിച്ചടവ് കണക്കിൽ കാണിക്കാതെയും തട്ടിപ്പ് നടത്തിയതായാണ് വിവരം.
പലരുടെയും പേര് വായ്പയിനത്തിൽ എഴുതിച്ചേർത്ത് പണം വക മാറ്റിയതായും അടക്കാത്ത വായ്പ അടച്ചതായി കാണിച്ച് തട്ടിപ്പ് നടത്തിയതായും സൂചനയുണ്ട്. അതേസമയം, തട്ടിപ്പ് നടന്നതായി വിവരം പുറത്തുവന്നതോടെ ലോണെടുത്തവർ യഥാസമയം തിരിച്ചടക്കാതിരിക്കുന്നതും സൊസൈറ്റിയിൽ പ്രതിസന്ധി വർധിപ്പിച്ചിരിക്കുകയാണ്. രണ്ടു കോടിയോളം രൂപ വായ്പയായി നൽകിയത് സ്ഥാപനത്തിന് ലഭിക്കാനുണ്ട്. ഇതോടെ സൊസൈറ്റിയുടെ കീഴിൽ പേപ്പർ ബാഗ്, തുണിസഞ്ചി നിർമാണം തുടങ്ങിയ സംരംഭങ്ങളെല്ലാം നിലച്ചിരിക്കുകയാണ്. 30ഓളം വനിത ജീവനക്കാരും ജോലിയില്ലാതെ പ്രതിസന്ധിയിലായി.
അതേസമയം, പാർട്ടി നേതൃത്വം നിക്ഷേപകർക്കൊപ്പമാണെന്നും നിക്ഷേപകരുടെ പണം തിരിച്ചുനൽകാനുള്ള നടപടികളുമായി കോൺഗ്രസ് നേതൃത്വം ശ്രമം തുടരുകയാണെന്നും ഉണ്ണികുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കെ.കെ. നാസർ മാസ്റ്റർ പറഞ്ഞു. ഇത്രയും ഭീമമായ തട്ടിപ്പ് നടന്നിട്ടും സഹകരണ വകുപ്പിന്റെ വാർഷിക ഓഡിറ്റിങ്ങിൽ തട്ടിപ്പ് കണ്ടുപിടിക്കാൻ കഴിയാതെ പോയത് നിക്ഷേപകരെയും ഡയറക്ടർ ബോർഡിനെയും ഞെട്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.