കാന്തപുരത്തുകാരുടെ ഓർമകളിൽ മായാതെ ചെറിയ എ.പി ഉസ്‌താദ്
text_fieldsഎകരൂൽ: ഞായറാഴ്‌ച രാവിലെ അന്തരിച്ച ചെറിയ എ.പി എന്നപേരിൽ അറിയപ്പെടുന്ന കാന്തപുരം എ.പി. മുഹമ്മദ് മുസ്‌ലിയാർ കാന്തപുരത്തുകാരനല്ലെങ്കിലും അദ്ദേഹത്തിന്റെ ചെറുപ്പകാലം മുതൽ കാന്തപുരം പ്രദേശവുമായുള്ള ബന്ധമാണ് അദ്ദേഹത്തിന് ആ പേര് സമ്മാനിച്ചത്.
പ്രാഥമിക പഠനത്തിനുശേഷം അദ്ദേഹം കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ കീഴിലാണ് പൂനൂർ, കാന്തപുരം, കോളിക്കൽ, മങ്ങാട് പ്രദേശങ്ങളിൽ ദർസ് പഠനം ആരംഭിച്ചത്. പിന്നീട് കാന്തപുരം തന്റെ അരുമശിഷ്യനെ പ്രദേശത്തെ മുദരിസായി നിയമിക്കുകയും ചെയ്തു.
കാന്തപുരത്തെ ദർസ് പിന്നീട് അസീസിയ എന്നപേരിൽ കോളജാക്കി ഉയർത്തിയപ്പോൾ വൈസ് പ്രിൻസിപ്പലായി നിയമിതനാവുകയും കാന്തപുരം കാരന്തൂർ മർകസിലേക്ക് മാറിയപ്പോൾ വർഷങ്ങളോളം അസീസിയ കോളജിന്റെ പ്രിൻസിപ്പലായും മുഹമ്മദ് മുസ്‌ലിയാർ സേവനമനുഷ്ഠിച്ചു. പേരിൽ മാത്രമുള്ള സാദൃശ്യമായിരുന്നില്ല ഗുരുവിനോട് അദ്ദേഹത്തിനുണ്ടായിരുന്നത്.
രൂപസാദൃശ്യത്തിലും ശബ്‌ദഗാംഭീര്യത്തിലും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ തനിപ്പകർപ്പായിരുന്നു അദ്ദേഹം. ചെറിയ എ.പി. ഉസ്‌താദ് എന്ന് നാമകരണം ചെയ്യാൻ ഇതും ഒരു കാരണമായിട്ടുണ്ടായിരിക്കണം. ഈ രൂപസാദൃശ്യം കാരണത്താൽ കാന്തപുരം ഉസ്താദിന്റെ സഹോദരനാണെന്ന് തെറ്റിദ്ധരിച്ചവരും ഏറെയാണ്. കാന്തപുരം പ്രദേശവുമായി സുദീർഘ ബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.
ദർസിലും കോളജിലുമായി നൂറുകണക്കിന് ശിഷ്യരാണ് ഈ പ്രദേശത്ത് അദ്ദേഹത്തിനുള്ളത്. എല്ലാവരോടും സൗഹൃദവും സ്‌നേഹവും കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ആത്മാർഥതയും സേവനസന്നദ്ധതയും മതരംഗത്തും പൊതുസമൂഹത്തിനിടയിലും വലിയ അംഗീകാരത്തിനിടയാക്കി.
മരണവിവരമറിഞ്ഞത് പൂനൂർ, കാന്തപുരം പ്രദേശങ്ങളിൽനിന്ന് നൂറുകണക്കിന് പേരാണ് കാരന്തൂർ മർകസിലും സ്വദേശമായ കരുവൻപൊയിലിലും എത്തി തങ്ങളുടെ പ്രിയ ഉസ്‌താദിന് അന്ത്യയാത്ര നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.