എകരൂൽ തെങ്ങിനുകുന്ന് മലമുകളിൽ മണ്ണിടിച്ചിൽ; പാറക്കഷ്ണം ഉരുണ്ടുവീണ് സിറ്റി ഗ്യാസ് സ്റ്റേഷന്റെ മതിൽ തകർന്നു
text_fieldsതെങ്ങിനുകുന്ന് മലയിൽനിന്ന് ഭീമൻ പാറക്കഷണം താഴോട്ടു
പതിച്ചതിനെ തുടർന്ന് എകരൂൽ സിറ്റി ഗ്യാസ് സ്റ്റേഷനിൽ
പൊലീസും അഗ്നിരക്ഷാസേനയും എത്തിയപ്പോൾ
എകരൂൽ: ഉണ്ണികുളം പഞ്ചായത്തിലെ എകരൂല്‍ അങ്ങാടിക്കടുത്ത് കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയോരത്ത് തെങ്ങിനുകുന്ന് മലയിൽ മണ്ണിടിച്ചിൽ. കുന്നിൻമുകളിൽനിന്ന് ഭീമൻ പാറക്കഷണം താഴോട്ട് ഉരുണ്ടുവീണ് ഇന്ത്യൻ ഓയിൽ അദാനി പ്രൈവറ്റ് ലിമിറ്റഡിന്റെ സിറ്റി ഗ്യാസ് സ്റ്റേഷന്റെ ചുറ്റുമതിലിന് വിള്ളലുണ്ടായി. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് വൻ ശബ്ദത്തോടെ പാറക്കഷണം താഴേക്കു വീണത്. വൻ ശബ്ദം കേട്ട് പരിസരത്തെ വീട്ടുകാർ ഭയവിഹ്വലരായി പുറത്തേക്കോടി.
പാറക്കഷണം മതിലിൽ തട്ടി നിന്നതിനാൽ വലിയ അത്യാഹിതമാണ് ഒഴിവായത്. ജനങ്ങൾ ഭയക്കേണ്ടതില്ലെന്നും സുരക്ഷക്രമീകരണങ്ങൾ നടത്തിയതായും സ്റ്റേഷൻ അധികൃതർ അറിയിച്ചു. പ്രകൃതിവാതകം സംഭരിച്ച വാഹനങ്ങൾ പുറത്തേക്കു മാറ്റുകയും ചെയ്തിട്ടുണ്ട്. ബാലുശ്ശേരി പൊലീസും നരിക്കുനിയിൽനിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ശിവപുരം വില്ലേജില്‍പെട്ട തെങ്ങിനുകുന്ന് മലയുടെ ഉയര്‍ന്ന ഭാഗം ഇടിച്ചുനിരത്തിയും കരിങ്കൽ ഖനനം നടത്തിയും ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസിന്റെ സിറ്റി ഗ്യാസ് പദ്ധതി സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
കരിങ്കൽ ഖനനവും നിർമാണവും റോഡ് സുരക്ഷ നിയമങ്ങള്‍ ലംഘിച്ചാണെന്നും ഭാവിയിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്നും പ്രദേശവാസികൾ കാലങ്ങളായി ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.