‘മാധ്യമം’ വാർത്ത തുണച്ചു; ദേവിയെ തേടി ഒടുവിൽ നീതി
text_fieldsഎകരൂൽ: സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി വീടിനുള്ള അപേക്ഷ നിരസിച്ചതോടെ കളിക്കൂട്ടുകാരി ഫാത്തിമയുടെ വീട്ടിൽ അന്തിയുറങ്ങേണ്ടിവന്ന ദേവിയേടത്തിയെ ആരും മറന്നുകാണില്ല. 65ാം വയസ്സിലും സർക്കാർ ഓഫിസുകൾ കയറിയിറങ്ങേണ്ടിവന്ന വിധവയായ ദേവിയേടത്തിക്ക് ഒടുവിൽ നീതി.
അവരുടെ ദുരിതം സംബന്ധിച്ച് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. ഇതിന് പിന്നാലെ ടീം വെൽഫെയറിന്റെ ഇടപെടലുകളെ തുടർന്ന് ദേവിക്ക് ഭവനനിർമാണത്തിന് ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ധനസഹായം നൽകുന്നതിന് സംസ്ഥാനതല കോഓഡിനേഷൻ കമ്മിറ്റി അനുമതി നൽകി.
പഞ്ചായത്തിന്റെ തനത് ഫണ്ടിൽനിന്ന് ലൈഫ് ഭവനപദ്ധതി നിരക്കിൽ ധനസഹായം അനുവദിക്കണമെന്നാണ് തദ്ദേശസ്വയംഭരണ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന്റെ തീരുമാനം.
സ്വന്തമായി വീടില്ലാതെ നാലു വർഷമായി കളിക്കൂട്ടുകാരി ഫാത്തിമയുടെ വീട്ടിൽ അന്തിയുറങ്ങുന്ന ദേവിയുടെ ജീവിതത്തെക്കുറിച്ച് ‘ഈ കളിക്കൂട്ടുകാർ ഇപ്പോഴും ഒന്നിച്ചാണ്; ദേവിക്ക് അന്തിയുറങ്ങാൻ വീടില്ല, അഭയം നൽകി ഫാത്തിമ’ എന്ന തലക്കെട്ടിലാണ് ‘മാധ്യമം’ വാർത്ത നൽകിയത്. വീടെന്ന സ്വപ്നം സാധ്യമാകാതെ വർഷങ്ങളായി സർക്കാർ ഓഫിസുകൾ കയറിയിറങ്ങുന്ന വിധവയായ ദേവിയുടെ അപേക്ഷ തുടർച്ചയായി സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി നിരസിച്ചതോടെ വെൽഫെയർ പാർട്ടി കപ്പുറം യൂനിറ്റ് സഹായവുമായി മുന്നിട്ടിറങ്ങുകയായിരുന്നു.
2021-22ൽ പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീൺ പദ്ധതിയിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ ഗുണഭോക്താവായി ദേവിക്ക് വീട് നിർമാണത്തിന് എഗ്രിമെന്റ് വെച്ചിരുന്നു. ഒരു വർഷം കഴിഞ്ഞാണ് ധനസഹായം നൽകുന്നതിന് സാങ്കേതിക തടസ്സങ്ങളുണ്ടെന്ന മറുപടി ലഭിച്ചത്. 23 വർഷം മുമ്പ് 27,000 രൂപ കേന്ദ്ര സർക്കാർ പദ്ധതിയിൽ വീട് നവീകരണത്തിന് സഹായം സ്വീകരിച്ചുവെന്നതായിരുന്നു വീടുനിർമാണത്തിനുള്ള അപേക്ഷ നിരസിക്കാൻ കാരണമായി പറഞ്ഞത്.
പിന്നീട് ദേവി ഉണ്ണികുളം പഞ്ചായത്ത്, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫിസുകളിലും ജില്ല കലക്ടർക്കും പരാതി നൽകിയിരുന്നു. ഫലം കാണാതെ വന്നതോടെ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ നേരിൽ കണ്ട് സങ്കടം അറിയിച്ചു.
മന്ത്രിയുടെ നിർദേശത്തെ തുടർന്ന് നടന്ന ഇന്റേണൽ വിജിലൻസ് അന്വേഷണത്തിൽ ദേവിയുടെ അപേക്ഷ പരിഗണിക്കുന്നതിൽ ഉദ്യോഗതലത്തിൽ സ്വീകരിച്ച നടപടികളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ദേവി നിലവിൽ ഭവനരഹിതയായ, അർഹയായ ഗുണഭോക്താവാണെന്നും റിപ്പോർട്ട് ചെയ്തു. ഇതോടെയാണ് ജില്ല പ്ലാനിങ് ഓഫിസും ബ്ലോക്ക് പഞ്ചായത്തും ഗ്രാമ പഞ്ചായത്തും മുഖേന വിഷയം സംസ്ഥാനതല കോഓഡിനേഷൻ സമിതിയുടെ ശ്രദ്ധയിലെത്തിച്ചത്.
സംസ്ഥാനതല കോഓഡിനേഷൻ കമ്മിറ്റിയുടെ അറിയിപ്പ് വന്നതോടെ പ്രത്യേക പദ്ധതിയായി പരിഗണിച്ച് ദേവിക്ക് വീടിന് ധനസഹായം അനുവദിക്കാനാകുമെന്ന് കോഓഡിനേഷൻ കമ്മിറ്റിയുടെ തീരുമാനത്തിന്റെ പകർപ്പുമായി ടീം വെൽഫെയർ പ്രവർത്തകർക്കൊപ്പം പഞ്ചായത്തിലെത്തിയ ദേവിക്ക് അധികൃതർ ഉറപ്പുനൽകി.
ദേവിക്ക് സ്വന്തമായി ഒരു വീട് യാഥാർഥ്യമാവുന്നത് കാണാൻ പ്രാർഥനയോടെ കാത്തിരിക്കുകയാണ് ദേവിയുടെ കൂട്ടുകാരി കൂർമൻചാലിൽ ഫാത്തിമയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.