ഇനിയില്ല ആ നന്മമരം; വാഴയിൽ ഇബ്രാഹിം ഹാജിക്ക് ആയിരങ്ങളുടെ യാത്രാമൊഴി
text_fieldsഎകരൂൽ: പൗരപ്രമുഖനും പ്രമുഖ വ്യാപാരിയും മുസ്ലിം ലീഗ് നേതാവും ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യവുമായിരുന്ന എകരൂൽ വാഴയിൽ ഇബ്രാഹിം ഹാജിയുടെ (73) വിയോഗം നാടിന്റെ നൊമ്പരമായി. പൊതുരംഗത്ത് സർവ മേഖലകളിലും സജീവമായിരുന്ന ഇബ്രാഹിം ഹാജി ഞായറാഴ്ച രാത്രിയാണ് നിര്യാതനായത്.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി, പ്രവാസി ലീഗ് ജില്ല വൈസ് പ്രസിഡൻറ്, ബാലുശ്ശേരി നിയോജകമണ്ഡലം പ്രസിഡന്റ്, റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്, ഉപദേശക സമിതി ചെയർമാൻ, ഉണ്ണികുളം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്, എകരൂൽ മഹല്ല് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
നാടിന്റെയും സമൂഹത്തിന്റെയും നന്മക്കും അഭിവൃദ്ധിക്കും വേണ്ടി പരിശ്രമിക്കുകയും ജനമനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്ത വ്യക്തിത്വമായിരുന്നു അദ്ദേഹം. സ്കൂൾ പഠനത്തിന് ശേഷം ശാന്തപുരം ഇസ്ലാമിയ കോളജിൽനിന്ന് ഉന്നതപഠനം നേടിയതിനു ശേഷം വിവിധ സ്കൂളുകളിൽ അധ്യാപകനായി ജോലി ചെയ്തു.
പിന്നീട് സൗദിയിലെത്തി 20 വർഷത്തോളം റിയാദിൽ വ്യാപാരസ്ഥാപനങ്ങൾ നടത്തിയിരുന്നു. പ്രതിസന്ധിഘട്ടങ്ങളിൽ പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളുമായി നൂറുകണക്കിനാളുകളാണ് അദ്ദേഹത്തിന്റെ വീട്ടുപടിക്കൽ എത്തിയിരുന്നത്. കേസുകളും തർക്കങ്ങളും ഇരുകക്ഷികൾക്കും സ്വീകാര്യമായ നിലയിൽ പറഞ്ഞുതീർക്കാൻ കഴിവുള്ള തന്ത്രശാലിയായിരുന്നു അദ്ദേഹം. അറബി ഭാഷ പണ്ഡിതനും പരിഭാഷകനുമായിരുന്നു.
മതവിഷയങ്ങളിലുള്ള പാണ്ഡിത്യവും അറബി ഭാഷയിലുള്ള മികവും സൗദിയിലെ ഉന്നത വ്യക്തിത്വങ്ങളുമായി ബന്ധം സ്ഥാപിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 1980കളിൽ അറബികളുമായുള്ള ബന്ധവും പാണ്ഡിത്യവും കാരണം റിയാദിലെ ദീര വലിയ പള്ളിയിൽ മുഅദ്ദിനായി ജോലി ചെയ്യാൻ അവസരം ലഭിച്ചിരുന്നു.
അക്കാലത്ത് ദീര പള്ളിക്കടുത്തുള്ള കോടതിയിൽ എത്തുന്ന മലയാളികൾക്ക് പരിഭാഷകനായും സഹായിയായും ഇബ്രാഹിം ഹാജി എത്തുമായിരുന്നു. ദീര പള്ളിയിലെ ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ആലു ശൈഖുമായി സൗഹൃദത്തിലായിരുന്ന ഇബ്രാഹിം ഹാജി ശൈഖിന്റെ മക്കൾക്ക് ട്യൂഷൻ എടുക്കാറുണ്ടായിരുന്നുവെന്ന് പ്രമുഖ പണ്ഡിതനും കെ.എൻ.എം വൈസ് പ്രസിഡൻറുമായ ഹുസൈൻ മടവൂർ അനുസ്മരിച്ചു.
അക്കാലത്ത് ശൈഖുമായി തന്നെ പരിചയപ്പെടുത്തുകയും റിയാദിലെ ദീര പള്ളിയിൽ വെള്ളിയാഴ്ച പ്രസംഗം (ഖുതുബ) നടത്താൻ തനിക്ക് അവസരമൊരുക്കുകയും ചെയ്തിരുന്നതായി ഹുസൈൻ മടവൂർ പറഞ്ഞു. ജീവിതത്തിൽ ആദ്യമായി അറബിയിൽ നടത്തിയ ഖുതുബ ദീര പള്ളിയിലേതായിരുന്നുവെന്നും അതിന് പ്രചോദനമായത് ഇബ്രാഹിം ഹാജിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിദേശത്തും സ്വദേശത്തും വിവിധ വ്യാപാര സംരംഭങ്ങളിൽ പങ്കാളിയായിരുന്ന ഇബ്രാഹിം ഹാജിയുടെ വേർപാട് വ്യാപാര മേഖലക്കും വ്യാപാരി വ്യവസായി ഏകോപന സമിതിക്കും നികത്താനാവാത്ത നഷ്ടമാണെന്ന് ജില്ല പ്രസിഡൻറ് അഷ്റഫ് മൂത്തേടത്ത് പറഞ്ഞു. മരണവിവരമറിഞ്ഞ് വൻ ജനപ്രവാഹമാണ് അദ്ദേഹത്തിന്റെ വസതിയിലേക്ക് ഒഴുകിയെത്തിയത്.
പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ, നജീബ് കാന്തപുരം എം.എൽ.എ, പി.ടി.എ റഹീം എം.എൽ.എ, കെ.എം. സചിൻ ദേവ് എം.എൽ.എ, ഹുസൈൻ മടവൂർ, വി.എം. ഉമർ മാസ്റ്റർ, അഹമദ് കുട്ടി ഉണ്ണികുളം, കുട്ടി ഹസൻ ദാരിമി, നിജേഷ് അരവിന്ദ്, നാസർ എസ്റ്റേറ്റ് മുക്ക്, നവാസ് പൂനൂർ, ഫൈസൽ എളേറ്റിൽ തുടങ്ങിയവർ വസതിയിലെത്തി അനുശോചനമറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.