നങ്ങോലത്ത് നാരായണൻ നായർ: ഗാന്ധിയൻ ആദർശങ്ങൾ ജീവിതത്തിൽ പകർത്തിയ മനുഷ്യസ്നേഹി
text_fieldsഎകരൂൽ: ഗാന്ധിയനും പൊതുപ്രവർത്തനരംഗത്തെ സൗമ്യസാന്നിധ്യവും മുതിർന്ന എൻ.സി.പി നേതാവുമായിരുന്ന കരുമല നങ്ങോലത്ത് നാരായണൻ നായർക്ക് (97) നാട് വിട നൽകി. വാർധക്യസഹജമായ അസുഖങ്ങളാൽ തിങ്കളാഴ്ച രാത്രിയാണ് അദ്ദേഹം നിര്യാതനായത്. അനന്തൻകണ്ടി കേളപ്പൻ നായരുടെയും നങ്ങോലത്ത് നാരായണി അമ്മയുടെയും മകനായി 1927 മേയ് 15നാണ് ജനനം. ഹൈസ്കൂൾ പഠനകാലത്തുതന്നെ നാരായണൻ നായർ ഗാന്ധിയൻ ആദർശങ്ങളിൽ ആകൃഷ്ടനായി.
സർവോദയ രംഗത്തും ഖാദി പ്രചരണ രംഗത്തും സജീവമായിരുന്നു. 1959ൽ സബർമതി ആശ്രമം സന്ദർശിച്ചു. ആഡംബരത്തേക്കാൾ ആദർശങ്ങൾക്ക് വില കൽപിച്ച അദ്ദേഹം തികഞ്ഞ ഗാന്ധിയനായിട്ടാണ് ജീവിച്ചത്. ഖാദി വസ്ത്രങ്ങളായിരുന്നു ജീവിതാവസാനം വരെ ഉപയോഗിച്ചിരുന്നത്.
കേരള ഗാന്ധി കേളപ്പജിയോടൊപ്പം സർവോദയ പ്രസ്ഥാനത്തിലും ആചാര്യ വിനോബ ഭാവെയോടൊപ്പം ഭൂദാന പ്രസ്ഥാനത്തിലും സജീവമായി പങ്കെടുത്തിരുന്നു. വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും മൂല്യങ്ങൾ കാത്തുസൂക്ഷിച്ച അദ്ദേഹത്തിന്റെ ജീവിതം പുതുതലമുറക്ക് എന്നും മാതൃകയാണ്.
ജാതി, മത ചിന്തകൾക്കതീതമായ സഹവർത്തിത്വം, സൗമ്യമായ പെരുമാറ്റം, ലാളിത്യത്തോടെയുള്ള ജീവിതം എന്നിവ അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. എൻ.സി.പി ജില്ല കമ്മിറ്റി അംഗം, ഉണ്ണികുളം മണ്ഡലം എൻ.സി.പി പ്രസിഡന്റ്, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് അംഗം, കരുമല ക്ഷീരോൽപാദക സംഘം പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. മരിക്കുന്നതിന്റെ മണിക്കൂറുകൾക്കു മുമ്പ് തിങ്കളാഴ്ച ഉച്ചയോടെ മന്ത്രി എ.കെ. ശശീന്ദ്രൻ വസതിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.
എൻ.സി.പി ജില്ല പ്രസിഡന്റ് മുക്കം മുഹമ്മദ്, സംസ്ഥാന സെക്രട്ടറി പി. സുധാകരൻ, ആർ.എസ്.എസ് പ്രാന്ത കാര്യവാഹക് പി. ഗോപാലൻകുട്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ, സി.പി.എം ബാലുശ്ശേരി ഏരിയ സെക്രട്ടറി ഇസ്മായിൽ കുറുമ്പൊയിൽ, ജില്ല പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ് മുക്ക്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.ടി. ബിനോയ്, എൻ.സി.പി മണ്ഡലം പ്രസിഡന്റ് കെ. രാധാകൃഷ്ണൻ നായർ, ടി. മുഹമ്മദ് വള്ളിയോത്ത് തുടങ്ങിയ സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ വസതിയിലെത്തി അനുശോചനം അറിയിച്ചു. എകരൂൽ അങ്ങാടിയിൽ സർവകക്ഷി അനുശോചന യോഗവും നടന്നു.
അനുശോചിച്ചു
ബാലുശ്ശേരി: ഗാന്ധിയനും സർവോദയ പ്രവർത്തകനുമായിരുന്ന കരുമല നങ്ങോലത്ത് നാരായണൻ നായരുടെ നിര്യാണത്തിൽ ബാപ്പുജി ട്രസ്റ്റ് അനുശോചിച്ചു. ടി.പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. രാജൻ ബാലുശ്ശേരി, എൻ. പ്രഭാകരൻ, കെ. മനോജ് പുനത്തിൽ, പി.കെ. മോഹനൻ മാസ്റ്റർ, അഡ്വ. വി.പി. വിനോദ്, മനോഹരൻ, ഓണിൽ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.