എകരൂലില്‍ പൈപ്പുകള്‍ മാറ്റിസ്ഥാപിച്ചില്ല; സംസ്ഥാന പാത നവീകരണ പ്രവൃത്തി സ്തംഭിച്ചു
text_fieldsഎകരൂല്‍: കൊയിലാണ്ടി-താമരശ്ശേരി-എടവണ്ണ സംസ്ഥാനപാതയിൽ എകരൂലിനും എസ്റ്റേറ്റ് മുക്കിനുമിടയിൽ നവീകരണപ്രവൃത്തി നിലച്ചത് കാരണം ജനം ദുരിതത്തില്‍. ഉണ്ണികുളം പഞ്ചായത്തിന്റെ ആസ്ഥാനമായ എകരൂല്‍ അങ്ങാടിയില്‍ രണ്ടാഴ്ചയിലധികമായി റോഡ് വെട്ടിപ്പൊളിച്ച നിലയില്‍ തുടരുകയാണ്. റോഡിലെ ടാറിങ് അടക്കം ആഴത്തില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വെട്ടിപ്പൊളിച്ചപ്പോള്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകള്‍ പുറത്താവുകയും പല ഭാഗങ്ങളിലും പൊട്ടി വെള്ളം റോഡിലൂടെ പരന്നൊഴുകുകയും ചെയ്തിരുന്നു.
പൊട്ടിയ പൈപ്പുകള്‍ നന്നാക്കുകയും ഉയര്‍ന്നുകിടക്കുന്ന ഭാഗങ്ങളില്‍ വീണ്ടും ചാലുകള്‍ കീറി പൈപ്പുകള്‍ താഴ്ത്തുകയും ചെയ്തതിനുശേഷം മാത്രമേ റോഡ് പ്രവൃത്തി പുനരാരംഭിക്കാന്‍ കഴിയുകയുള്ളൂ. നിലവില്‍ പൊട്ടിയ പൈപ്പുകളില്‍നിന്ന്‍ ഒഴുകുന്ന വെള്ളവും റോഡ് കീറിയ ഭാഗങ്ങളിലെ മണ്ണും ചളിയും നിറഞ്ഞതു കാരണം അങ്ങാടിയില്‍ കാല്‍നട പോലും ദുഷ്കരമായി. ഇയ്യാട് റോഡ് ജങ്ഷനില്‍ ആഴത്തില്‍ കുഴിച്ച കുഴി നികത്താത്തത് കാരണം ഗതാഗതക്കുരുക്ക് പതിവായി. കലുങ്ക് പണി നടക്കുന്ന ഭാഗങ്ങളില്‍ റോഡിന്റെ ഒരു വശത്തുകൂടിയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.
ഇതിനാല്‍ എകരൂല്‍ മുതല്‍ പൂനൂര്‍ വരെ റോഡ് ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ്. ഇതുകാരണം അടിയന്തരമായി ആശുപത്രികളിലേക്ക് പോകേണ്ട ആംബുലന്‍സുകളും പരീക്ഷക്ക് കൃത്യസമയത്ത് ഹാജരാവേണ്ട വിദ്യാര്‍ഥികളും ഏറെ പ്രയാസം അനുഭവിക്കുന്നു.
ചളി നിറഞ്ഞ കുഴികളില്‍ വാഹനങ്ങള്‍ കയറിയിറങ്ങുമ്പോള്‍ കാല്‍നടക്കാരുടെ ദേഹത്തും വ്യാപാരസ്ഥാപനങ്ങളിലേക്കും ചളി തെറിച്ച് ബുദ്ധിമുട്ടുകയാണ്. റോഡ് വീതി കൂട്ടിയത് കാരണം റോഡിന് മധ്യഭാഗത്തുള്ള കുടിവെള്ള പൈപ്പുകള്‍ വശങ്ങളിലേക്ക് മാറ്റി സ്ഥാപിച്ചുകഴിഞ്ഞാലേ റോഡ് പണി പുനരാരംഭിക്കുകയുള്ളൂ. പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാനുള്ള ഉത്തരവാദിത്തം ആര്‍ക്കാണെന്ന കാര്യത്തില്‍ വാട്ടര്‍ അതോറിറ്റിയും ഗതാഗതവകുപ്പും തമ്മിലെ തര്‍ക്കം കാരണമാണ് നവീകരണ പ്രവൃത്തി നിലക്കാന്‍ കാരണമായി പറയുന്നത്.
എന്നാല്‍, കരാറുപ്രകാരം പൈപ്പ് മാറ്റിസ്ഥാപിക്കേണ്ട ചുമതല ഗതാഗത വകുപ്പിനാണെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ നിലപാട്. വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം തീര്‍ത്ത് റോഡ് പണി ഉടന്‍ പുനരാരംഭിച്ച് ജനങ്ങളുടെയും അങ്ങാടിയിലെ വ്യാപാരികളുടെയും ദുരിതത്തിന് അറുതി വരുത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി എകരൂല്‍ യൂനിറ്റ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.