റാഗിങ്: പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദിച്ചതായി പരാതി
text_fieldsഎകരൂൽ: കരിയാത്തൻകാവ് ശിവപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ്ങിന്റെ പേരിൽ പ്ലസ് വൺ വിദ്യാർഥിയെ പ്ലസ്ടു വിദ്യാർഥികൾ കൂട്ടംചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി. കരിയാത്തൻകാവ് സ്വദേശി എം.കെ. ഷാമിലിനാണ് തലക്കും മുഖത്തും അടിയേറ്റത്.
കഴിഞ്ഞദിവസം റാഗിങ്ങിന്റെ ഭാഗമായി പാട്ടുപാടാൻ പറഞ്ഞത് ഷാമിൽ അനുസരിക്കാത്തതിന്റെ വൈരാഗ്യത്തിലാണ് ക്രൂരമായി മർദിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. സ്കൂൾ വിട്ട് പുറത്തേക്കുവരുമ്പോൾ ഗേറ്റിന്റെ അടുത്ത് പ്ലസ് ടു വിദ്യാർഥികൾ കൂട്ടംചേർന്ന് മർദിക്കുകയായിരുന്നു.
തലക്കും മുഖത്തും ഗുരുതര പരിക്കേറ്റ ഷാമിലിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വായ തുറക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത അവസ്ഥയിലാണ് കുട്ടിയെന്ന് പിതാവ് പറഞ്ഞു. നവാഗതരായ വിദ്യാർഥികൾ എത്തിയതോടെ ഈ സ്കൂളിൽ പ്ലസ് ടു വിദ്യാർഥികൾ നിരന്തരം റാഗിങ്ങും അടിപിടിയും നടത്തിയിരുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ നിരവധി വിദ്യാർഥികൾക്ക് മർദനത്തിൽ പരിക്കേറ്റിരുന്നു. രക്ഷിതാക്കളും നാട്ടുകാരും ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. നിരന്തരം ആക്രമണമുണ്ടാകുന്ന പശ്ചാത്തലത്തിൽ സീനിയർ വിദ്യാർഥികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.