കൊണ്ടോട്ടി സ്വദേശിനിയുടെ അസ്വാഭാവിക മരണം: ഭര്‍ത്താവിെൻറ രണ്ടു സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍
text_fields
എകരൂല്‍: സുഹൃത്തിെൻറ വാടകവീട്ടില്‍ ഭര്‍ത്താവിനോടൊപ്പം എത്തിയ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് താജുദ്ദീനെ കണ്ടെത്താന്‍ ബാലുശ്ശേരി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മലപ്പുറം കോട്ടക്കല്‍ എടരിക്കോട് അമ്പലവട്ടം സ്വദേശി കുഴപ്പകോവിലകത്ത് താജുദ്ദീെൻറ ഭാര്യ കൊണ്ടോട്ടി സ്വദേശിനി ഉമ്മുകുല്സുവിനെയാണ് (31) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചനിലയില്‍ എത്തിച്ചത്. താജുദ്ദീെൻറ സുഹൃത്തും നാട്ടുകാരനുമായ സിറാജുദ്ദീനാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്.
കോഴിക്കോട് ഉണ്ണികുളം പഞ്ചായത്തിലെ വീര്യമ്പ്രം കിഴക്കേ വാഴയില്‍ വീട്ടില്‍ ഒന്നര വര്‍ഷമായി വാടകക്ക് താമസിക്കുകയാണ് സിറാജുദ്ദീനും കുടുംബവും. സുഹൃത്തായ താജുദ്ദീന് കുടുംബസമേതം ഇടക്കിടെ സിറാജുദ്ദീെൻറ വീട്ടില്‍ വന്നു താമസിക്കാറുണ്ടെന്ന് സിറാജുദ്ദീെൻറ മാതാവ് പറഞ്ഞു. ഒരാഴ്ച മുമ്പ് ഇവിടെയെത്തിയ താജുദ്ദീനും കുടുംബവും വെള്ളിയാഴ്ച രാവിലെ നാട്ടിലേക്ക് തിരിച്ചുപോയിരുന്നു. നാട്ടില്‍നിന്നെത്തിയ രണ്ടു സുഹൃത്തുക്കളോടൊപ്പം കാറിലാണ് പോയത്. വൈകീട്ട് നാലുമണിയോടെ വീണ്ടും കുടുംബത്തോടൊപ്പം കാറില്‍ തിരിച്ചെത്തിയ താജുദ്ദീന് അബോധാവസ്ഥയിലായ ഉമ്മുകുല്‍സുവിനെ ഉടനെ ആശുപത്രിയില്‍ എത്തിക്കണമെന്ന് പറഞ്ഞ് കടന്നുകളയുകയായിരുന്നു.
താജുദ്ദീനോടൊപ്പം യുവതിയും രണ്ടു മക്കളും കൂടാതെ മറ്റു രണ്ടുപേര്‍ കൂടി കാറിലുണ്ടായിരുന്നു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരുകയാണ്. താജുദ്ദീനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സിറാജുദ്ദീെൻറ മാതാവും സഹോദരിയുമാണ് ഓട്ടോറിക്ഷയില്‍ യുവതിയെ നന്മണ്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയിലും എത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിനുമുമ്പ് യുവതി മരിച്ചിരുന്നു. യുവതിയുടെ ശരീരത്തില്‍ പൊള്ളലേറ്റതും മര്‍ദനമേറ്റതുമായ പാടുകള്‍ ഉണ്ടായിരുന്നതായി സിറാജുദ്ദീെൻറ മാതാവ് പറഞ്ഞു. നിരന്തരമായ ശാരീരിക മര്‍ദനത്തെ തുടര്‍ന്നുള്ള ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
പ്രദേശത്ത് കഞ്ചാവ്, മയക്കുമരുന്ന് ലോബിയുടെ ശല്യമുണ്ടെന്നും താജുദ്ദീെൻറ ഇടക്കിടെയുള്ള സന്ദര്‍ശനം ദുരൂഹമാണെന്നും പരിസരവാസികള്‍ പറഞ്ഞു. താജുദ്ദീന് നിരവധി കേസുകളില്‍ പ്രതിയാണെന്നും കോട്ടക്കല്‍ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പെട്ട ആളാണെന്നും പൊലീസ് പറഞ്ഞു.
ബാലുശ്ശേരി സി.ഐ എം.കെ. സുരേഷ് കുമാറിെൻറ നേതൃത്വത്തില്‍ പൊലീസും ഫോറൻസിക് സയൻറിഫിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.